ഗുവാഹത്തി: ഐപിഎല്ലിൽ ഡൽഹി ക്യാപിറ്റൽസിനെതിരെ റൺമല പടുത്തുയർത്തി രാജസ്ഥാൻ റോയൽസ്. ജോസ് ബട്ലറുടെയും യശസ്വി ജയ്സ്വാളിന്റെയും തകർപ്പൻ പ്രകടനത്തിന്റെ മികവിൽ ഡൽഹി ക്യാപിറ്റൽസിനെതിരേ 200 റൺസിന്റെ കൂറ്റൻ വിജയലക്ഷ്യമാണ് രാജസ്ഥാൻ റോയൽസ്.പടുത്തുയർത്തിയത്.

ആദ്യം ബാറ്റ് ചെയ്ത രാജസ്ഥാൻ നിശ്ചിത ഓവറിൽ നാല് വിക്കറ്റ് നഷ്ടത്തിൽ 199 റൺസാണ് എടുത്തത്. റോയൽസിന് വേണ്ടി ജോസ് ബട്‌ലറും (71) യശ്വസി ജയ്‌സ്‌വാളും (60) അർധ സെഞ്ചുറി നേടി. അവസാന ഓവറുകളിൽ തകർത്തടിച്ച ഷിമ്രോൺ ഹെറ്റ്‌മെയറിന്റെ (39*) പ്രകടനവും നിർണായകമായി. ഡൽഹി ക്യാപിറ്റൽസിന് വേണ്ടി മുകേഷ് കുമാർ രണ്ട് വിക്കറ്റുകൾ വീഴ്‌ത്തി.

ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ രാജസ്ഥാന് വേണ്ടി വെടിക്കെട്ട് തുടക്കമാണ് ഓപ്പണർമാരായ ജോസ് ബട്ലറും യശസ്വി ജയ്സ്വാളും ചേർന്ന് നൽകിയത്. ഡൽഹി പേസർമാരെ ആക്രമിച്ച് കളിച്ച ഇരുവരും ആദ്യ നാലോവറിൽ തന്നെ ടീം സ്‌കോർ 50 കടത്തി. ബാറ്റിങ് പവർപ്ലേയിൽ 68 റൺസാണ് ബട്ലറും ജയ്സ്വാളും ചേർന്ന് അടിച്ചെടുത്തത്.

പിന്നാലെ ജയ്സ്വാൾ അർധസെഞ്ചുറി നേടി. ഈ സീസണിലെ താരത്തിന്റെ രണ്ടാം അർധസെഞ്ചുറിയാണിത്. വെറും 25 പന്തുകൾ മാത്രമാണ് 50 റൺസ് തികയ്ക്കാൻ ജയ്സ്വാളിന് വേണ്ടിവന്നത്. എന്നാൽ ഒൻപതാം ഓവറിലെ മൂന്നാം പന്തിൽ മുകേഷ് കുമാർ ജയ്സ്വാളിനെ സ്വന്തം പന്തിൽ ക്യാച്ചെടുത്ത് പുറത്താക്കി. 31 പന്തിൽ 11 ഫോറിന്റെയും ഒരു സിക്സിന്റെയും അകമ്പടിയോടെ 60 റൺസെടുത്താണ് ജയ്സ്വാൾ മടങ്ങിയത്. ബട്ലർക്കൊപ്പം ഓപ്പണിങ് വിക്കറ്റിൽ 98 റൺസ് കൂട്ടിച്ചേർക്കാനും താരത്തിന് സാധിച്ചു.

വൺ ഡൗണായി ക്രീസിലെത്തിയ രാജസ്ഥാൻ നായകൻ സഞ്ജു സാംസൺ നിരാശപ്പെടുത്തി. അക്കൗണ്ട് തുറക്കുംമുൻപ് സഞ്ജുവിനെ കുൽദീപ് യാദവ് ആന്റിച്ച് നോർക്യെയുടെ കൈയിലെത്തിച്ചു. ഇതോടെ രാജസ്ഥാൻ പതറി. പിന്നാലെ ബട്ലർക്ക് കൂട്ടായി റിയാൻ പരാഗ് ക്രീസിലെത്തി. പരാഗിനെ സാക്ഷിയാക്കി ബട്ലർ അർധസെഞ്ചുറി നേടി. 32 പന്തുകളിൽ നിന്നാണ് ഇംഗ്ലീഷ് താരം സീസണിലെ തന്റെ രണ്ടാം അർധശതകം നേടിയത്.

എന്നാൽ മറുവശത്ത് പരാഗ് പരാജയമായി. 11 പന്തിൽ നിന്ന് വെറും ഏഴ് റൺസ് മാത്രമെടുത്ത പരാഗിനെ റോവ്മാൻ പവൽ ക്ലീൻ ബൗൾഡാക്കി. തുടർച്ചയായി വിക്കറ്റുകൾ വീണതോടെ രാജസ്ഥാന്റെ സ്‌കോറിങ് വേഗം കുറഞ്ഞു. എന്നാൽ പതിയെ ബട്ലറും ഹെറ്റ്മയറും ട്രാക്കിൽ കയറി. 16.3 ഓവറിൽ ടീം സ്‌കോർ 150 കടന്നു. പിന്നാലെ ഇരുവരും തകർത്തടിക്കാൻ തുടങ്ങിയതോടെ രാജസ്ഥാൻ കൂറ്റൻ സ്‌കോറിലേക്ക് കുതിച്ചു. എന്നാൽ 19-ാം ഓവറിൽ ജോസ് ബട്ലർ പുറത്തായി. മുകേഷ് കുമാർ താരത്തെ സ്വന്തം പന്തിൽ ക്യാച്ചെടുത്ത് പുറത്താക്കുകയായിരുന്നു.

രാജസ്ഥാന് തകർപ്പൻ സ്‌കോർ സമ്മാനിച്ചാണ് ബട്ലർ ക്രീസ് വിട്ടത്. 51 പന്തിൽ 11 ഫോറിന്റെയും ഒരു സിക്സിന്റെയും സഹായത്തോടെ ബട്ലർ 79 റൺസെടുത്ത് ടീമിന്റെ ടോപ് സ്‌കോററായി. പിന്നാലെവന്ന കഴിഞ്ഞ മത്സരത്തിലെ ഹീറോ ധ്രുവ് ജുറെൽ നേരിട്ട ആദ്യ പന്തിൽ തന്നെ സിക്സടിച്ച് വരവറിയിച്ചു. മറുവശത്ത് ഹെറ്റ്മെയർ ഉഗ്രൻ ഷോട്ടുകളുമായി സ്‌കോർ ഉയർത്തി. നോർക്യെ ചെയ്ത അവസാന ഓവറിൽ ഇരുവരും 16 റൺസ് അടിച്ചെടുത്തു. അവസാന അഞ്ചോവറിൽ രാജസ്ഥാൻ 70 റൺസാണ് അടിച്ചെടുത്തത്. ഹെറ്റ്മെയർ 21 പന്തുകളിൽ നിന്ന് 39 റൺസെടുത്തും ജുറെൽ എട്ട് റൺസ് നേടിയും പുറത്താവാതെ നിന്നു.