തിരുവനന്തപുരം: കേരള ക്രിക്കറ്റ് ലീഗ് രണ്ടാം സീസണിന്റെ കലാശപ്പോരില്‍ നിലവില്‍ ചാമ്പ്യന്മാരായ കൊല്ലം സെയ്ലേഴ്സിനെ 75 റണ്‍സിന് തകര്‍ത്താണ് സാലി സാംസണ്‍ നയിക്കുന്ന കൊച്ചി ബ്ലൂ ടൈഗേഴ്സ് ചാമ്പ്യന്മാരായത്. കാര്യവട്ടം, ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ബ്ലൂ ടൈഗേഴ്സ് നിശ്ചിത ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 181 റണ്‍സാണ് നേടിയത്. 30 പന്തില്‍ 70 റണ്‍സ് നേടിയ വിനൂപ് മനോഹരനാണ് ടീമിന് കൂറ്റന്‍ സ്‌കോറിലേക്ക് നയിച്ചത്. മറുപടി ബാറ്റിംഗില്‍ സെയ്ലേഴസ് 16.3 ഓവറില്‍ 106ന് എല്ലാവരും പുറത്തായി. മൂന്ന് വിക്കറ്റ് വീഴ്ത്തിയ പി എസ് ജെറിനാണ് സെയ്ലേഴ്സിനെ തകര്‍ത്തത്. മുഹമ്മദ് ആഷിഖ്, കെ എം ആസിഫ്, സാലി സാംസണ്‍ എന്നിവര്‍ രണ്ട് വിക്കറ്റ് വീതം നേടി ജയത്തില്‍ പങ്കാളികളായി.

ടൂര്‍ണമെന്റിലുടനീളം ആധികാരിക പ്രകടനം കാഴ്ച വച്ചാണ് കൊച്ചിയുടെ കിരീടധാരണം. സൂപ്പര്‍താരം സഞ്ജു സാംസണിന്റെ വരവും സഹോദരന്‍ സാലി സാംസണിന്റെ ക്യാപ്റ്റന്‍സിയും കൊണ്ട് ശ്രദ്ധേയമായിരുന്നു കൊച്ചിയുടെ സാന്നിധ്യം. കുറച്ചുമത്സരങ്ങളില്‍ മാത്രം കളത്തിലിറങ്ങിയ സഞ്ജു തകര്‍പ്പന്‍ പ്രകടനമാണ് കാഴ്ച വച്ചത്. സഞ്ജു ഏഷ്യാ കപ്പിനായി യുഎഇയിലക്കേ് പോയെങ്കിലും കൊച്ചി പോരാട്ടം തുടര്‍ന്നു. ഒടുവില്‍ കന്നിക്കിരീടവും ടീം സ്വന്തമാക്കി.

റൈഫിയുടെ 'ശരാശരിക്കാര്‍'

സഞ്ജു സാംസണും വിനൂപ് മനോഹരനും കെ.എം.ആസിഫും ഒഴിച്ചാല്‍ പെരുമക്കാര്‍ ഏറെയൊന്നുമില്ല കൊച്ചി ബ്ലൂ ടൈഗേഴ്‌സില്‍. ടീമിലേറെയും വലിയ പരിചയ സമ്പത്തൊന്നും അവകാശപ്പെടാനില്ലാത്ത പുതുനിര താരങ്ങള്‍. പക്ഷേ, പെരുമക്കാരായ എതിരാളികളുടെ മുന്നില്‍ മുട്ടിടിക്കാത്ത പോരാട്ട വീര്യം സഞ്ജുവിന്റെ സഹോദരന്‍ സലി സാംസണ്‍ നയിച്ച കൊച്ചി ബ്ലൂ ടൈഗേഴ്‌സിന് ആവോളമുണ്ടായിരുന്നു; ഓള്‍റൗണ്ട് മികവും. കെസിഎല്‍ ആദ്യ സീസണില്‍ സെമിയില്‍ പോലുമെത്താതെ അഞ്ചാം സ്ഥാനക്കാരായി മടങ്ങിയ ടീം ഇത്തവണ കപ്പ് ഉയര്‍ത്തിയത് ആ വീര്യത്തിന്റെ കരുത്തിലാണ്.

ഈ സീസണിലെ ആകെ പ്രകടനം പരിഗണിച്ചാലും കപ്പിന് മറ്റൊരു അവകാശിയുണ്ടായിരുന്നില്ല. കൊച്ചി തോല്‍പിക്കാത്ത ടീമുകളൊന്നുമില്ല. ആദ്യ റൗണ്ടിലെ 10 കളികളില്‍ എട്ടിലും ജയം. തുടക്കത്തില്‍ ആ മുന്നേറ്റത്തിന് ബാറ്റ് കൊണ്ട് നേതൃത്വം വഹിച്ചത് സഞ്ജു സാംസണായിരുന്നു. പക്ഷേ, 6 മത്സരങ്ങള്‍ കഴിഞ്ഞതോടെ സഞ്ജു ഏഷ്യാകപ്പിനായി ദുബായിലേക്ക് പോയി. എന്നാല്‍ സഞ്ജുവിനെ മാത്രം ആശ്രയിച്ചുള്ള ടീമല്ല കൊച്ചിയെന്ന് തെളിയിക്കുന്നതായിരുന്നു തുടര്‍ന്നുള്ള മത്സരങ്ങളിലെ പ്രകടനം. അതു ഫൈനലില്‍ വരെ ഒരേ മികവോടെ നീണ്ടു.

