മെല്‍ബണ്‍: ബോർഡർ ഗാവസ്‌കർ ട്രോഫിയിലെ നാലാം ടെസ്റ്റില്‍ വിക്കറ്റ് വേട്ടയില്‍ റെക്കോര്‍ഡിട്ട് ഇന്ത്യയുടെ സൂപ്പർ താരം ജസ്പ്രീത് ബുമ്ര. ഓസ്ട്രേലിയയുടെ രണ്ടാം ഇന്നിംഗ്സില്‍ ട്രാവിസ് ഹെഡിന്‍റെ വിക്കറ്റ് നേട്ടത്തോടെ ബുമ്ര ടെസ്റ്റില്‍ 200 വിക്കറ്റ് നേട്ടം തികച്ചു. അതിവേഗം ഈ നേട്ടത്തിലെത്തുന്ന ഇന്ത്യൻ പേസറെന്ന റെക്കോര്‍ഡാണ് ബുമ്ര സ്വന്തമാക്കിയത്. 44 ടെസ്റ്റില്‍ നിന്നാണ് ബുമ്ര 200 വിക്കറ്റ് തികച്ചത്. 50 ടെസ്റ്റില്‍ നിന്ന് 200 വിക്കറ്റ് തികച്ച കപിൽ ദേവിന്‍റെ റെക്കോര്‍ഡാണ് ബുമ്ര തകര്‍ത്തത്.

അതിവേഗം 200 വിക്കറ്റ് തികയ്ക്കുന്ന രണ്ടാമത്തെ ഇന്ത്യൻ ബൗളറെന്ന റെക്കോര്‍ഡും ബുമ്രയ്ക്ക് സ്വന്തമായിരുന്നു. 44-ാം ടെസ്റ്റിൽ 200 വിക്കറ്റ് നേടി രവീന്ദ്ര ജഡേജയുടെ റെക്കോർഡിനൊപ്പമാണ് താരമെത്തിയത്. 37 മത്സരത്തിൽ നിന്നു ഈ നേട്ടം കൈവരിച്ച രവിചന്ദ്ര അശ്വിനാണ് ഇന്ത്യൻ താരങ്ങളിൽ ഒന്നാമൻ. ഹര്‍ഭജന്‍ സിംഗ്(46 ടെസ്റ്റ്), അനില്‍ കുംബ്ലെ(47 ടെസ്റ്റ്) എന്നിവരാണ് ബുമ്രക്ക് പിന്നിലുള്ളത്.

19.56 ശരാശരിയിലാണ് ബുംറയുടെ 200 വിക്കറ്റ് നേട്ടം. 200 വിക്കറ്റ് സ്വന്തമാക്കിയ ബൗളർമാരിൽ ഏറ്റവും മികച്ച ശരാശരിയും താരത്തിനാണ്. പന്തുകളുടെ അടിസ്ഥാനത്തില്‍ അതിവേഗം 200 വിക്കറ്റ് തികയ്ക്കുന്ന നാലാമത്തെ ബൗളറെന്ന നേട്ടവും ബുമ്രയ്ക്കാണ്. 8484 പന്തുകളെറിഞ്ഞാണ് ബുമ്ര 200 ടെസ്റ്റ് വിക്കറ്റുകള്‍ സ്വന്തമാക്കിയത്. പാകിസ്ഥാന്‍റെ വഖാര്‍ യൂനിസ്(7848 പന്തുകള്‍), ദക്ഷിണാഫ്രിക്കയുടെ ഡെയ്ല്‍ സ്റ്റെയ്ന്‍(7848 പന്തുകള്‍) കാഗിസോ റബാഡ(8153 പന്തുകള്‍) എന്നിവരാണ് ടെസ്റ്റില്‍ ഏറ്റവും കുറഞ്ഞ പന്തുകളില്‍ 200 വിക്കറ്റ് തികച്ച ആദ്യ മൂന്നുപേര്‍. 200 വിക്കറ്റ് തികച്ച ബൗളര്‍മാരിലെ മികച്ച ബൗളിംഗ് ശരാശരിയും ബുമ്രയുടെ പേരിലാണ്.

പാകിസ്ഥാന്‍ സ്പിന്നര്‍ യാസിര്‍ ഷായുടെ പേരിലാണ് രാജ്യാന്തര ക്രിക്കറ്റില്‍ അതിവേഗം 200 തികച്ച ബൗളറുടെ റെക്കോര്‍ഡ്. 33 ടെസ്റ്റുകളിൽ നിന്നാണ് യാസിർ ഷായുടെ 200 വിക്കറ്റ് നേട്ടം. പേസര്‍മാരില്‍ 38 ടെസ്റ്റില്‍ നിന്ന് 200 വിക്കറ്റെടുത്ത ഓസീസ് പേസ് ഇതിഹാസം ഡെന്നിസ് ലില്ലിയുടെ പേരിലാണ് അതിവേഗം 200 വിക്കറ്റ് തികച്ചതിന്‍റെ റെക്കോര്‍ഡ്.