- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അനിയന്റെ വെടിക്കെട്ട് കാണാനെത്തിയവര്‍ക്ക് ചേട്ടന് നല്‍കിയത് ബാറ്റിങ്ങ് വിരുന്ന്; കേരള ക്രിക്കറ്റ് ലീഗില്‍ ജയിച്ചുതുടങ്ങി കൊച്ചി ബ്ലൂ ടൈഗേഴ്‌സ്; ട്രിവാന്‍ഡ്രം റോയല്‍സിനെ തകര്‍ത്തത് എട്ടുവിക്കറ്റിന്; കൊച്ചിയുടെ വിജയം ബാറ്റിങ്ങിലെയും ബൗളിങ്ങിലെയും മികവുമായി
കേരള ക്രിക്കറ്റ് ലീഗില്‍ ജയിച്ചുതുടങ്ങി കൊച്ചി ബ്ലൂ ടൈഗേഴ്‌സ്
തിരുവനന്തപുരം: കേരള ക്രിക്കറ്റ് ലീഗ് സീസണിലെ രണ്ടാം മത്സരത്തില്‍ അദാനി ട്രിവാന്‍ഡ്രം റോയല്‍സിനെ എട്ടുവിക്കറ്റിന് തകര്‍ത്ത് കൊച്ചി ബ്ലൂ ടൈഗേഴ്‌സ്.ആദ്യം ബാറ്റുചെയ്ത ട്രിവാന്‍ഡ്രം റോയല്‍സിനെ 97 റണ്‍സില്‍ ഒതുക്കിയ കൊച്ചി, മറുപടി ബാറ്റിങ്ങില്‍ 11 ഓവറില്‍ രണ്ടു വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം മറികടന്നു.സ്‌കോര്‍: അദാനി ട്രിവാന്‍ഡ്രം റോയല്‍സ് -97/ 10 (20 ഓവര്‍). കൊച്ചി ബ്ലൂ ടൈഗേഴ്‌സ് - 99/ 2 (11.5 ഓവര്‍).
30 പന്തില്‍ 50 റണ്‍സുമായി പുറത്താവാതെ നിന്ന ക്യപ്റ്റന്‍ സാലി സാംസണാണ് ടീമിനെ വിജയത്തിലേക്ക് നയിച്ചത്.മൂന്ന് സിക്‌സും അഞ്ച് ഫോറും ഉള്‍പ്പെടുന്നതായിരുന്നു സാലിയുടെ ഇന്നിംഗ്‌സ്.സഹോദരന്‍ സഞ്ജു സാംസണ് ക്രീസിലെത്താനുള്ള അവസരം ഉണ്ടായിരുന്നില്ല. നേരത്തെ, ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ റോയല്‍സിനെ മൂന്ന് വിക്കറ്റ് വീതം വീഴ്ത്തിയ അഖിന്‍ സത്താര്‍, മുഹമ്മദ് ആഷിഖ് എന്നിവരാണ് തകര്‍ത്തത്.മുഹമ്മദ് ഷാനു (23) ക്യാപ്റ്റന് മികച്ച കൂട്ടായി നിന്നു.
വിനൂപ് മനോഹരന്‍ (14), ജോബിന്‍ ജോബി (8) എന്നിവരും ടീമിന്റെ ജയത്തില്‍ ഭാഗഭാക്കായി. ടീമിന്റെ ശ്രദ്ധേയ താരമായ സഞ്ജു സാംസണ്‍ അഞ്ചാമനായാണ് ബാറ്റുചെയ്യേണ്ടിയിരുന്നത് എന്നതിനാല്‍ ക്രീസില്‍ ഇറങ്ങേണ്ടിവന്നില്ല.വിജയലക്ഷ്യത്തിലേക്ക് ബാറ്റിംഗ് ആരംഭിച്ച ബ്ലൂ ടൈഗേഴ്‌സിന് 28 റണ്‍സിനിടെ ഓപ്പണര്‍മാരായ ജോബിന്‍ ജോബി (8), വിനൂപ് മനോഹരന്‍ (14) എന്നിവരുടെ വിക്കറ്റുകള്‍ നഷ്ടമായി. എങ്കിലും സാലി - മുഹമ്മദ് ഷാനും (20 പന്തില്‍ 23) ടീമിനെ വിജയത്തിലേക്ക് നയിച്ചു. ഇരുവരും ചേര്‍ന്നുള്ള സഖ്യം 71 റണ്‍സാണ് കൂട്ടിചേര്‍ത്തത്.
നേരത്തെ, സ്‌കോര്‍ സൂചിപ്പിക്കും പോലെ മോശം തുടക്കമായിരുന്നു ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ റോയല്‍സിന്. ആദ്യ പന്തില്‍ തന്നെ സുബിന്‍ (0) റണ്ണൗട്ടായി. തുടര്‍ന്നെത്തിയ റിയ ബഷീറിനെ (7) അഖിന്‍ സത്താര്‍ മടക്കി. അഞ്ചാം ഓവറില്‍ ക്യാപ്റ്റന്‍ കൃഷ്ണ പ്രസാദും (11) റണ്ണൗട്ടായി. ഗോവിന്ദ് പൈ (3) ഇതുപോലെ റണ്ണൗട്ടായി. പിന്നാലെ നിഖില്‍ (0) സ്ലിപ്പില്‍ ക്യാച്ച് കൊടുത്ത് മടങ്ങി. 11-ാം ഓവറില്‍ അബ്ദുള്‍ ബാസിത്തും (17) മടങ്ങി. സഞ്ജീവ് (2) മുഹമ്മദ് ആഷികിന് വിക്കറ്റും നല്‍കി. ടോപ് സ്‌കോററായ അഭിജിത് പ്രവീണ്‍ (18), ഫാസില്‍ ഫനൂസ് (1) എന്നിവരും പുറത്തായതോടെ ഒമ്പതിന് 82 എന്ന നിലയിലായി റോയല്‍സ്.
പിന്നീട് ബേസില്‍ തമ്പി (20) വിനില്‍ (6) സഖ്യം സ്‌കോര്‍ 100നോട് അടുപ്പിച്ചു. അവസാന പന്തില്‍ ബേസില്‍ പുറത്തായി. വിനില്‍ പുറത്താവാതെ നിന്നു. മുഹമ്മദ് ആഷിഖ് രണ്ട് വിക്കറ്റ് വീഴ്ത്തി. റോയല്‍സിന്റെ മൂന്ന് താരങ്ങള്‍ റണ്ണൗട്ടാവുകയായിരുന്നു.