സഞ്ജു പോയ ശേഷം ഫൈനല്‍ വരെയുള്ള 6 മത്സരങ്ങളിലും ആധികാരിക ജയമാണ് ടീം നേടിയത്. സഞ്ജുവിന്റെ അഭാവത്തില്‍ ഓപ്പണിങ്ങില്‍ ഉത്തരവാദിത്തം ഏറ്റെടുത്ത വിനൂപ് മനോഹരനാണ് ആ മുന്നേറ്റത്തില്‍ നിര്‍ണായക പങ്ക് വഹിച്ചത്. ഫൈനലിലും കൊച്ചി ഇന്നിങ്‌സിന്റെ നട്ടെല്ല് വിനൂപ് ആയിരുന്നു. താരലേലത്തില്‍ ആകെ ചെലവാക്കാവുന്നതിന്റെ പകുതിയോളം തുക സഞ്ജുവിനായി നീക്കി വച്ചപ്പോള്‍ മറ്റു പ്രമുഖ താരങ്ങളെ സ്വന്തമാക്കുന്നതില്‍ കൊച്ചിക്ക് തന്ത്രപരമായി പിഴച്ചുവെന്ന് കുറ്റപ്പെടുത്തിയവരുണ്ട്. കഴിഞ്ഞ സീസണില്‍ ടീമിലുണ്ടായിട്ടും ഒരു മത്സരം മാത്രം കളിക്കാന്‍ അവസരം ലഭിച്ച സലി സാംസണെ ക്യാപ്റ്റനാക്കിയപ്പോഴും ചോദ്യങ്ങള്‍ ഉയര്‍ന്നിരുന്നു.

പക്ഷേ, കളിമികവിലൂടെയാണ് കൊച്ചിയും സലിയും അതിനു മറുപടി നല്‍കിയത്. അമിതാവേശമില്ലാതെ പക്വതയോടെ സലി ടീമിനെ നയിച്ചു, റൈഫി വിന്‍സന്റ് ഗോമസ് എന്ന കോച്ചിന്റെ ആസൂത്രണ മികവും നിര്‍ണായകമായി. സഞ്ജുവുമായി ഏറെ അടുപ്പം പുലര്‍ത്തുന്ന റൈഫി 'ശരാശരിക്കാര്‍' കൂടുതലുള്ള കൊച്ചിയെ കരുത്തുള്ള ടീമാക്കി മെനഞ്ഞെടുക്കുകയായിരുന്നു. സുഭാഷ് ജോര്‍ജ് മാനുവല്‍ ഉടമസ്ഥനായ ടീം ഒടുവില്‍ ആധികാരികമായി അതിന്റെ ഫലം നേടുകയും ചെയ്തു.

സഞ്ജു മടങ്ങിയിട്ടും എത്തിപ്പിടിച്ച് കിരീടം

ടൂര്‍ണമെന്റില്‍ അഞ്ച് ഇന്നിങ്സുകളില്‍ നിന്നായി 368 റണ്‍സാണ് സഞ്ജുവിന്റെ സമ്പാദ്യം. റണ്‍വേട്ടക്കാരുടെ പട്ടികയില്‍ നാലാമതാണ് താരം. വെറും ആറുമത്സരങ്ങള്‍ മാത്രമാണ് താരം കളിച്ചത്. അഞ്ച് ഇന്നിങ്‌സുകളും. ട്രിവാന്‍ഡ്രം റോയല്‍സ് ക്യാപ്റ്റന്‍ കൃഷ്ണപ്രസാദാണ് കെസിഎലിന്റെ ഈ സീസണിലെ ടോപ് സ്‌കോറര്‍. 10 ഇന്നിങ്സിലായി സെഞ്ചുറിയും മൂന്ന് അര്‍ധസെഞ്ചുറിയുമായി 479 റണ്‍സാണ് കൃഷ്ണപ്രസാദ് അടിച്ചെടുത്തത്. 11 മത്സരങ്ങളില്‍നിന്ന് 437 റണ്‍സ് നേടിയ അഹമ്മദ് ഇമ്രാനാണ് രണ്ടാമത്. 12 മത്സരങ്ങളില്‍ നിന്ന് 414 റണ്‍സെടുത്ത വിനൂപ് മനോഹരനാണ് മൂന്നാമത്. ഇത്രയും ചുരുങ്ങിയ ഇന്നിങ്‌സുകള്‍ കൊണ്ട് തന്നെ ആദ്യ നാല് റണ്‍വേട്ടക്കാരിലെത്താന്‍ സഞ്ജുവിന് സാധിച്ചുവെന്നതാണ് ശ്രദ്ധേയം.

