മുംബൈ: ചാമ്പ്യന്‍സ് ട്രോഫിയില്‍ പ്രാഥമിക റൗണ്ട് മത്സരങ്ങളില്‍ ഇന്ത്യന്‍ പേസര്‍ ജസ്പ്രീത് ബുംറ കളിക്കില്ലെന്ന് റിപ്പോര്‍ട്ട്. പാകിസ്ഥാനെതിരായ മത്സരത്തില്‍ ബുംറയുടെ അഭാവം വലിയ രീതിയില്‍ ഇന്ത്യന്‍ ടീമിനെ ബാധിക്കും. ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിയുടെ അവസാന മത്സരത്തിലാണ് ബുംറയക്ക് പരിക്ക് പറ്റിയത്. പരിക്കിനെ തുടര്‍ന്ന് അവസാന മത്സരത്തില്‍ താരം കളിച്ചതുമില്ല. നിലവില്‍ ബംഗളൂരു നാഷണല്‍ ക്രിക്കറ്റ് അക്കാദമിയില്‍ ചികിത്സയിലാണ്.

ബുംറയുടെ പുറം ഭാഗത്ത് വീക്കം ഉണ്ടെന്നും അടുത്ത മാസം ആരംഭിക്കുന്ന ചാംപ്യന്‍സ് ട്രോഫിക്ക് അദ്ദേഹം ഫിറ്റ്നസ് ആകാന്‍ സാധ്യതയില്ലെന്നുമാണ് റിപ്പോര്‍ട്ടുകള്‍. ബുംറയുടെ പരിക്ക് ബിസിസിഐ അതീവ ശ്രദ്ധയോടെ നിരീക്ഷിക്കുകയാണ്. ടീമില്‍ ഉള്‍പ്പെടുത്തുന്നതില്‍ വിദഗ്ധ പരിശോധനയ്ക്ക് ശേഷമാകും തീരുമാനമെടുക്കുക.

ഏകദിന ക്രിക്കറ്റിലെ ഏറ്റവും മികച്ച എട്ട് ടീമുകള്‍ ഉള്‍പ്പെടുന്ന ചാമ്പ്യന്‍സ് ട്രോഫി ഫെബ്രുവരി 19 നാണ് ആരംഭിക്കുന്നത്. കറാച്ചി, റാവല്‍പിണ്ടി, ലാഹോര്‍, ദുബായ് എന്നിവിടങ്ങളിലാണ് മത്സരങ്ങള്‍. ഇന്ത്യയുടെ മത്സരങ്ങള്‍ ദുബായിലാകും നടക്കുക. ചമ്പ്യന്‍സ് ട്രോഫിക്കുള്ള ടീമിനെ പ്രഖ്യാപിക്കാനുള്ള സമയപരിധി ഇന്നാണ്. എന്നാല്‍ സമയപരിധി നീട്ടണണെന്ന് ബിസിസിഐ അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സിലിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.

മാര്‍ച്ച് ആദ്യവാരത്തോടെ മാത്രമേ ബുംറ പൂര്‍ണ ഫിറ്റന്സ് വീണ്ടെടുക്കൂ എന്നാണ് ബിസിസിഐയോട് അടുത്ത വൃത്തങ്ങള്‍ സൂചിപ്പിക്കുന്നത്. ചമ്പ്യന്‍സ് ട്രോഫിക്കുള്ള 15 അംഗ ടീമില്‍ ബുംറയെ ഉള്‍പ്പെടുത്തണോ അതോ ടൂര്‍ണമെന്റിനുള്ള റിസര്‍വ് കളിക്കാരുടെ പട്ടികയില്‍ ഉള്‍പ്പെടുത്തണോ എന്ന കാര്യം സെലക്ടര്‍മാര്‍ പരിഗണിക്കുന്നുണ്ട്. ബുംറ നാഷണല്‍ ക്രിക്കറ്റ് അക്കാദമിയില്‍ നിരീക്ഷണത്തില്‍ തുടരും. ഫെബ്രുവരി 12 വരെ ടീമുകളില്‍ മാറ്റങ്ങള്‍ വരുത്താന്‍ കഴിയും എന്നതിനാല്‍ ബുംറയുടെ ഫിറ്റ്നസ് നിരീക്ഷിക്കാന്‍ സമയമുണ്ട് എന്നത് ബിസിസിഐക്ക് ആശ്വാസമാണ്.