അഹമ്മദാബാദ്: വിജയ് ഹസാരെ ട്രോഫി ക്രിക്കറ്റ് മത്സരത്തിൽ കേരളത്തിനെതിരെ കർണാടകയ്ക്ക് എട്ട് വിക്കറ്റിന്റെ അനായാസ ജയം. മലയാളി താരങ്ങളായ ദേവ്ദത്ത് പടിക്കലിന്റെയും കരുൺ നായരുടെയും തകർപ്പൻ സെഞ്ച്വറികളാണ് കർണാടകയ്ക്ക് തകർപ്പൻ ജയം സമ്മാനിച്ചത്. 285 റൺസ് വിജയലക്ഷ്യം പിന്തുടർന്ന കർണാടക 48.2 ഓവറിൽ രണ്ട് വിക്കറ്റ് മാത്രം നഷ്ടത്തിൽ ലക്ഷ്യം കണ്ടു.

137 പന്തുകളിൽ നിന്ന് 12 ഫോറും 3 സിക്സുമടക്കം 124 റൺസെടുത്ത് ദേവ്ദത്ത് പടിക്കൽ പുറത്തായി. കരുൺ നായർ 130 പന്തുകളിൽ 14 ഫോറുകളോടെ പുറത്താകാതെ 130 റൺസ് നേടി കർണാടകയെ വിജയത്തിലേക്ക് നയിച്ചു. സ്മരൻ 25 റൺസുമായി കരുണിന് മികച്ച പിന്തുണ നൽകി. ക്യാപ്റ്റൻ മായങ്ക് അഗർവാൾ ഒരു റൺസെടുത്ത് പുറത്തായി. കേരളത്തിനായി എം.ഡി. നിധീഷും അഖിൽ സ്കറിയയും ഓരോ വിക്കറ്റ് വീതം വീഴ്ത്തി.

നേരത്തെ, ആദ്യം ബാറ്റ് ചെയ്ത കേരളം നിശ്ചിത 50 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 284 റൺസാണ് നേടിയത്. ഏഴാമനായി ക്രീസിലെത്തി മികച്ച ബാറ്റിംഗ് പുറത്തെടുത്ത മുഹമ്മദ് അസ്ഹറുദ്ദീന്റെ അർധസെഞ്ച്വറിയാണ് കേരളത്തിന് മികച്ച സ്കോർ സമ്മാനിച്ചത്. 58 പന്തുകൾ നേരിട്ട് 3 ഫോറും 4 സിക്സുമടക്കം 84 റൺസുമായി അസ്ഹറുദ്ദീൻ പുറത്താകാതെ നിന്നു. ബാബ അപരാജിത് 62 പന്തിൽ 8 ഫോറും 2 സിക്സുമടക്കം 71 റൺസ് നേടി. വിഷ്ണു വിനോദ് (35), എം.ഡി. നിധീഷ് (പുറത്താകാതെ 34), അഖിൽ സ്കറിയ (27) എന്നിവരും കേരളത്തിനായി ഭേദപ്പെട്ട പ്രകടനം കാഴ്ചവെച്ചു.