ബറോഡ: ഇന്ത്യൻ ഓൾറൗണ്ടർ രവീന്ദ്ര ജഡേജയുടെ സമീപകാല ഏകദിനത്തിലെ മോശം പ്രകടനത്തിനെതിരെ രൂക്ഷവിമർശനവുമായി മുൻ ഇന്ത്യൻ താരം ഇർഫാൻ പത്താൻ. ന്യൂസിലൻഡിനെതിരായ രണ്ടാം ഏകദിനത്തിലെ പ്രകടനത്തെ മുൻനിർത്തി, ജഡേജ സ്ട്രൈക്ക് റൊട്ടേറ്റ് ചെയ്യുന്നതിൽ പരാജയപ്പെട്ടുവെന്നും 2020ന് ശേഷം ഒരു അർധസെഞ്ചുറി പോലും നേടിയിട്ടില്ലെന്നും പത്താൻ ചൂണ്ടിക്കാട്ടി.

രാജ്കോട്ടിലെ തന്റെ ഹോം ഗ്രൗണ്ടിൽ നടന്ന മത്സരത്തിൽ 44 പന്തിൽ 27 റൺസെടുത്ത് 60 സ്ട്രൈക്ക് റേറ്റിലാണ് ജഡേജ ബാറ്റ് ചെയ്തതെന്ന് പത്താൻ തന്റെ യൂട്യൂബ് ചാനലിലൂടെ വിമർശിച്ചു. അതേസമയം, മറുവശത്ത് കെ.എൽ. രാഹുൽ 90 സ്ട്രൈക്ക് റേറ്റിൽ റൺസ് നേടുകയായിരുന്നു. ഏകദിനത്തിൽ ജഡേജ ടെസ്റ്റ് കളിക്കുന്നതിന് സമാനമായ പ്രകടനമാണ് കാഴ്ചവെച്ചതെന്നും സ്ട്രൈക്ക് റൊട്ടേറ്റ് ചെയ്യാൻ താരം പാടുപെട്ടെന്നും പത്താൻ കൂട്ടിച്ചേർത്തു.

കപിൽ ദേവിന് ശേഷം ടെസ്റ്റിൽ ഇന്ത്യക്ക് ലഭിച്ച ഏറ്റവും മികച്ച ഓൾറൗണ്ടർമാരിൽ ഒരാളായി ജഡേജയെ കണക്കാക്കുമ്പോഴും, ഏകദിനത്തിലെ അദ്ദേഹത്തിന്റെ പ്രകടനം നേർവിപരീതമാണെന്ന് പത്താൻ വിലയിരുത്തി. രാഹുൽ 90 സ്ട്രൈക്ക് റേറ്റിൽ ബാറ്റ് ചെയ്യുമ്പോൾ ജഡേജക്ക് ചുരുങ്ങിയത് 80 സ്ട്രൈക്ക് റേറ്റിലെങ്കിലും കളിക്കാൻ കഴിയുമായിരുന്നുവെന്നും എന്നാൽ അതിനും അദ്ദേഹത്തിന് സാധിച്ചില്ലെന്നും പത്താൻ പറഞ്ഞു.

2020-ൽ സിഡ്നിയിൽ ഓസ്‌ട്രേലിയക്കെതിരെ നേടിയ അർധസെഞ്ചുറിയാണ് ഏകദിനത്തിൽ ജഡേജയുടെ അവസാനത്തെ അർധസെഞ്ചുറി. ഈ കണക്കുകൾ ജഡേജയെ കടുത്ത സമ്മർദ്ദത്തിലാക്കുന്നുണ്ടെന്നും പത്താൻ വ്യക്തമാക്കി. സമീപകാലത്ത് ബൗളിംഗിലും ജഡേജക്ക് തിളങ്ങാൻ കഴിഞ്ഞിട്ടില്ല. അവസാനമായി കളിച്ച അഞ്ച് ഏകദിനങ്ങളിൽ ഒരു വിക്കറ്റ് മാത്രമാണ് അദ്ദേഹത്തിന് നേടാനായത്. ന്യൂസിലൻഡിനെതിരായ രണ്ട് ഏകദിനങ്ങളിലും വിക്കറ്റൊന്നും നേടാനും അദ്ദേഹത്തിനായില്ല. ഇന്ത്യക്കായി ഇതുവരെ 209 ഏകദിനങ്ങളിൽ കളിച്ച ജഡേജ 13 അർധസെഞ്ചുറികളടക്കം 2893 റൺസും 232 വിക്കറ്റും നേടിയിട്ടുണ്ട്.