- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'അവന് അവസരം നൽകുന്നതാണ് നീതി'; ന്യൂസിലൻഡിനെതിരായ ആദ്യ ടി20യിൽ മൂന്നാം നമ്പറിൽ ശ്രേയസ് അല്ല; പകരം മിന്നും ഫോമിലുള്ള ഇഷാൻ കിഷൻ; സ്ഥിരീകരിച്ച് സൂര്യകുമാർ യാദവ്

നാഗ്പുർ: വിക്കറ്റ് കീപ്പർ ബാറ്റ്‌സ്മാൻ ഇഷാൻ കിഷൻ ന്യൂസിലൻഡിനെതിരായ ആദ്യ ടി20 മത്സരത്തിൽ മൂന്നാം നമ്പറിൽ ബാറ്റിംഗിന് ഇറങ്ങുമെന്ന് സ്ഥിരീകരിച്ച് ക്യാപ്റ്റൻ സൂര്യകുമാർ യാദവ്. നീണ്ട ഇടവേളയ്ക്ക് ശേഷമാണ് താരം ഇന്ത്യൻ ടീമിലേക്ക് മടങ്ങിയെത്തുന്നത്. വരാനിരിക്കുന്ന ടി20 ലോകകപ്പിന് മുന്നോടിയായുള്ള ഇന്ത്യയുടെ നിർണായക ഒരുക്കങ്ങളുടെ ഭാഗമാണ് ഈ അഞ്ച് മത്സര ടി20 പരമ്പര.
2023 നവംബറിന് ശേഷം ഇതാദ്യമായാണ് ഇഷാൻ കിഷൻ ഇന്ത്യയുടെ നീലക്കുപ്പായത്തിൽ കളത്തിലിറങ്ങുന്നത്. സയ്യിദ് മുഷ്താഖ് അലി ട്രോഫിയിൽ ജാർഖണ്ഡിനെ കിരീടത്തിലേക്ക് നയിച്ച മികച്ച പ്രകടനമാണ് ഇഷാന് ഇന്ത്യൻ ടീമിലേക്കുള്ള വഴി വീണ്ടും തുറന്നത്. പരിക്കേറ്റ തിലക് വർമ്മയ്ക്ക് പകരമാണ് ഇഷാൻ കിഷൻ ടീമിലെത്തിയത്. ശ്രേയസ് അയ്യരെ മറികടന്നാണ് ഈ അവസരം താരത്തിന് ലഭിച്ചിരിക്കുന്നത്. വൈസ് ക്യാപ്റ്റൻ ശുഭ്മാൻ ഗില്ലിനെ ഒഴിവാക്കി ലോകകപ്പ് ടീമിലേക്ക് ഇഷാനെ തിരഞ്ഞെടുത്തത് വലിയ ചർച്ചകൾക്ക് വഴിവെച്ചിരുന്നു.
കഴിഞ്ഞ 22 ഇന്നിംഗ്‌സുകളിൽ ഒരു അർദ്ധ സെഞ്ച്വറി പോലും നേടാനാകാത്ത ക്യാപ്റ്റൻ സൂര്യകുമാർ യാദവ് തന്റെ ബാറ്റിംഗ് ഓർഡറിൽ മാറ്റം വരുത്തില്ലെന്ന് വ്യക്തമാക്കി. പ്രത്യേക സാഹചര്യങ്ങളിൽ മാത്രമേ താൻ മൂന്നാം നമ്പറിലേക്ക് മാറുകയുള്ളൂ എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നാഗ്പൂരിൽ മാധ്യമങ്ങളോട് സംസാരിക്കവെ സൂര്യകുമാർ യാദവ് ഇഷാന്റെ മടങ്ങിവരവിനെക്കുറിച്ച് പറഞ്ഞത് ഇങ്ങനെയാണ്: "ഇഷാൻ നാളെ മൂന്നാം നമ്പറിൽ കളിക്കും. ലോകകപ്പ് ടീമിലേക്ക് ഞങ്ങൾ ആദ്യം തിരഞ്ഞെടുത്തത് അവനെയാണ്, അതിനാൽ അവന് അവസരം നൽകുന്നതാണ് നീതി."


