- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അർധ സെഞ്ചുറിയുമായി പ്രണവി ചന്ദ്ര; ജമ്മു കശ്മീരിനെതിരെ പരാജയപ്പെടുത്തിയത് ഒൻപത് വിക്കറ്റിന്; ദേശീയ സീനിയർ വനിതാ ട്വന്റി 20യിൽ കേരളത്തിന് മൂന്നാം ജയം; ആശയ്ക്ക് മൂന്ന് വിക്കറ്റ്
മൊഹാലി: ദേശീയ സീനിയർ വനിതാ ട്വന്റി 20 ടൂർണ്ണമെന്റിൽ ജമ്മു കശ്മീരിനെതിരെ കേരളത്തിന് ഒൻപത് വിക്കറ്റ് വിജയം. ടൂർണ്ണമെന്റിൽ കേരളത്തിന്റെ ഇത് മൂന്നാം വിജയമാണ്. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ജമ്മു കശ്മീരിന് നിശ്ചിത 20 ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ 101 റൺസ് എടുക്കാനേ കഴിഞ്ഞുള്ളൂ. മറുപടി ബാറ്റിങ്ങിനിറങ്ങിയ കേരളം 16.5 ഓവറിൽ വെറും ഒരു വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി വിജയലക്ഷ്യം മറികടന്നു.
ടോസ് നേടിയ കേരളം ജമ്മു കശ്മീരിനെ ബാറ്റിങ്ങിന് അയക്കുകയായിരുന്നു. ബവൻദീപ് കൗർ (34) രുഖിയ അമീൻ (16) എന്നിവർ മികച്ച തുടക്കം നൽകി ആദ്യ വിക്കറ്റിൽ 51 റൺസ് കൂട്ടിചേർത്തു. എന്നാൽ, എസ്. ആശ തുടർച്ചയായ വിക്കറ്റുകൾ വീഴ്ത്തി കളി കേരളത്തിന് അനുകൂലമാക്കി. ചിത്ര സിങ് 20 റൺസെടുത്തു. കേരളത്തിനായി എസ്. ആശ മൂന്ന് വിക്കറ്റും സലോണി ഡങ്കോർ രണ്ട് വിക്കറ്റും വീഴ്ത്തി. നാലോവറിൽ വെറും ഒൻപത് റൺസ് മാത്രം വഴങ്ങിയാണ് ആശ മൂന്ന് വിക്കറ്റുകൾ നേടിയത്.
മറുപടി ബാറ്റിങ്ങിനിറങ്ങിയ കേരളത്തിന് വേണ്ടി ഷാനിയും പ്രണവി ചന്ദ്രയും ചേർന്ന് തകർപ്പൻ തുടക്കമാണ് നൽകിയത്. ഇരുവരും ചേർന്ന് ഓപ്പണിങ് വിക്കറ്റിൽ 93 റൺസ് കൂട്ടിചേർത്തു. വിജയത്തിലേക്ക് ഒൻപത് റൺസ് മാത്രം ബാക്കി നിൽക്കെ 51 റൺസെടുത്ത പ്രണവി പുറത്തായി. പിന്നീട് ഷാനി (37) അക്ഷയ എന്നിവർ ചേർന്ന് കേരളത്തെ വിജയത്തിലെത്തിച്ചു. 48 പന്തുകളിൽ മൂന്ന് ഫോറും മൂന്ന് സിക്സുമടക്കമാണ് പ്രണവി 51 റൺസ് നേടിയത്.