- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കേരള ക്രിക്കറ്റ് ലീഗില്‍ ഇന്ന് കലാശപോരാട്ടം; കൊല്ലം സെയിലേഴ്സും കൊച്ചി ബ്ലൂ ടൈഗേഴ്‌സും നേര്‍ക്കുനേര്‍; മത്സരം വൈകിട്ട് കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍
തിരുവനന്തപുരം: കേരള ക്രിക്കറ്റ് ലീഗ് ഇന്ന് കലാശപ്പോരാട്ടത്തിലേക്ക്. കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ വൈകിട്ട് 6.30ന് നിലവിലെ ചാമ്പ്യന്‍മാരായ കൊല്ലം സെയിലേഴ്സും കൊച്ചി ബ്ലൂ ടൈഗേഴ്‌സും നേര്‍ക്കുനേരിടും.
പത്ത് മത്സരങ്ങളില്‍ എട്ടു ജയങ്ങളോടെ സെമിയിലേക്ക് കടന്ന കൊച്ചി, കാലിക്കറ്റിനെതിരെ 15 റണ്‍സിന്റെ വിജയത്തോടെ ഫൈനലിലേക്ക് എത്തി. ദേശീയ ടീമിനൊപ്പം ചേര്‍ന്ന സഞ്ജു സാംസന്റെ അഭാവം ടീമിന് തിരിച്ചടിയായെങ്കിലും, വിനൂപ് മനോഹരന്റെ തകര്‍പ്പന്‍ തുടക്കങ്ങളാണ് കൊച്ചിയുടെ കരുത്തായി മാറിയത്. 11 ഇന്നിങ്സുകളില്‍ 344 റണ്‍സുമായി വിനൂപ് ബാറ്റിങ് പട്ടികയില്‍ നാലാം സ്ഥാനത്താണ്. വിപുല്‍ ശക്തിയുടെയും മധ്യനിരയിലെ മൊഹമ്മദ് ഷാനു, നിഖില്‍ തോട്ടത്ത്, സാലി സാംസന്‍ എന്നിവരുടെയും സ്ഥിരതയുള്ള പ്രകടനം ടീമിന് ആത്മവിശ്വാസം നല്‍കുന്നു. ബൗളിങ്ങില്‍ കെ എം ആസിഫ് 14 വിക്കറ്റുകളുമായി ടീമിന്റെ പ്രധാന ആയുധമായി തുടരുന്നു.
മറുവശത്ത്, അഞ്ചു ജയങ്ങളോടെ മൂന്നാം സ്ഥാനത്തുനിന്നാണ് കൊല്ലം സെമിയിലേക്ക് കടന്നത്. തൃശൂരിനെതിരെ പത്ത് വിക്കറ്റിന്റെ ആധികാരിക വിജയം നേടി ഫൈനലിലെത്തിയ സെയിലേഴ്സിന് അമല്‍ എ ജിയുടെ ഫോം വലിയ കരുത്താണ്. ടൂര്‍ണ്ണമെന്റില്‍ ഇതുവരെ 16 വിക്കറ്റുകളുമായി മുന്നിലുള്ള അമല്‍ സെമിയില്‍ പ്ലെയര്‍ ഓഫ് ദി മാച്ച് പുരസ്‌കാരവും സ്വന്തമാക്കി. പവന്‍ രാജ്, ഷറഫുദ്ദീന്‍, വിജയ് വിശ്വനാഥ് എന്നിവരുടെ സ്ഥിരതയുള്ള ബൗളിങ്ങും സച്ചിന്‍ ബേബിയുടെ തന്ത്രനിപുണതയും ടീമിന് ശക്തി പകരുന്നു. ബാറ്റിങ് നിരയില്‍ അഭിഷേക് ജെ നായര്‍, സച്ചിന്‍ ബേബി, വിഷ്ണു വിനോദ് എന്നിവര്‍ നിര്‍ണായക വേഷം കൈകാര്യം ചെയ്യുന്നു.
ഒപ്പത്തിനൊപ്പം കരുത്തോടെ നില്ക്കുന്ന രണ്ട് ടീമുകള്‍ ഫൈനലില്‍ ഏറ്റുമുട്ടുമ്പോള്‍ മത്സരം ആവേശകരമാകുമെന്ന് ഉറപ്പ്. ടോസിന്റെ ഭാഗ്യം പോലും മത്സരത്തിന്റെ രസം മാറ്റിമറിച്ചേക്കും.