അബുദാബി: ടി20 ക്രിക്കറ്റിൽ ലോക റെക്കോർഡ് നേട്ടവുമായി വെസ്റ്റ് ഇൻഡീസ് ഓൾറൗണ്ടർ ജേസൺ ഹോൾഡർ. 2025 കലണ്ടർ വർഷത്തിൽ 97 വിക്കറ്റുകൾ വീഴ്ത്തിയാണ് ഹോൾഡർ ചരിത്രം കുറിച്ചത്. ഏഴ് വർഷം പഴക്കമുള്ള അഫ്ഗാൻ താരം റഷീദ് ഖാന്റെ റെക്കോർഡാണ് ഹോൾഡർ മറികടന്നത്. അബുദാബി നൈറ്റ് റൈഡേഴ്സിനെ നയിക്കുന്ന ഹോൾഡർ, 2026 ലെ ഇന്ത്യൻ പ്രീമിയർ ലീഗിൽ (IPL) ഗുജറാത്ത് ടൈറ്റൻസിനായും കളിക്കും.

ഒരു കലണ്ടർ വർഷത്തിൽ ഏറ്റവും കൂടുതൽ ടി20 വിക്കറ്റുകൾ നേടുന്ന ആദ്യ കളിക്കാരനായിരിക്കുകയാണ് 34 വയസുകാരനായ ഹോൾഡർ. നാലാം സീസണിലെ ഇന്റർനാഷണൽ ലീഗ് ടി20 (ILT20) മത്സരങ്ങളിൽ അബുദാബി നൈറ്റ് റൈഡേഴ്സിന്റെ ക്യാപ്റ്റനാണ് ഹോൾഡർ. ടൂർണമെന്റിൽ മികച്ച ഫോമിലാണ് താരം. നേരത്തെ, 2026 ഐപിഎൽ ലേലത്തിൽ ഗുജറാത്ത് ടൈറ്റൻസ് 7 കോടി രൂപ മുടക്കിയാണ് ഹോൾഡറെ ടീമിലെത്തിച്ചത്.

ഇത് ഐപിഎല്ലിലേക്കുള്ള ഹോൾഡറുടെ മടങ്ങിവരവ് കൂടിയാണ്. 2025-ൽ വെസ്റ്റ് ഇൻഡീസിനായി 23 മത്സരങ്ങളിൽ നിന്ന് 31 വിക്കറ്റുകളും പാക്കിസ്ഥാൻ സൂപ്പർ ലീഗിൽ (PSL) 15 വിക്കറ്റുകളും കരീബിയൻ പ്രീമിയർ ലീഗിൽ (CPL) 13 വിക്കറ്റുകളും അദ്ദേഹം നേടിയിരുന്നു. പേസർമാരിൽ, ഹോൾഡറുടെ മുൻ സഹതാരം ഡ്വെയ്ൻ ബ്രാവോ ആയിരുന്നു മുൻപ് ഈ റെക്കോർഡിനടുത്ത് എത്തിയിരുന്നത്.