- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഒടുവില്‍ വെടിക്കെട്ട് സെഞ്ച്വറിയുമായി രക്ഷകനായി കൃഷ്ണപ്രസാദ്; ആശ്വാസ ജയവുമായി ട്രിവാന്‍ഡ്രം റോയല്‍സ്; തൃശ്ശൂര്‍ ടൈറ്റന്‍സിനെ കീഴടക്കിയത് 17 റണ്‍സിന്
കെസിഎല്ലില്‍ ട്രിവാന്‍ഡ്രം റോയല്‍സിന് ആശ്വാസ ജയം
തിരുവനന്തപുരം: കെസിഎല്ലില്‍ ട്രിവാന്‍ഡ്രം റോയല്‍സിന് ആശ്വാസ ജയം.തൃശ്ശൂര്‍ ടൈറ്റന്‍സിനെ 17 റണ്‍സിനാണ് ട്രിവാന്‍ഡ്രം കീഴടക്കിയത്.ആദ്യം ബാറ്റ് ചെയ്ത റോയല്‍സ് ക്യാപ്റ്റന്‍ കൂടിയായ കൃഷ്ണപ്രസാദിന്റെ സെഞ്ച്വറിക്കരുത്തില്‍ 20 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 201 റണ്‍സ് നേടി.മറുപടി ബാറ്റിങ്ങിനിറങ്ങിയ തൃശ്ശൂരിന് നിശ്ചിത ഓവറില്‍ എട്ടുവിക്കറ്റ് നഷ്ടത്തില്‍ 184 റണ്‍സ് നേടാനേ കഴിഞ്ഞുള്ളൂ.62 പന്തുകളില്‍നിന്ന് കൃഷ്ണപ്രസാദ് പത്ത് സിക്‌സും ആറ് ബൗണ്ടറികളും സഹിതം 119 റണ്‍സ് നേടി.ആസിഫ് സലാം മൂന്ന് വിക്കറ്റുകളും നേടി ടീമിന്റെ ജയത്തില്‍ നിര്‍ണായക പങ്ക് വഹിച്ചു.
കൃഷ്ണപ്രസാദിനൊപ്പം വിഷ്ണുരാജായിരുന്നു ട്രിവാണ്‍ഡ്രം റോയല്‍സിനായി ഇന്നിങ്‌സ് തുറന്നത്.സെമി സാധ്യതകള്‍ അവസാനിച്ചതിനാല്‍ ഒന്നും നഷ്ടപ്പെടാനില്ലാത്ത ആത്മവിശ്വാസത്തോടെ റോയല്‍സിന്റെ താരങ്ങള്‍ ബാറ്റ് വീശി.എന്നാല്‍ വിഷ്ണുരാജിനും തുടര്‍ന്നെത്തിയ അനന്തകൃഷ്ണനും പിടിച്ചു നില്‍ക്കാനായില്ല.വിഷ്ണുരാജ് പതിന്നാലും അനന്തകൃഷ്ണന്‍ ഒരു റണ്ണുമെടുത്ത് മടങ്ങി. തുടര്‍ന്നെത്തിയ റിയ ബഷീറും എം. നിഖിലുമായി ചേര്‍ന്ന് കൃഷ്ണപ്രസാദ് ഉയര്‍ത്തിയ കൂട്ടുകെട്ടുകളാണ് റോയല്‍സിന്റെ കൂറ്റന്‍ സ്‌കോറിന് അടിത്തറയിട്ടത്.
രണ്ട് കൂട്ടുകെട്ടുകളിലുമായി പിറന്ന 109 റണ്‍സിന്റെ മുക്കാല്‍ പങ്കും പിറന്നത് കൃഷ്ണപ്രസാദിന്റെ ബാറ്റില്‍നിന്നായിരുന്നു.നിര്‍ഭയം ബാറ്റുവീശിയ കൃഷ്ണപ്രസാദ് 54 പന്തുകളില്‍നിന്ന് സെഞ്ചുറി പൂര്‍ത്തിയാക്കി. റിയ ബഷീര്‍ (17), നിഖില്‍ (12) റണ്‍സ് നേടി.സെഞ്ചുറി പൂര്‍ത്തിയാക്കിയ ശേഷവും കൂറ്റന്‍ ഷോട്ടുകളിലൂടെ ബാറ്റിങ് തുടര്‍ന്ന കൃഷ്ണപ്രസാദ് 119 റണ്‍സുമായി പുറത്താകാതെ നിന്നു. 62 പന്തുകളില്‍ ആറ് ഫോറും പത്ത് സിക്‌സും അടങ്ങുന്നതായിരുന്നു കൃഷ്ണപ്രസാദിന്റെ ഇന്നിങ്‌സ്. അബ്ദുല്‍ ബാസിദ് 13 പന്തുകളില്‍ 28 റണ്‍സെടുത്തു. ഇരുവരും ചേര്‍ന്ന് അഞ്ചാം വിക്കറ്റില്‍ 57 റണ്‍സാണ് കൂട്ടിച്ചേര്‍ത്തത്. തൃശൂരിന് വേണ്ടി ആദിത്യ വിനോദ് രണ്ടും ആനന്ദ് ജോസഫ്, സിബിന്‍ ഗിരീഷ്, അജിനാസ് എന്നിവര്‍ ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.
മറുപടി ബാറ്റിങ്ങിനിറങ്ങിയ തൃശ്ശൂരിന് തുടക്കം തന്നെ പാളി.ആദ്യ ഓവറിലെ രണ്ടാംപന്തില്‍ ഓപ്പണര്‍ കെ.ആര്‍. രോഹിത്ത് പുറത്തായി. 21 പന്തില്‍ 41 റണ്‍സ് നേടി പുറത്താവാതെ നിന്ന സി.വി. വിനോദ് കുമാര്‍ ആണ് ടോപ് സ്‌കോറര്‍. അഞ്ച് സിക്‌സും രണ്ട് ഫോറും ഉള്‍പ്പെടുന്നതാണ് വിനോദ്കുമാറിന്റെ ഇന്നിങസ്. അവസാന ഓവറുകളില്‍ നടത്തിയ തകര്‍പ്പന്‍ പ്രകടനം പക്ഷേ, ടീമിനെ രക്ഷിച്ചില്ല.അഹമ്മദ് ഇമ്രാന്‍ (38), ക്യാപ്റ്റന്‍ ഷോണ്‍ റോജര്‍ (37), അക്ഷയ് മനോഹര്‍ (27), ആനന്ദ് കൃഷ്ണന്‍ (17) എന്നിവരും രണ്ടക്കം കടന്നു. ട്രിവാന്‍ഡ്രത്തിനായി വി. അഭിജിത്ത് പ്രവീണ്‍ രണ്ടും അബ്ദുല്‍ ബാസിത്ത്, അജിത് വാസുദേവന്‍, ബേസില്‍ തമ്പി എന്നിവര്‍ ഓരോന്നും വിക്കറ്റുകള്‍ വീഴ്ത്തി.