മുംബൈ: സഞ്ജുവിനെ വീണ്ടും ഓപ്പണിംഗ് റോളിൽ പരീക്ഷിക്കുന്നത് ഗുണകരമാകില്ലെന്ന് മുൻ ഇന്ത്യൻ താരം ഇർഫാൻ പത്താൻ. അത് താരത്തിന് വലിയ സമ്മർദ്ദമുണ്ടാക്കുമെന്നും പത്താൻ അഭിപ്രായപ്പെട്ടു. ദക്ഷിണാഫ്രിക്കക്കെതിരായ ആദ്യ രണ്ട് ടി20 മത്സരങ്ങളിലും സഞ്ജുവിന് അവസരം ലഭിക്കാത്ത സാഹചര്യത്തിലാണ് പത്താന്റെ ഈ പ്രതികരണം. ശുഭ്മാൻ ഗില്ലിന്റെ ഫോമില്ലായ്മ ടീം മാനേജ്മെന്റിന് മേലുള്ള സമ്മർദ്ദം വർദ്ധിപ്പിക്കുന്നുണ്ടെന്നും, ഈ സാഹചര്യത്തിൽ സഞ്ജുവിനെ ഓപ്പണറായി കൊണ്ടുവന്നാൽ റൺസ് നേടേണ്ടത് താരത്തിന് നിർണായകമാകുമെന്നും പത്താൻ ചൂണ്ടിക്കാട്ടി.

"ഗില്ലിന്റെ ബാറ്റിൽ നിന്ന് റൺസ് വരാതിരിക്കുന്നത് ടീം മാനേജ്മെന്റിന് മേൽ സമ്മർദ്ദം വർദ്ധിപ്പിക്കുന്നു. ഈ സാഹചര്യം കൂടുതൽ വഷളാകാതിരിക്കാൻ ശ്രദ്ധിക്കണം. റൺസ് ഇനിയും വന്നില്ലെങ്കിൽ സഞ്ജുവിനെ തിരികെ കൊണ്ടുവരേണ്ടി വരും. എന്നാൽ, വലിയ സമ്മർദ്ദത്തിലായിരിക്കും താരം കളിക്കുക. റൺസ് നേടേണ്ടത് താരത്തിന് വളരെ പ്രധാനമാണ്," ഇർഫാൻ പത്താൻ പറഞ്ഞു. ദക്ഷിണാഫ്രിക്കക്കെതിരായ ആദ്യ രണ്ട് ടി20 മത്സരങ്ങളിലും സഞ്ജുവിന് പകരം ജിതേഷ് ശർമയാണ് വിക്കറ്റ് കീപ്പർ റോളിൽ കളിച്ചത്.

സഞ്ജു മുമ്പ് കളിച്ചിരുന്ന ഓപ്പണിംഗ് സ്ഥാനത്ത് ഇറങ്ങിയ ശുഭ്മാൻ ഗില്ലിനും ഇരു മത്സരങ്ങളിലും തിളങ്ങാൻ സാധിച്ചിരുന്നില്ല. ദക്ഷിണാഫ്രിക്കക്കെതിരായ അടുത്ത മത്സരങ്ങളിലും വിക്കറ്റ് കീപ്പറായി ജിതേഷ് ശർമയെ തന്നെ പ്ലേയിംഗ് ഇലവനിൽ നിലനിർത്തണമെന്നും ഇർഫാൻ പത്താൻ നേരത്തെ ആവശ്യപ്പെട്ടിരുന്നു. സഞ്ജു സാംസണെ ടോപ് ഓർഡറിൽ കളിപ്പിക്കാൻ സാധിക്കാത്ത സാഹചര്യത്തിൽ ജിതേഷിന് അവസരം നൽകുന്നതാണ് ഉചിതമായ തീരുമാനമെന്നും അദ്ദേഹം വ്യക്തമാക്കി.

സഞ്ജു തന്റെ കരിയറിൽ ഭൂരിഭാഗം സമയവും ടോപ് ത്രീയിലാണ് ബാറ്റ് ചെയ്തിട്ടുള്ളത്. ഈ സാഹചര്യത്തിൽ ബാറ്റിംഗ് ഓർഡറിൽ താഴേക്ക് ഇറങ്ങുന്നത് അദ്ദേഹത്തിന് ബുദ്ധിമുട്ടുണ്ടാക്കാമെന്നും പത്താൻ നിരീക്ഷിച്ചു. ഏഷ്യാ കപ്പ് ഫൈനലിൽ സഞ്ജു മധ്യനിരയിൽ മികച്ച പ്രകടനം കാഴ്ചവെച്ചിട്ടുണ്ടെങ്കിലും, നിലവിലെ സാഹചര്യത്തിൽ ജിതേഷുമായി മുന്നോട്ട് പോകുന്നതാണ് അഭികാമ്യമെന്നും പത്താൻ കൂട്ടിച്ചേർത്തു. ജിതേഷിനെയും സഞ്ജുവിനെയും മാറിമാറി കളിപ്പിക്കുന്നത് ഇരുവർക്കും ബുദ്ധിമുട്ടുണ്ടാക്കുമെന്നും അദ്ദേഹം വിശദീകരിച്ചു.