ദോഹ: റൈസിങ് സ്റ്റാർസ് ഏഷ്യാ കപ്പ് ക്രിക്കറ്റ് ടൂർണമെന്റിന്റെ സെമി ഫൈനലിൽ ഇന്ത്യ-എ ടീം ബംഗ്ലാദേശ്-എയോട് സൂപ്പർ ഓവറിൽ തോറ്റതിന് പിന്നാലെ ക്യാപ്റ്റൻ ജിതേഷ് ശർമ്മയുടെ തീരുമാനം വിവാദത്തിലേക്ക്. ടൂർണമെന്റിലെ ഇന്ത്യയുടെ ഏറ്റവും മികച്ച ഫോമിലുള്ള യുവതാരം വൈഭവ് സൂര്യവംശിയെ സൂപ്പർ ഓവറിൽ ഇറക്കാതിരുന്നതാണ് വിമർശനങ്ങൾക്ക് ഇടയാക്കിയത്. മത്സരം സമനിലയിൽ ആയതിനെത്തുടർന്ന് നടന്ന സൂപ്പർ ഓവറിൽ ഇന്ത്യയ്ക്കുവേണ്ടി ക്യാപ്റ്റൻ ജിതേഷ് ശർമ്മയും രമൺദീപ് സിംഗുമാണ് ബാറ്റിംഗിനിറങ്ങിയത്.

ആദ്യ പന്തിൽത്തന്നെ ജിതേഷ് ശർമ്മ വിക്കറ്റിന് മുന്നിൽ കുടുങ്ങി. പിന്നാലെ വന്ന അശുതോഷ് ശർമ്മയും പുറത്തായതോടെ വെറും രണ്ട് പന്തുകൾക്കുള്ളിൽ ഇന്ത്യ-എ പൂജ്യം റൺസിന് ഓൾ ഔട്ടായി. ബംഗ്ലാദേശിന് വിജയലക്ഷ്യം ഒരൊറ്റ റണ്ണായി ചുരുങ്ങി. നേരത്തെ, ഇന്ത്യയുടെ ചെയ്‌സിൽ വൈഭവ് സൂര്യവൻഷി വെറും 15 പന്തുകളിൽ നിന്ന് 38 റൺസ് നേടിയിരുന്നു. എന്നിട്ടും സൂപ്പർ ഓവറിൽ താരത്തെ ഒഴിവാക്കിയതിനെതിരെ മുൻ ഇന്ത്യൻ താരം ഡോഡ്ഡ ഗണേഷ് ഉൾപ്പെടെ നിരവധി പേരാണ് സമൂഹമാധ്യമങ്ങളിൽ വിമർശനവുമായി രംഗത്തെത്തിയത്.

അതേസമയം, തന്റെ തീരുമാനത്തെ ജിതേഷ് ശർമ്മ ന്യായീകരിച്ചു. വൈഭവ് സൂര്യവംശി പവർപ്ലേയിലെ വിദഗ്ദ്ധനാണെന്നും, താനും അശുതോഷും രമൺദീപും ഡെത്ത് ഓവറുകളിൽ സിക്‌സറുകൾ നേടാൻ കഴിവുള്ളവരാണെന്നുമാണ് മത്സരശേഷം ജിതേഷ് വിശദീകരിച്ചത്. സൂപ്പര്‍ ഓവര്‍ ലൈനപ്പ് ഒരു ടീം തീരുമാനമായിരുന്നു. അന്തിമ തീരുമാനം എടുത്തത് ഞാന്‍ തന്നെയാണ്. ഞാന്‍ പൂര്‍ണ്ണ ഉത്തരവാദിത്തം ഏറ്റെടുക്കുന്നു. ഒരു സീനിയര്‍ എന്ന നിലയില്‍, ഞാന്‍ കളി പൂര്‍ത്തിയാക്കേണ്ടതായിരുന്നുവെന്നും താരം കൂട്ടിച്ചേർത്തു.