തിരുവനന്തപുരം:കേരള ക്രിക്കറ്റ് ലീഗില്‍ ഉദ്ഘാടന മത്സരത്തില്‍ നിലവില്‍ ചാമ്പ്യന്മാരായ ഏരീസ് കൊല്ലം സെയ്‌ലേഴ്‌സിന് അവിസ്മരണീയ ജയം.കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ കാലിക്കറ്റ് ഗ്ലോബ്സ്റ്റാര്‍സിനെതിരായ മത്സരത്തില്‍ ഒരു വിക്കറ്റിന്റെ ജയമാണ് സെയ്‌ലേഴ്‌സ് സ്വന്തമാക്കിയത്.ഒരു വിക്കറ്റ് ശേഷിക്കേ അവസാന ഓവറില്‍ ജയിക്കാന്‍ 14 റണ്‍സ് വേണ്ടിയിരുന്ന കൊല്ലത്തിനായി തുടര്‍ച്ചയായ രണ്ട് പന്തുകള്‍ സിക്‌സറിന് പറത്തി ബിജു നാരായണനാണ് ടീമിന് അവിസ്മരണീയ വിജയം സമ്മാനിച്ചത്.139 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന സെയ്‌ലേഴ്‌സ് 19.5 ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം മറികടന്നു.41 റണ്‍സ് നേടിയ വത്സല്‍ ഗോവിന്ദാണ് ടോപ് സ്‌കോറര്‍.വാലറ്റക്കാരന്‍ ബിജു നാരായണനാണ് 7 പന്തില്‍ 15 റണ്‍സുമായി പുറത്താവാതെ നിന്നു.

139 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റെടുത്ത കൊല്ലത്തിന് ആദ്യ പന്തില്‍ തന്നെ വിഷ്ണു വിനോദിനെ (0) നഷ്ടമായി.രണ്ടാം വിക്കറ്റില്‍ അഭിഷേക് നായര്‍ - ക്യാപ്റ്റന്‍ സച്ചിന്‍ ബേബി സഖ്യം സ്‌കോര്‍ 44 വരെയെത്തിച്ചു. പിന്നീട് കൂട്ടത്തകര്‍ച്ചയായിരുന്നു. 21 പന്തില്‍ നിന്ന് 24 റണ്‍സെടുത്ത് സച്ചിനും 20 പന്തില്‍ നിന്ന് 21 റണ്‍സെടുത്ത് അഭിഷേകും പുറത്തായി. പിന്നാലെ രാഹുല്‍ ശര്‍മ (0), സജീവന്‍ അഖില്‍ (3), ഷറഫുദീന്‍ (5) എന്നിവര്‍ കാര്യമായ സംഭാവനകളില്ലാതെ മടങ്ങി.

എന്നാല്‍ ഏഴാം വിക്കറ്റില്‍ അമലിനെ കൂട്ടുപിടിച്ച് വത്സല്‍ ഗോവിന്ദ് സ്‌കോര്‍ 100-ല്‍ എത്തിച്ചു. 16-ാം ഓവറില്‍ അമല്‍ (14) മടങ്ങി. 18-ാം ഓവറില്‍ വത്സല്‍ ഗോവിന്ദും പുറത്തായതോടെ കൊല്ലം തോല്‍വി മുന്നില്‍ക്കണ്ടതായിരുന്നു. 31 പന്തില്‍ നിന്ന് 41 റണ്‍സെടുത്ത ഗോവിന്ദാണ് ടീമിന്റെ ടോപ് സ്‌കോറര്‍.

അവസാന വിക്കറ്റില്‍ ഒന്നിച്ച ഏദന്‍ ആപ്പിള്‍ ടോമും ബിജി നാരായണനും ഇബ്‌നുള്‍ അഫ്താബിന്റെ 18-ാം ഓവറില്‍ 10 റണ്‍സ് നേടി. ഏദന്റെ ഒരു സിക്‌സും ഈ ഓവറില്‍ പിറന്നു. പിന്നാലെ അവസാന ഓവറില്‍ ജയിക്കാന്‍ 14 റണ്‍സ് വേണമെന്നിരിക്കേ അഖില്‍ ദേവ് എറിഞ്ഞ നാലും അഞ്ചും പന്തുകള്‍ സിക്‌സറിന് പറത്തി ഒരു പന്തും ഒരു വിക്കറ്റും ശേഷിക്കേ ബിജു നാരായണന്‍ ടീമിന് ആവേശ ജയം സമ്മാനിച്ചു.കാലിക്കറ്റിനായി അഖില്‍ സ്‌കറിയ 14 റണ്‍സിന് നാലു വിക്കറ്റും സുദേശന്‍ മിഥുന്‍ 22 റണ്‍സിന് മൂന്നു വിക്കറ്റും വീഴ്ത്തി.

നേരത്തെ, ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ കാലിക്കറ്റ് 18 ഓവറില്‍ എല്ലാവരും പുറത്താവുകയായിരുന്നു.നാല് വിക്കറ്റ് വീഴ്ത്തിയ ഷറഫുദ്ദീനാണ് കാലിക്കറ്റിനെ തകര്‍ത്തത്. അമല്‍ മൂന്ന് വിക്കറ്റ് വീഴ്ത്തി.ക്യാപ്റ്റന്‍ രോഹന്‍ കുന്നുമ്മല്‍ കാലിക്കറ്റിന് വേണ്ടി 54 റണ്‍സെടുത്തു.ഭേദപ്പെട്ട തുടക്കമായിരുന്നു കാലിക്കറ്റിന്. ഒന്നാം വിക്കറ്റില്‍ സച്ചിന്‍ സുരേഷ് (10) രോഹന്‍ സഖ്യം 36 റണ്‍സ് ചേര്‍ത്തു. എന്നാല്‍ സുരേഷിനെ പുറത്താക്കി ഷറഫുദ്ദീന്‍, സെയ്‌ലേഴ്‌സിന് ബ്രേക്ക് ത്രൂ നല്‍കി. പിന്നീടെത്തിയ അഖില്‍ സ്‌കറിയക്ക് ഏഴ് റണ്‍സ് മാത്രമാണ് നേടാന്‍ സാധിച്ചത്.

എങ്കിലും ഒരറ്റത്ത് രോഹന്‍ അടി തുടര്‍ന്നു. എന്നാല്‍ ഒമ്പതാം ഓവറില്‍ രോഹന്‍ മടങ്ങിയതോടെ കാലിക്കറ്റിന്റെ തകര്‍ച്ചയും തുടങ്ങി. ബിജു നാരായണന് വിക്കറ്റ് നല്‍കി രോഹന്‍ മടങ്ങുമ്പോള്‍ മൂന്നിന് 76 എന്ന നിലയിലായിരുന്നു കാലിക്കറ്റ്. തുടര്‍ന്ന് 62 റണ്‍സിനിടെ ശേഷിക്കുന്ന വിക്കറ്റുകളും കാലിക്കറ്റിന് നഷ്ടമായി. സല്‍മാന്‍ നിസാര്‍ (18 പന്തില്‍ 21), മനു കൃഷ്ണന്‍ (25) എന്നിവരാണ് രണ്ടക്കം കണ്ട മറ്റുതാരങ്ങള്‍. അജിനാസ് (3), പി അന്‍ഫല്‍ (9), കൃഷ്ണ ദേവന്‍ (2), ഹരികൃഷ്ണന്‍ (1), എസ് മിഥുന്‍ (1) എന്നിവരാണ് പുറത്തായ മറ്റുതാരങ്ങള്‍. അഖില്‍ ദേവ് (2) പുറത്താവാതെ നിന്നു.