തിരുവനന്തപുരം: 9 സിക്സറും 2 ഫോറും! ഓപ്പണറായി ഇറങ്ങി വീണ്ടും വെടിക്കെട്ട് അര്‍ധസെഞ്ച്വറിയുമായി സഞ്ജു സാംസണ്‍.41 പന്തില്‍ 83 റണ്‍സെടുത്ത സഞ്ജുവിന്റെ മിന്നും പ്രകടനത്തിന്റെ ബലത്തില്‍ ആലപ്പി റിപ്പിള്‍സിനെ വീഴ്ത്തി കൊച്ചി ബ്ലു ടൈഗേഴ്സ്.3 വിക്കറ്റിന് ഇത്തവണ കൊച്ചിയുടെ വിജയം. ആദ്യം ബാറ്റ് ചെയ്ത് ആലപ്പി ഉയര്‍ത്തിയ 177 റണ്‍സ് വിജയലക്ഷ്യം കൊച്ചി ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 10പന്ത് ബാക്കി നിര്‍ത്തിയാണ് മറികടന്നത്.സ്‌കോര്‍ ആലപ്പി റിപ്പിള്‍സ് 20 ഓവറില്‍ 176-6, കൊച്ചി ബ്ലൂ ടൈഗേഴ്സ് 18.2 ഓവറില്‍ 178-7.ടൂര്‍ണമെന്റില്‍ ആറാം ജയത്തോടെ കൊച്ചി പ്ലേ ഓഫ് ഉറപ്പിക്കുകയും ചെയ്തു.

41 പന്തുകള്‍ നേരിട്ട് 83 റണ്‍സാണ് സഞ്ജു അടിച്ചുകൂട്ടിയത്. ഒന്‍പത് സിക്‌സും രണ്ട് ബൗണ്ടറിയും ഇന്നിങ്‌സില്‍ ഉള്‍പ്പെടുന്നു. മുഹമ്മദ് ഇനാനെറിഞ്ഞ 13-ാം ഓവറില്‍ സഞ്ജു തുടര്‍ച്ചയായ മൂന്ന് പന്തുകളില്‍ സിക്‌സും ഒന്നിടവിട്ട ശേഷം ഒരു ബൗണ്ടറിയും നേടി. ഓവറിലാകെ കുറിച്ചത് 25 റണ്‍സ്. ശ്രീരൂപെറിഞ്ഞ തൊട്ടടുത്ത ഓവറില്‍ ക്യാച്ചായി മടങ്ങി. 11-ാം ഓവറില്‍ ജലജ് സക്‌സേനയെ സിക്‌സിനു പായിച്ചാണ് സഞ്ജു ഫിഫ്റ്റി നേടിയത്. തുടര്‍ന്നുള്ള ഒന്‍പത് പന്തുകളിലാണ് 32 റണ്‍സ് നേടിയത്. ആലപ്പിയുടെ കൗമാര താരം ഇനാനാണ് ഏറ്റവും വലിയ പ്രഹരമനുഭവിക്കേണ്ടിവന്നത്.

വിനൂപ് മോഹന്‍ (23), നിഖില്‍ തോട്ടത്ത് (18), കെ. അജീഷ് (18), പി.എസ്. ജെറിന്‍ (25*) എന്നിവരും തിളങ്ങി. രാഹുല്‍ ചന്ദ്രനെറിഞ്ഞ പന്തില്‍ സിക്‌സ് നേടി സ്റ്റൈലിഷായാണ് ജെറിന്‍ മത്സരം ജയിപ്പിച്ചത്. ജെറിന്‍ രണ്ട് വിക്കറ്റുകളും നേടിയിരുന്നു. ആലപ്പുഴയ്ക്കായി രാഹുല്‍ ചന്ദ്രനും എം.പി. ശ്രീരൂപും ജലജ് സക്‌സേനയും രണ്ടുവീതം വിക്കറ്റുകള്‍ നേടി.

