- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'ഇന്ത്യ കണ്ടതിൽ വെച്ച് ഏറ്റവും മികച്ച ആറാം നമ്പർ ബാറ്ററാക്കും'; ലഖ്‌നൗ സൂപ്പർ ജയന്റ്സിന്റെ ഹീറോയായ മുകുളിനെ ചേർത്തുപിടിച്ച് ജസ്റ്റിൻ ലാംഗർ പറഞ്ഞത്; വൈറലായി വീഡിയോ

കൊൽക്കത്ത: ഈഡൻ ഗാർഡൻസിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരെ ലഖ്‌നൗ സൂപ്പർ ജയന്റ്‌സിന് അവിശ്വസനീയ ജയം സമ്മാനിച്ച മുകുൾ ചൗധരിയെക്കുറിച്ച് കോച്ച് ജസ്റ്റിൻ ലാംഗർ മുൻപ് നടത്തിയ വാക്കുകൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമാകുന്നു. വെറും 27 പന്തിൽ ഏഴ് സിക്സറുകളുടെ അകമ്പടിയോടെ പുറത്താകാതെ 54 റൺസ് അടിച്ചുകൂട്ടി മുകുൾ ടീമിനെ വിജയത്തിലെത്തിച്ചതിന് പിന്നാലെയാണ് ലാംഗറുടെ ആ പഴയ പ്രവചനം ലഖ്‌നൗ ആരാധകർ ഏറ്റെടുത്തിരിക്കുന്നത്.
മത്സരത്തിലെ തകർപ്പൻ ജയത്തിന് ശേഷം ലഖ്‌നൗ സൂപ്പർ ജയന്റ്‌സ് പുറത്തുവിട്ട വീഡിയോയിലാണ് ലാംഗറുടെ ആ ആത്മവിശ്വാസം നിറഞ്ഞ വാക്കുകളുള്ളത്. മുകുളിനെ ചേർത്തുപിടിച്ച് ലാംഗർ നൽകിയ വാഗ്ദാനം ഇതായിരുന്നു: "ഇന്ത്യ കണ്ടതിൽ വെച്ച് ഏറ്റവും ഭയപ്പെടുത്തുന്ന നമ്പർ 6 അല്ലെങ്കിൽ നമ്പർ 7 ബാറ്ററായി നിന്നെ ഞാൻ മാറ്റിയെടുക്കും." കോച്ചിന്റെ ആ വാക്കുകൾ വെറുതെയല്ലെന്ന് തെളിയിക്കുന്നതായിരുന്നു ഈഡൻ ഗാർഡൻസിലെ മുകുളിന്റെ വെടിക്കെട്ട്.
182 റൺസ് പിന്തുടർന്ന ലഖ്‌നൗ അവസാന ഓവറുകളിൽ സമ്മർദ്ദത്തിലായെങ്കിലും മുകുൾ കുലുങ്ങിയില്ല. അവസാന ഓവറിലെ രണ്ട് സിക്സറുകളടക്കം പറത്തി മത്സരത്തിന്റെ അവസാന പന്തിലാണ് താരം ടീമിനെ വിജയരേഖ കടത്തിയത്. "അവസാനം വരെ ക്രീസിൽ നിൽക്കുക എന്നതായിരുന്നു എന്റെ ലക്ഷ്യം. ഇത് എന്റെ രണ്ടാമത്തെ മാത്രം മത്സരമാണ്. ദൈവം തന്ന ഈ അവസരം പേരെടുക്കാനുള്ള മാർഗമായി ഞാൻ കണ്ടു," മാൻ ഓഫ് ദി മാച്ച് പുരസ്കാരം ഏറ്റുവാങ്ങി മുകുൾ പറഞ്ഞു.
What JL said 🧿 pic.twitter.com/c7y4oI4Sgn
— Lucknow Super Giants (@LucknowIPL) April 9, 2026
താൻ വിവാഹിതനാകുന്നതിനും മുൻപേ, തന്റെ മകൻ ഒരു ക്രിക്കറ്ററാകണമെന്ന് അച്ഛൻ സ്വപ്നം കണ്ടിരുന്നുവെന്ന് മുകുൾ പറഞ്ഞു. ക്രിക്കറ്റ് അക്കാദമികളില്ലാത്ത സിക്കിമിൽ നിന്ന് ഇന്ത്യൻ ക്രിക്കറ്റിന്റെ വലിയ വേദിയിലേക്കുള്ള മുകുളിന്റെ യാത്ര പോരാട്ടങ്ങളുടേതായിരുന്നു. നാട്ടിൽ സൗകര്യങ്ങൾ കുറവായതിനാൽ ഡൽഹിയിലെയും ഗുഡ്ഗാവിലെയും മൈതാനങ്ങളിലായിരുന്നു മുകുളിന്റെ കരിയറിന്റെ തുടക്കം. യു.പിക്ക് എതിരെ നടന്ന അണ്ടർ-19 മത്സരത്തിലെ പ്രകടനം കണ്ടപ്പോഴാണ് തന്റെ മകൻ ക്രിക്കറ്റ് ലോകത്ത് വലിയ നിലയിലെത്തുമെന്ന് അച്ഛന് ഉറപ്പായതെന്നും താരം വെളിപ്പെടുത്തി.


