മുംബൈ: വനിതാ അണ്ടർ 19 ടി20 ചാമ്പ്യൻഷിപ്പിൽ കേരളത്തിന് ആദ്യ വിജയം. ഛത്തീസ്ഗഢിനെ ഏഴ് വിക്കറ്റിനാണ് കേരളം തകർത്തത്. മഴയെത്തുടർന്ന് മത്സരത്തിന്റെ ഓവറുകൾ വെട്ടിച്ചുരുക്കിയിരുന്നു.

ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ ഛത്തീസ്ഗഢിന് കേരളത്തിന്റെ മികച്ച ബൗളിങ്ങിന് മുന്നിൽ പിടിച്ചുനിൽക്കാൻ കഴിഞ്ഞില്ല.

18 ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ 81 റൺസെടുക്കുന്നതിനിടെയാണ് മഴയെത്തിയത്. പിന്നീട് കളി പുനരാരംഭിച്ചപ്പോൾ, ഡക്ക് വർത്ത് ലൂയിസ് നിയമപ്രകാരം കേരളത്തിന്റെ വിജയലക്ഷ്യം 12 ഓവറിൽ 65 റൺസ് ആയി പുനർനിശ്ചയിക്കുകയായിരുന്നു. ഈ ലക്ഷ്യം കേരളം 11.2 ഓവറിൽ മൂന്ന് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി മറികടന്നു.

ഛത്തീസ്ഗഢിനായി പലക് സിങ് 7 പന്തുകളിൽ നിന്ന് 18 റൺസെടുത്ത് പുറത്താകാതെ നിന്നു. എന്നാൽ, മറ്റ് കളിക്കാർക്ക് മികച്ച പ്രകടനം കാഴ്ചവെക്കാൻ കഴിഞ്ഞില്ല. കേരളത്തിനായി മനസ്വി, ഇസബെൽ എന്നിവർ രണ്ട് വിക്കറ്റുകൾ വീതം വീഴ്ത്തി. വിജയലക്ഷ്യം പിന്തുടർന്ന് ബാറ്റിങ്ങിനിറങ്ങിയ കേരളത്തിന് തുടക്കത്തിൽ തന്നെ രണ്ട് വിക്കറ്റുകൾ നഷ്ടപ്പെട്ടെങ്കിലും, മനസ്വി (32 റൺസ് പുറത്താകാതെ)യും ശ്രദ്ധ സുമേഷും (15 റൺസ്) ചേർന്ന് മികച്ച കൂട്ടുകെട്ടുണ്ടാക്കി ടീമിനെ വിജയത്തിലേക്ക് നയിക്കുകയായിരുന്നു. കേരളത്തിന് വേണ്ടി മനസ്വിയും ഇസബെല്ലും രണ്ട് വിക്കറ്റുകൾ വീതം വീഴ്ത്തി.