ന്യൂഡൽഹി: ഇന്ത്യൻ ക്രിക്കറ്റ് താരം കെ.എൽ രാഹുലിനൊപ്പം താനുള്ള ചിത്രം നിർമ്മിതബുദ്ധി (എഐ) ഉപയോഗിച്ച് സൃഷ്ടിച്ചതാണെന്ന് ക്രിക്കറ്റ് താരം കരുൺ നായർ. പവലിയനിലെ ബാൽക്കണിയിൽ സഹ താരമായ കെ എൽ രാഹുലിനോടൊപ്പമിരുന്ന് കരയുന്ന കരുൺ നായരുടെ ചിത്രങ്ങളാണ് സാമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചിരുന്നത്. അടുത്തിടെ അവസാനിച്ച ഇന്ത്യ ഇംഗ്ലണ്ട് പരമ്പരയിൽ കരുൺ നായർക്ക് അവസരം ലഭിച്ചെങ്കിലും മികച്ച പ്രകടനം കാഴ്ചവെക്കാൻ കഴിഞ്ഞിരുന്നില്ല. ഇതിന്റെ പശ്ചാത്തലത്തിലായിരുന്നു താരത്തിന്റെ ദൃശ്യങ്ങൾ സാമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചത്.

സമൂഹമാധ്യമങ്ങളിൽ ഈ ചിത്രം വ്യാപകമായി പങ്കുവെക്കപ്പെടുകയും ആരാധകർക്കിടയിൽ വലിയ ചർച്ചകൾക്ക് വഴിവെക്കുകയും ചെയ്തിരുന്നു. എന്നാൽ, ഈ ചിത്രം യഥാർത്ഥമല്ലെന്നും പൂർണ്ണമായും എഐ സാങ്കേതികവിദ്യ ഉപയോഗിച്ച് നിർമ്മിച്ചതാണെന്നും കരുൺ നായർ ഇപ്പോൾ വ്യക്തമാക്കിയിരിക്കുകയാണ്. കളിക്കാരൻ തന്നെ നേരിട്ട് വിശദീകരണം നൽകിയതോടെ, ഏറെ ചർച്ച ചെയ്യപ്പെട്ട ഈ ഫോട്ടോയെക്കുറിച്ചുള്ള അഭ്യൂഹങ്ങൾ അവസാനിച്ചിരിക്കുകയാണ്.

അതേസമയം ടീമിൽ തന്നോടൊപ്പം രണ്ട് കർണാടക താരങ്ങൾ കൂടി ഉണ്ടായിരുന്നത് നന്നായെന്നും, മികച്ച രീതിയിൽ പരമ്പര അവസാനിപ്പിക്കാൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്നും കരുൺ നായർ വ്യക്തമാക്കി. പരമ്പര തോറ്റിരുന്നെങ്കിൽ ടീം വളരെ നിരാശരാകുമായിരുന്നു, കാരണം വളരെ മികച്ച പ്രകടനമാണ് കളിക്കാർ കാഴ്ചവച്ചിരുന്നതെന്നും കരുൺ നായർ കൂട്ടിച്ചേർത്തു.