- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'ഇന്നലെ വന്ന് കുറച്ച് മത്സരങ്ങൾ കളിച്ച് പോയ ആളല്ല ഷമി'; 400ലധികം വിക്കറ്റുകൾ നേടിയിട്ടുണ്ട്; ഈ സീസണിൽ 200ലധികം ഓവറുകൾ എറിഞ്ഞു, ഇനിയെന്ത് ഫിറ്റ്നസ്; തുറന്നടിച്ച് ഇർഫാൻ പത്താൻ
ന്യൂഡൽഹി: ന്യൂസിലൻഡിനെതിരായ ഏകദിന പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിൽ നിന്ന് സീനിയർ പേസർ മുഹമ്മദ് ഷമിയെ ഒഴിവാക്കിയ സെലക്ഷൻ കമ്മിറ്റിയുടെ തീരുമാനത്തെ ചോദ്യം ചെയ്ത് മുൻ ഇന്ത്യൻ ഓൾറൗണ്ടർ ഇർഫാൻ പത്താൻ രംഗത്ത്. ദേശീയ ടീമിലേക്ക് ഷമിക്ക് ഇപ്പോഴും മടങ്ങിവരാൻ സാധ്യതയുണ്ടെന്നും പത്താൻ അഭിപ്രായപ്പെട്ടു. ജനുവരി 11-ന് ആരംഭിക്കുന്ന മൂന്ന് മത്സരങ്ങളടങ്ങിയ ഏകദിന പരമ്പരയ്ക്കുള്ള ടീമിലാണ് ഷമിക്ക് ഇടം ലഭിക്കാതെ പോയത്.
ഷമിയുടെ ഭാവി എന്താണെന്നതാണ് ഇപ്പോൾ വലിയ ചർച്ചാവിഷയമെന്ന് സ്വന്തം യൂട്യൂബ് ചാനലിൽ പത്താൻ പറഞ്ഞു. "ഇന്നലെ വന്ന് കുറച്ച് മത്സരങ്ങൾ മാത്രം കളിച്ച് പോയ ഒരാളല്ല ഷമി. 450-500 അന്താരാഷ്ട്ര വിക്കറ്റുകൾ അദ്ദേഹം നേടിയിട്ടുണ്ട്, അത് വളരെ വലിയ സംഖ്യയാണ്. 400-ൽ അധികം വിക്കറ്റുകൾ നേടിയ ശേഷം ടീമിൽ നിന്ന് പുറത്താക്കപ്പെടുകയും ഫിറ്റ്നസ് സംബന്ധിച്ച് ചോദ്യങ്ങളുയരുകയും ചെയ്യുന്നത് എല്ലാവർക്കും സംഭവിക്കുന്നതാണ്. ക്രിക്കറ്റ് കളിക്കുന്നിടത്തോളം കാലം നമ്മൾ സ്വയം തെളിയിച്ചുകൊണ്ടിരിക്കണം," പത്താൻ ചൂണ്ടിക്കാട്ടി.
ഈ സീസണിൽ ഷമി 200-ൽ അധികം ഓവറുകൾ ഇതിനോടകം എറിഞ്ഞു കഴിഞ്ഞു. എന്നിട്ടും ഫിറ്റ്നസാണ് പ്രശ്നമെങ്കിൽ, പിന്നെ എന്ത് മെച്ചപ്പെടുത്തലാണ് ആവശ്യമെന്ന് സെലക്ഷൻ കമ്മിറ്റിക്ക് മാത്രമേ അറിയൂ എന്നും പത്താൻ കൂട്ടിച്ചേർത്തു. ദേശീയ ടീമിലേക്ക് മടങ്ങിയെത്താൻ 2026 ലെ ഇന്ത്യൻ പ്രീമിയർ ലീഗിൽ (ഐപിഎൽ 2026) ഷമി മികച്ച പ്രകടനം കാഴ്ചവെക്കണമെന്ന് പത്താൻ നിർദ്ദേശിച്ചു. 2025 ലെ ഐസിസി ചാമ്പ്യൻസ് ട്രോഫിക്ക് ശേഷം ഷമിക്ക് ഇന്ത്യക്കായി കളിക്കാൻ സാധിച്ചിട്ടില്ല.
"ഞാനായിരുന്നെങ്കിൽ, ഐപിഎല്ലിൽ പോയി ആഞ്ഞടിക്കും. പുതിയ പന്തെടുത്ത് അസാധാരണമായ പ്രകടനം കാഴ്ചവെക്കും. ആഭ്യന്തര ക്രിക്കറ്റിലെ പ്രകടനങ്ങൾ ചർച്ചയാകാറുണ്ട്, പക്ഷേ ഐപിഎൽ വരുമ്പോൾ നിങ്ങൾ നിങ്ങളുടെ പഴയ താളവും ഫിറ്റ്നസും കാണിച്ചാൽ ആർക്കും നിങ്ങളെ അവഗണിക്കാൻ കഴിയില്ല. ലോകം മുഴുവൻ ഐപിഎൽ കാണുന്നുണ്ട്. അവിടെ നിങ്ങൾ തിളങ്ങിയാൽ ടീമിൽ നിങ്ങളുടെ സ്ഥാനം തിരിച്ചുപിടിക്കാം. ഷമിക്ക് മുന്നിൽ ദേശീയ ടീമിന്റെ വാതിലുകൾ അടയ്ക്കരുതെന്നാണ് എൻ്റെ നിലപാട്," പത്താൻ വ്യക്തമാക്കി.




