മുംബൈ: സ്മൃതി മന്ദാനയ്ക്ക് പ്രതിസന്ധി ഘട്ടത്തിൽ പിന്തുണ നൽകുന്നതിനായി വനിതാ ബിഗ് ബാഷ് ലീഗിൽ നിന്ന് പിന്മാറി ഇന്ത്യൻ വനിതാ ക്രിക്കറ്റ് താരം ജെമീമ റോഡ്രിഗസ്. താരം ഇന്ത്യയിൽ തന്നെ തുടരുമെന്ന് ജെമീമയെ ടീമിലെടുത്ത ബ്രിസ്‌ബേൻ ഹീറ്റ് ഫ്രാഞ്ചൈസി ഔദ്യോഗികമായി സ്ഥിരീകരിച്ചു. സ്മൃതിക്ക് നിലവിൽ നേരിടേണ്ടിവരുന്ന വെല്ലുവിളികൾ നിറഞ്ഞ സാഹചര്യത്തിൽ അവൾക്കൊപ്പം നിൽക്കാൻ അനുവദിക്കണമെന്ന ജെമീമയുടെ അഭ്യർത്ഥന ഫ്രാഞ്ചൈസി മാനിക്കുകയായിരുന്നു. ജെമീമയ്ക്കും ഇത് വെല്ലുവിളികൾ നിറഞ്ഞ സമയമാണെന്നും, ഹൃദയത്തിൽ നിന്നുള്ള ഈ തീരുമാനത്തെ തങ്ങൾ പൂർണ്ണമായി ബഹുമാനിക്കുന്നുവെന്നും ഹീറ്റ് സിഇഒ വ്യക്തമാക്കി.

സ്മൃതി മന്ദാനയും സംഗീതജ്ഞൻ പലാഷ് മുച്ചലും തമ്മിലുള്ള വിവാഹം മാറ്റിവെച്ചതിന് പിന്നാലെയാണ് ജെമീമയുടെ ഈ നിർണായക പിന്മാറ്റം. ഞായറാഴ്ച മഹാരാഷ്ട്രയിലെ സാംഗ്ലിയിൽ വെച്ച് നടക്കേണ്ടിയിരുന്ന ഈ വിവാഹം ആദ്യം മാറ്റിവെച്ചത്, സ്മൃതിയുടെ പിതാവ് ശ്രീനിവാസ് മന്ദാനയ്ക്ക് ദേഹാസ്വാസ്ഥ്യം നേരിട്ടതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചതുകൊണ്ടാണെന്ന് ഇരു കുടുംബങ്ങളും അറിയിച്ചിരുന്നു. എന്നാൽ, പലാഷിന്റെ വഴിവിട്ട ബന്ധങ്ങളാണ് വിവാഹം മാറ്റിവെക്കാൻ യഥാർത്ഥ കാരണമെന്ന റിപ്പോർട്ടുകളാണ് പിന്നീട് പുറത്തുവന്നത്. സ്മൃതി ഈ വിവാഹവുമായി മുന്നോട്ട് പോകില്ലെന്നും ശക്തമായ സൂചനകളുണ്ട്.

മേരി ഡി കോസ്റ്റ എന്ന യുവതി പലാഷുമായി നടത്തിയെന്ന് പറയപ്പെടുന്ന വാട്‌സ്ആപ്പ് ചാറ്റുകളുടെ സ്ക്രീൻഷോട്ടുകൾ സമൂഹമാധ്യമങ്ങളിലൂടെ പുറത്തുവന്നതോടെയാണ് ഈ വിവാദങ്ങൾ കൂടുതൽ ചൂടുപിടിച്ചത്. ഈ ചാറ്റുകൾ അതിവേഗം വൈറലാവുകയും ചെയ്തു. യുവതിയെ ഒരു പ്രമുഖ ഹോട്ടലിലെ പൂളിൽ ഒരുമിച്ച് നീന്താൻ ക്ഷണിക്കുന്നതും സ്മൃതിയുമായുള്ള ബന്ധത്തെക്കുറിച്ചുള്ള ചോദ്യങ്ങളും അതിന് പലാഷ് നൽകുന്ന മറുപടികളും ചാറ്റിലുണ്ടായിരുന്നതായാണ് വിവരം. എന്നിരുന്നാലും, ഈ ചാറ്റുകളുടെ ആധികാരികതയെക്കുറിച്ച് ഇതുവരെ ഔദ്യോഗിക സ്ഥിരീകരണമൊന്നും ഉണ്ടായിട്ടില്ല. പ്രചരിക്കുന്ന ഈ അഭ്യൂഹങ്ങളെക്കുറിച്ച് ഇരു കുടുംബങ്ങളും ഇതുവരെ പരസ്യമായി പ്രതികരിക്കാൻ തയ്യാറായിട്ടില്ല.

വിവാഹം മാറ്റിവെച്ചതിന് പിന്നാലെ, സ്മൃതി മന്ദാന തന്റെ സമൂഹമാധ്യമ അക്കൗണ്ടുകളിൽ നിന്ന് വിവാഹവുമായി ബന്ധപ്പെട്ട എല്ലാ ചിത്രങ്ങളും വീഡിയോകളും നീക്കം ചെയ്തിരുന്നു. മുംബൈയിലെ ഡിവൈ പാട്ടീൽ സ്റ്റേഡിയത്തിൽ വെച്ച് പലാഷ് തനിക്ക് പ്രപ്പോസ് ചെയ്യുന്ന വീഡിയോ ഉൾപ്പെടെ സ്മൃതി ഡിലീറ്റ് ചെയ്തു. സ്മൃതിക്ക് പുറമെ, ഇന്ത്യൻ ടീമിലെ അടുത്ത സുഹൃത്തുക്കളായ ജെമീമ റോഡ്രിഗസും ശ്രേയങ്ക പാട്ടീലും സ്മൃതിയുടെ വിവാഹവുമായി ബന്ധപ്പെട്ട് നേരത്തെ പങ്കുവെച്ച പോസ്റ്റുകൾ സമൂഹമാധ്യമങ്ങളിൽ നിന്ന് നീക്കം ചെയ്തിരുന്നു.