- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സെഞ്ചുറി അടിച്ചിട്ടും പത്താന്റെ വക പരിഹാസം; അവസാന ഓവറിൽ സിംഗിൾ എടുത്ത ഫർഹാനെ വിമർശിച്ച് ഇർഫാൻ പത്താൻ; 'അത്ഭുതം തന്നെ' എന്ന് മുൻ ഇന്ത്യൻ താരം

സെന്റ് ലൂസിയ: ടി20 ലോകകപ്പിൽ നമീബിയക്കെതിരെ സെഞ്ചുറി നേടി ചരിത്രം കുറിച്ച പാകിസ്താൻ ഓപ്പണർ സാഹിബ്സാദ ഫർഹാനെതിരെ കടുത്ത വിമർശനവുമായി മുൻ ഇന്ത്യൻ താരം ഇർഫാൻ പത്താൻ. തകർപ്പൻ പ്രകടനം പുറത്തെടുത്തെങ്കിലും സെഞ്ചുറിക്ക് തൊട്ടടുത്തെത്തിയപ്പോൾ ഫർഹാൻ സ്വീകരിച്ച മെല്ലെപ്പോക്ക് സമീപനമാണ് പത്താനെ ചൊടിപ്പിച്ചത്. അവസാന ഓവറിൽ 99 റൺസിൽ നിൽക്കെ, ഗെർഹാർഡ് ഇറാസ്മസിന്റെ പന്തിൽ ലോങ് ഓണിലേക്ക് സിംഗിൾ എടുത്ത് സെഞ്ചുറി പൂർത്തിയാക്കിയ രീതിയെ പത്താൻ കമന്ററിയിൽ രൂക്ഷമായി പരിഹസിച്ചു.
"ഫർഹാൻ സെഞ്ചുറി നേടി എന്നത് ശരിയാണ്, പക്ഷേ ആ സിംഗിൾ എടുത്തത് വിശ്വസിക്കാനാവുന്നില്ല. സെഞ്ചുറി നേടിയതിലും പാകിസ്താൻ മികച്ച സ്കോറിൽ എത്തിയതിലും സന്തോഷിക്കാം. പക്ഷേ അവസാന ഓവറിൽ ഒരു പ്രതിരോധ ഷോട്ട് കളിക്കുക, തുടർന്ന് അവസാന പന്ത് അനായാസം വിട്ടുകളയുക... അത്ഭുതം തന്നെ (കമാൽ ഹേ)," പത്താൻ പറഞ്ഞു.
അവസാന ഓവറിലെ നിർണ്ണായക പന്തുകൾ പാഴാക്കിയ ഫർഹാന്റെ രീതി ഒരു ടി20 ബാറ്റർക്ക് ചേർന്നതല്ലെന്നും പത്താൻ നിരീക്ഷിച്ചു. അതേ ഓവറിൽ തന്നെ രണ്ട് സിക്സറുകൾ പറത്തിയ ഷദാബ് ഖാന്റെ പ്രകടനത്തെ പത്താൻ പുകഴ്ത്തി. "ഇതാണ് നിങ്ങൾ ചെയ്യേണ്ടത്. ഓഫ് സ്പിന്നറെ ആക്രമിച്ചു തന്നെ കളിക്കണം. ഫർഹാൻ നേരിട്ട പന്തുകളിൽ ആ ആക്രമണ വീര്യം കണ്ടില്ല," അദ്ദേഹം കൂട്ടിച്ചേർത്തു.
മത്സരത്തിൽ 58 പന്തിൽ നിന്ന് 100 റൺസുമായി പുറത്താകാതെ നിന്ന ഫർഹാൻ, ടി20 ലോകകപ്പിൽ സെഞ്ചുറി നേടുന്ന രണ്ടാമത്തെ മാത്രം പാകിസ്താൻ താരമായി മാറിയിരുന്നു. ഫർഹാന്റെ കരുത്തിൽ 199 റൺസെടുത്ത പാകിസ്താൻ, നമീബിയയെ 97 റൺസിന് പുറത്താക്കി 102 റൺസിന്റെ പടുകൂറ്റൻ ജയം സ്വന്തമാക്കി സൂപ്പർ എട്ടിലേക്ക് കടക്കുകയും ചെയ്തു.


