- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇന്ത്യയുടെ ഏറ്റവും ഉയർന്ന ഓപ്പണിംഗ് കൂട്ടുകെട്ട്; സഞ്ജു തന്റെ റോൾ ഭംഗിയായി പൂർത്തിയാക്കി; മലയാളി താരത്തിന് ഇർഫാൻ പത്താന്റെ പ്രശംസ

ചെന്നൈ: ടി20 ലോകകപ്പിൽ സിംബാബ്‌വെക്കെതിരായ മത്സരത്തിൽ ഓപ്പണറായി ഇറങ്ങി ടീം ഇന്ത്യക്ക് തകർപ്പൻ തുടക്കം സമ്മാനിച്ച മലയാളി താരം സഞ്ജു സാംസണ് കൈയടി. 15 പന്തിൽ 24 റൺസെടുത്ത് സഞ്ജു പുറത്തായെങ്കിലും, താരം ടീമിന് നൽകിയ 'പോസിറ്റീവ് ഇംപാക്ട്' എടുത്തുപറഞ്ഞ് മുൻ ഇന്ത്യൻ താരം ഇർഫാൻ പത്താൻ രംഗത്തെത്തി.
ഈ ലോകകപ്പിൽ ഇന്ത്യയുടെ ഓപ്പണിംഗ് കൂട്ടുകെട്ടുകളുടെ ദയനീയ പ്രകടനത്തെ ചൂണ്ടിക്കാട്ടിയാണ് ഇർഫാൻ പത്താന്റെ എക്സ് (ട്വിറ്റർ) പോസ്റ്റ്. "ഈ ലോകകപ്പിൽ ഇന്ത്യയുടെ ആദ്യ വിക്കറ്റിലെ ശരാശരി സ്കോർ വെറും ഏഴ് റൺസായിരുന്നു. ഇത് ടൂർണമെന്റിലെ തന്നെ ഏറ്റവും കുറഞ്ഞ കണക്കാണ്. എന്നാൽ ഇന്ന് സഞ്ജു സാംസൺ ടീമിന് ആവശ്യമായത് കൃത്യമായി നൽകി. ഇന്ത്യയുടെ ഏറ്റവും ഉയർന്ന ഓപ്പണിംഗ് കൂട്ടുകെട്ട് സൃഷ്ടിക്കാൻ അവൻ സഹായിച്ചു. സഞ്ജു തന്റെ ജോലി ഭംഗിയായി പൂർത്തിയാക്കി," ഇർഫാൻ കുറിച്ചു.
സഞ്ജു പുറത്തായി പവലിയനിൽ എത്തിയപ്പോൾ പരിശീലകൻ ഗൗതം ഗംഭീർ താരത്തെ വിളിച്ചുനിർത്തി സംസാരിച്ചത് ആരാധകരുടെ ശ്രദ്ധയാകർഷിച്ചു. സഞ്ജുവിന്റെ ബാറ്റിംഗിനിടെ താരം പായിച്ച സിക്സറുകൾക്ക് ക്യാപ്റ്റൻ സൂര്യകുമാർ യാദവും ആവേശത്തോടെ കൈയടിക്കുന്നുണ്ടായിരുന്നു. സഞ്ജുവിന് പവലിയനിൽ ലഭിച്ച ഈ സ്വീകരണം സോഷ്യൽ മീഡിയയിലും ചർച്ചയാകുന്നുണ്ട്.
15 പന്തിൽ രണ്ട് സിക്സറും ഒരു ഫോറുമടക്കം 24 റൺസാണ് സഞ്ജു നേടിയത്. റിച്ചാർഡ് എൻഗാരവ എറിഞ്ഞ ആദ്യ ഓവറിലെ രണ്ടാം പന്ത് തന്നെ ഓഫ് സൈഡിലേക്ക് സിക്സർ പറത്തിയായിരുന്നു തുടക്കം. ആദ്യ ഓവറിൽ തന്നെ സഞ്ജു 13 റൺസ് അടിച്ചെടുത്തു. എന്നാൽ വലിയ സ്കോറിലേക്ക് കുതിക്കുമെന്ന് കരുതിയെങ്കിലും മുസറബാനി എറിഞ്ഞ നാലാം ഓവറിലെ സ്ലോ ബോളിൽ താരം പുറത്തായി. മികച്ച തുടക്കം വലിയ സ്കോറാക്കി മാറ്റാൻ കഴിയാത്തതിൽ ചെപ്പോക്കിലെ ആരാധകർക്ക് നേരിയ നിരാശയുണ്ടെങ്കിലും, സഞ്ജു നൽകിയ ആവേശം ടീമിന് കരുത്തായി.


