റാഞ്ചി: സീനിയര്‍ വനിതാ ഏകദിന ടൂര്‍ണമെന്റില്‍ ഗോവയ്‌ക്കെതിരെ 102 റണ്‍സിന്റെ തകര്‍പ്പന്‍ വിജയം. റാഞ്ചിയില്‍ നടന്ന അവസാന മത്സരത്തില്‍ മികച്ച പ്രകടനം കാഴ്‌ചവെച്ചെങ്കിലും, പോയിന്റ് പട്ടികയില്‍ മൂന്നാം സ്ഥാനക്കാരായാണ് ടൂര്‍ണമെന്റില്‍ നിന്ന് കേരളത്തിന്റെ മടക്കം. ആദ്യം ബാറ്റ് ചെയ്ത കേരളം 47.5 ഓവറില്‍ 282 റണ്‍സിന് ഓള്‍ ഔട്ടായി. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഗോവ 45.3 ഓവറില്‍ 180 റണ്‍സിന് എല്ലാവരും പുറത്താവുകയായിരുന്നു.

ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത കേരളത്തിന് ഓപ്പണര്‍മാരായ ക്യാപ്റ്റന്‍ ടി ഷാനിയും എ അക്ഷയയും ഭേദപ്പെട്ട തുടക്കം നൽകി, ഇരുവരും ചേര്‍ന്ന് 55 റണ്‍സ് കൂട്ടിച്ചേര്‍ത്തു. 29 റണ്‍സെടുത്ത ഷാനി മടങ്ങിയെങ്കിലും, അക്ഷയയും ദൃശ്യയും ചേര്‍ന്ന് 61 പന്തുകളില്‍ 73 റണ്‍സ് സ്വന്തമാക്കി. 38 റണ്‍സെടുത്ത ദൃശ്യയെയും 64 റണ്‍സെടുത്ത അക്ഷയയെയും വിധി ഭണ്ഡാരെ റിട്ടേണ്‍ ക്യാച്ചിലൂടെ പുറത്താക്കി. തുടര്‍ന്നെത്തിയ എസ് ആശ തകര്‍ത്തടിച്ച് മുന്നേറി. നജ്‌ല സിഎംസിക്കൊപ്പം നാലാം വിക്കറ്റില്‍ 51 റണ്‍സ് കൂട്ടിച്ചേര്‍ത്ത ആശ, 56 പന്തുകളില്‍ നിന്ന് എട്ട് ഫോറും ഒരു സിക്‌സും സഹിതം 71 റണ്‍സ് നേടി.

നജ്‌ല 27 റണ്‍സെടുത്ത് പുറത്തായി. ഗോവയ്ക്ക് വേണ്ടി തേജസ്വിനി ദുറാഗത് അഞ്ച് വിക്കറ്റുകള്‍ വീഴ്ത്തി മികച്ച പ്രകടനം കാഴ്ചവെച്ചപ്പോള്‍ വിധി ഭണ്ഡാരെ രണ്ട് വിക്കറ്റുകള്‍ നേടി. വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ഗോവയ്ക്ക് ഓപ്പണര്‍മാരായ പൂര്‍വ്വജ വെര്‍ലേക്കറും ഹര്‍ഷിത യാദവും ചേര്‍ന്ന് 113 റണ്‍സിന്റെ മികച്ച തുടക്കമാണ് നല്‍കിയത്. പൂര്‍വ്വജ 59 റണ്‍സും ഹര്‍ഷിത 66 റണ്‍സും നേടി. എന്നാല്‍, ഈ കൂട്ടുകെട്ട് വേര്‍പെട്ടതോടെ ഗോവന്‍ ബാറ്റിംഗ് നിര തകരുകയായിരുന്നു.

തുടര്‍ന്നെത്തിയവരില്‍ ഒരാള്‍ക്ക് മാത്രമാണ് രണ്ടക്കം കടക്കാനായത്. 46-ാം ഓവറില്‍ 180 റണ്‍സിന് ഗോവയുടെ ഇന്നിങ്‌സിന് അവസാനമായി. കേരളത്തിന് വേണ്ടി ക്യാപ്റ്റന്‍ ടി ഷാനി നാല് വിക്കറ്റുകള്‍ വീഴ്ത്തി ബൗളിംഗ് നിരയില്‍ മുന്നില്‍ നിന്നു. എസ് ആശ മൂന്ന് വിക്കറ്റുകളും സ്വന്തമാക്കി. ഈ വിജയത്തോടെ ടൂര്‍ണമെന്റിലെ തങ്ങളുടെ എല്ലാ മത്സരങ്ങളും പൂര്‍ത്തിയാക്കിയ കേരളം 20 പോയിന്റുമായി പോയിന്റ് പട്ടികയില്‍ മൂന്നാം സ്ഥാനത്തെത്തി. 28 പോയിന്റുള്ള റെയില്‍വേസും 24 പോയിന്റുള്ള ഡല്‍ഹിയുമാണ് നോക്കൗട്ട് ഘട്ടത്തിലേക്ക് യോഗ്യത നേടിയ ടീമുകള്‍.