ടൂര്‍ണമെന്റില്‍ ഏറ്റവും കൂടുതല്‍ സിക്സര്‍ നേടിയ താരവും സഞ്ജുവാണ്. 30 സിക്സറുകളാണ് താരം നേടിയത്. അത് ഒരാള്‍ക്കും മറികടക്കാനുമായില്ല. 28 സിക്‌സര്‍ നേടിയ സല്‍മാന്‍ നിസാറാണ് പട്ടികയില്‍ രണ്ടാമത്. ആലപ്പി റിപ്പിള്‍സ്, ട്രിവാന്‍ഡ്രം റോയല്‍സ്, തൃശ്ശൂര്‍ ടൈറ്റന്‍സ് ടീമുകള്‍ക്കെതിരേ അര്‍ധസെഞ്ചുറിയും കൊല്ലം സെയ്ലേഴ്സിനെതിരേ സെഞ്ചുറിയും സഞ്ജു നേടി. ആലപ്പിക്കെതിരെ 41 പന്തില്‍ 83 റണ്‍സെടുത്താണ് സഞ്ജു പുറത്തായത്. രണ്ട് ഫോറുകളും ഒന്‍പത് സിക്സറുമടങ്ങുന്നതായിരുന്നു ഇന്നിങ്സ്. ട്രിവാന്‍ഡ്രം റോയല്‍സിനെതിരേ സഞ്ജു 37 പന്തില്‍ 62 റണ്‍സെടുത്തിരുന്നു.നാല് ഫോറുകളും അഞ്ച്‌സിക്സറുകളുമടങ്ങുന്നതായിരുന്നു ഇന്നിങ്സ്. തൃശ്ശൂരിനെതിരെ 46 പന്തില്‍ 89 റണ്‍സെടുത്തു.

കൊല്ലം സെയ്ലേഴ്സിനെതിരേ 16 പന്തില്‍ അര്‍ധസെഞ്ചുറി തികച്ച സഞ്ജു പിന്നാലെ 42 പന്തില്‍ സെഞ്ചുറിയും കുറിച്ചു. കൊല്ലം ഉയര്‍ത്തിയ 237 റണ്‍സെന്ന കൂറ്റന്‍ വിജയലക്ഷ്യവുമായി മറുപടി ബാറ്റിങ്ങിനിറങ്ങിയ കൊച്ചി ബ്ലൂ ടൈഗേഴ്‌സിനായാണ് ഇന്ത്യന്‍ താരത്തിന്റെ വെടിക്കെട്ട് പ്രകടനം. 13 ഫോറുകളും അഞ്ച് സിക്‌സറുകളും അടങ്ങുന്നതായിരുന്നു ഇന്നിങ്‌സ്. ഒടുവില്‍ 51 പന്തില്‍ 121 റണ്‍സെടുത്താണ് സഞ്ജു മടങ്ങിയത്.

സഞ്ജുവിന്റെ അഭാവത്തിലും ഒരുമയോടെ ടീം മുന്നേറുന്നതാണ് പിന്നീട് കണ്ടത്. വെടിക്കെട്ട് ബാറ്റിങ്ങുമായി വിനൂപ് മനോഹരനും ഓള്‍റൗണ്ടര്‍ മുഹമ്മദ് ആഷിഖും മിന്നും പ്രകടനം തുടര്‍ന്നു. സെമിയിലും കലാശപ്പോരിലും ടീമിന്റെ പ്രകടനം ആധികാരികമായിരുന്നു. സെമിഫൈനലില്‍ കാലിക്കറ്റിനെ 15 റണ്‍സിന് പരാജയപ്പെടുത്തിയാണ് ഫൈനലില്‍ പ്രവേശിച്ചത്. കഴിഞ്ഞ വര്‍ഷത്തെ അവസാന സ്ഥാനക്കാരായിരുന്ന കൊച്ചി ബ്ലൂ ടൈഗേഴ്‌സ്, ഗ്രൂപ്പ് ഘട്ടത്തില്‍ 10-ല്‍ എട്ടു മത്സരങ്ങളും ജയിച്ച് ഒന്നാം സ്ഥാനക്കാരായാണ് ഫൈനല്‍ പോരാട്ടത്തിനെത്തിയത്. ഗ്രൂപ്പ് ഘട്ടത്തിലെ രണ്ടു മത്സരങ്ങളിലും കൊല്ലത്തിനെതിരെ കൊച്ചിക്കായിരുന്നു ജയം.