ആദ്യം ബാറ്റ് ചെയ്ത ആലപ്പി റിപ്പിള്‍സ് 20 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തിലാണ് 176 റണ്‍സെടുത്തത്. 71 റണ്‍സെടുത്ത ജലജ് സക്‌സേനയാണ് ആലപ്പി റിപ്പിള്‍സിന്റെ ടോപ് സ്‌കോറര്‍. ജലജിന് രണ്ട് വിക്കറ്റുകളുമുണ്ട്. അസ്ഹറുമായി ചേര്‍ന്ന് ജലജ് തകര്‍പ്പന്‍ തുടക്കമാണ് നല്‍കിയത്. പതിവില്‍ നിന്ന് വ്യത്യസ്തമായി ആദ്യ ഓവറുകളില്‍ ആഞ്ഞടിച്ചത് ജലജ് സക്‌സേനയാണ്. ശ്രീഹരി എസ് നായര്‍ എറിഞ്ഞ രണ്ടാം ഓവറില്‍ തുടരെ രണ്ട് ഫോറും രണ്ട് സിക്‌സും അടക്കം 20 റണ്‍സാണ് ജലജ് സക്‌സേന നേടിയത്. നാലാം ഓവറില്‍ തന്നെ ആലപ്പിയുടെ സ്‌കോര്‍ അന്‍പതിലെത്തി. 25 പന്തുകളില്‍ ജലജ് അര്‍ദ്ധ സെഞ്ച്വറി തികച്ചു. ഇരുവരും ചേര്‍ന്ന ആദ്യ വിക്കറ്റില്‍ 94 റണ്‍സാണ് പിറന്നത്. 71 റണ്‍സെടുത്ത ജലജ് സക്‌സേനയെ പി എസ് ജെറിന്‍ ക്ലീന്‍ ബൌള്‍ഡാക്കുകയായിരുന്നു.42 പന്തുകളില്‍ 11 ഫോറും രണ്ട് സിക്‌സുമടങ്ങുന്നതായിരുന്നു ജലജിന്റെ ഇന്നിങ്‌സ്.

ജലജ് മടങ്ങിയതോടെ അസറുദ്ദീന്‍ സ്‌കോറിങ് വേഗത്തിലാക്കി. അഭിഷേക് പി നായര്‍ മികച്ച പിന്തുണ നല്കി. 24 റണ്‍സെടുത്ത അഭിഷേക് പി നായരെയും പി എസ് ജെറിനാണ് പുറത്താക്കിയത്. കൂറ്റന്‍ സ്‌കോറിലേക്ക് നീങ്ങിയ ആലപ്പിയുടെ ഇന്നിങ്‌സിന് തടയിട്ടത് 18ആം ഓവറില്‍ കെ എം ആസിഫാണ്. തുടരെയുള്ള പന്തുകളില്‍ മുഹമ്മദ് അസറുദ്ദീനെയും മുഹമ്മദ് ഇനാനെയും പുറത്താക്കിയ ആസിഫ് ആ ഓവറില്‍ ഏഴ് റണ്‍സ് മാത്രമാണ് വിട്ടു കൊടുത്തത്. 43 പന്തുകളില്‍ ഏഴ് ഫോറും രണ്ട് സിക്‌സും അടക്കം 64 റണ്‍സാണ് അസറുദ്ദീന്‍ നേടിയത്. തുടര്‍ന്നെത്തിയ മുഹമ്മദ് കൈഫും ഒരു റണ്ണുമായി മടങ്ങി. കൊച്ചിയുടെ ബൌളര്‍മാര്‍ കണിശതയോടെ പന്തെറിഞ്ഞത് ആലപ്പിയുടെ സ്‌കോറിങ് ദുഷ്‌കരമാക്കി. ജോബിന്‍ ജോബി എറിഞ്ഞ 19ആം ഓവര്‍ മെയ്ഡനായി. ആ ഓവറില്‍ ജോബിന്‍ ഒരു വിക്കറ്റും വീഴ്ത്തി. ആലപ്പിയുടെ ഇന്നിങ്‌സ് 176ല്‍ അവസാനിച്ചു.