ട്രിനിഡാഡ്: കരിയറിലെ ഏറ്റവും മികച്ച ബൗളിംഗ് പ്രകടനവുമായി ദക്ഷണാഫ്രിക്കൻ ഫാസ്റ്റ് ബൗളർ ഡെയ്ൽ സ്‌റ്റെയ്‌നിന്റെ റെക്കോർഡ് തകർത്ത് വിൻഡീസ് പേസർ ജെയ്ഡൻ സീൽസ്. പാകിസ്താനെതിരെ ഏകദിനത്തിൽ ഒരു ബൗളറുടെ ഏറ്റവും മികച്ച പ്രകടനം എന്ന 12 വർഷം പഴക്കമുള്ള സ്‌റ്റെയ്‌നിന്റെ റെക്കോർഡാണ് സീൽസ് തിരുത്തിയത്. 2013-ൽ പോർട്ട് എലിസബത്തിൽ 39 റൺസിന് 6 വിക്കറ്റ് വീഴ്ത്തിയതായിരുന്നു സ്റ്റെയ്നിന്റെ റെക്കോർഡ്.

ജെയ്ഡൻ സീൽസിന്റെ റെക്കോർഡ് ബൗളിംഗ് പ്രകടനത്തിന്റെ മികവിൽ പാകിസ്താനെതിരായ ഏകദിന പരമ്പര വെസ്റ്റ് ഇൻഡീസ് സ്വന്തമാക്കി. നിർണായകമായ മൂന്നാം മത്സരത്തിൽ 202 റൺസിന്റെ കൂറ്റൻ വിജയം നേടിയ വിൻഡീസ്, മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പര 2-1 ന് കരസ്ഥമാക്കി. 34 വർഷത്തിനിടെ ഇതാദ്യമായാണ് പാകിസ്താനെതിരെ ഒരു ഏകദിന പരമ്പര വെസ്റ്റ് ഇൻഡീസ് നേടുന്നത്.

295 റൺസ് വിജയലക്ഷ്യം പിന്തുടർന്ന പാകിസ്താൻ ബാറ്റിങ് നിരയെ സീൽസ് വരിഞ്ഞുകെട്ടുകയായിരുന്നു. പാകിസ്ഥാന്റെ ഇന്നിങ്‌സ് വെറും 92 റൺസിൽ ഒതുങ്ങി. 18 റൺസ് മാത്രം വഴങ്ങി ആറ് വിക്കറ്റാണ് സീൽസ് വീഴ്ത്തിയത്. വിൻഡീസിനായി ഏകദിനത്തിൽ ഏറ്റവും മികച്ച ബൗളിംഗ് പ്രകടനം നടത്തുന്ന മൂന്നാമത്തെ താരം കൂടിയാണ് 23-കാരനായ സീൽസ്. വിൻസ്റ്റൺ ഡേവിസ് (7/51), കോളിൻ ക്രോഫ്റ്റ് (6/15) എന്നിവർ മാത്രമാണ് സീൽസിന് മുന്നിലുള്ളത്.

ഓപ്പണർ സയിം അയൂബ്, അബ്ദുള്ള ഷഫീഖ്, മുഹമ്മദ് റിസ്‌വാൻ എന്നിവരെ റൺസെടുക്കും മുൻപേ കൂടാരം കയറ്റിയ സീൽസ്, പിന്നാലെ സൂപ്പർതാരം ബാബർ അസമിനെയും മടക്കി. പവർപ്ലേയിൽ തന്നെ മുൻനിര തകർന്നതോടെ പാകിസ്താൻ കടുത്ത പ്രതിരോധത്തിലായി. സൽമാൻ അഗയും മുഹമ്മദ് നവാസും അൽപനേരം പൊരുതിയെങ്കിലും ടീമിനെ വൻ തകർച്ചയിൽ നിന്ന് രക്ഷിക്കാനായില്ല. പരമ്പരയിലാകെ 10 വിക്കറ്റുകൾ വീഴ്ത്തിയ ജെയ്ഡൻ സീൽസാണ് ടോപ് വിക്കറ്റ് വേട്ടക്കാരൻ. റൺസിന്റെ അടിസ്ഥാനത്തിൽ പാകിസ്താനെതിരെ വിൻഡീസിന്റെ ഏറ്റവും വലിയ വിജയം കൂടിയാണിത്.