- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഞങ്ങളെയൊന്നു നാട്ടില്‍ എത്തിക്കാമോ? ബ്രിട്ടീഷ് പ്രധാനമന്ത്രിയോട് അബുദാബിയില്‍ കുടുങ്ങിയ ജോണി ബെയര്‍സ്റ്റോയും ഇംഗ്ലണ്ട് എ ടീം ചോദിക്കുന്നു
ഞങ്ങളെയൊന്നു നാട്ടില്‍ എത്തിക്കാമോ?

അബുദാബി: പശ്ചിമേഷ്യയില്‍ അമേരിക്ക-ഇറാന്‍-ഇസ്രായേല്‍ പോരാട്ടം രൂക്ഷമായതോടെ യു.എ.ഇയില്‍ കുടുങ്ങി ഇംഗ്ലണ്ട് ലയണ്‍സ് ക്രിക്കറ്റ് ടീം (ഇംഗ്ലണ്ട് എ ടീം). മുന്‍ ഇംഗ്ലണ്ട് വിക്കറ്റ് കീപ്പര്‍ ബാറ്ററും നിലവില്‍ ടീമിന്റെ പരിശീലക സംഘാംഗവുമായ ജോണി ബെയര്‍സ്റ്റോ തങ്ങളെ അടിയന്തരമായി നാട്ടിലെത്തിക്കണമെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി കിയര്‍ സ്റ്റാര്‍മറോട് സമൂഹമാധ്യമങ്ങളിലൂടെ അഭ്യര്‍ഥിച്ചു. ഗള്‍ഫ് രാജ്യങ്ങളിലെ അമേരിക്കന്‍ സൈനിക താവളങ്ങള്‍ക്ക് നേരെ ഇറാന്‍ പ്രത്യാക്രമണം നടത്തിയതോടെയാണ് അബുദാബിയിലുള്ള 25 അംഗ ഇംഗ്ലണ്ട് ലയണ്‍സ് ടീം പ്രതിസന്ധിയിലായത്.
ബ്രിട്ടീഷ് പ്രധാനമന്ത്രി കെയര്‍ സ്റ്റാര്‍മറുടെ ഔദ്യോഗിക പ്രസ്താവനയ്ക്ക് താഴെ 'ഞങ്ങളെ നാട്ടിലെത്തിക്കാമോ? എന്നാണ് ബെയര്‍സ്റ്റോ എക്‌സില്‍ കുറിച്ചത്. യു.എ.ഇയിലെ ബ്രിട്ടീഷ് എംബസിയെയും അദ്ദേഹം ടാഗ് ചെയ്തിട്ടുണ്ട്. ദുബൈയില്‍ നിന്നുള്ള വിവരങ്ങള്‍ ആര്‍ക്കെങ്കിലും ലഭ്യമാണെങ്കില്‍ പങ്കുവെക്കണമെന്നും എല്ലാവരും സുരക്ഷിതരായിരിക്കാനും അദ്ദേഹം മറ്റൊരു പോസ്റ്റില്‍ അഭ്യര്‍ഥിച്ചു. വിമാനം റദ്ദാക്കിയതിനെ തുടര്‍ന്ന് എമിറേറ്റ്‌സ് എയര്‍ലൈന്‍സിനോടും അദ്ദേഹം വിശദീകരണം തേടിയിട്ടുണ്ട്. മുന്‍ ഇതിഹാസ താരം ആന്‍ഡ്രൂ ഫ്‌ലിന്റോഫ് മുഖ്യ പരിശീലകനായുള്ള സംഘത്തിലാണ് 35-കാരനായ ബെയര്‍സ്റ്റോ ഉള്ളത്.
അബുദാബിയിലും ദുബൈയിലുമടക്കം വലിയ സ്‌ഫോടന ശബ്ദങ്ങള്‍ കേട്ടതായും ദുബൈ വിമാനത്താവളത്തിന്റെ പ്രവര്‍ത്തനങ്ങള്‍ തടസ്സപ്പെട്ടതായും റിപ്പോര്‍ട്ടുകളുണ്ട്. സുരക്ഷിതമായ കെട്ടിടങ്ങളിലേക്ക് മാറാന്‍ അധികൃതര്‍ ജനങ്ങള്‍ക്ക് മൊബൈല്‍ അലര്‍ട്ടുകള്‍ നല്‍കിയിരുന്നു. ഈ സുരക്ഷാ ഭീഷണിയുടെ പശ്ചാത്തലത്തില്‍ അബുദാബി സായിദ് ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ ഞായറാഴ്ച നടക്കേണ്ടിയിരുന്ന ഇംഗ്ലണ്ട് ലയണ്‍സ്-പാകിസ്താന്‍ ഷഹീന്‍സ് രണ്ടാം ഏകദിന മത്സരം ഇംഗ്ലണ്ട് ആന്‍ഡ് വെയ്ല്‍സ് ക്രിക്കറ്റ് ബോര്‍ഡ് (ഇ.സി.ബി) അടിയന്തരമായി റദ്ദാക്കി.
കളിക്കാരുടെയും സപ്പോര്‍ട്ടിങ് സ്റ്റാഫിന്റെയും സുരക്ഷയ്ക്കാണ് ഞങ്ങളുടെ പ്രഥമ പരിഗണന. സുരക്ഷാ വിദഗ്ധരുമായും സര്‍ക്കാരുമായും നിരന്തരം സമ്പര്‍ക്കം പുലര്‍ത്തുന്നുണ്ട്. നിലവിലെ സാഹചര്യത്തില്‍ ഔദ്യോഗിക നിര്‍ദേശങ്ങള്‍ പാലിച്ചാണ് മുന്നോട്ട് പോകുന്നത്,' ഇ.സി.ബി ഔദ്യോഗിക പ്രസ്താവനയില്‍ വ്യക്തമാക്കി.


