തിരുവനന്തപുരം: കേരള ക്രിക്കറ്റ് ലീഗ് കാലിക്കറ്റ് ഗ്ലോബ്സ്റ്റാറിനെതിരേ ത്രസിപ്പിക്കുന്ന വിജയവുമായി അദാനി ട്രിവാന്‍ഡ്രം റോയല്‍സ്. ക്യാപ്റ്റൻ അബ്ദുള്‍ ബാസിതിന്റെ അപരാജിതമായ ഇന്നിങ്‌സാണ് ട്രിവാന്‍ഡ്രം റോയല്‍സിനു തുണയായത്. ക്യാപ്റ്റന്റെ പ്രകടന മികവിൽ കാലിക്കറ്റ് മുന്നോട്ടുവെച്ച 144 റണ്‍സ് വിജയലക്ഷ്യം 18.1 ഓവറില്‍ അഞ്ചു വിക്കറ്റ് നഷ്ടത്തില്‍ അനായാസം മറികടന്നാണ് ട്രിവാന്‍ഡ്രം റോയല്‍സ് മിന്നും വിജയം സ്വന്തമാക്കിയത്. ടൂര്‍ണമെന്റിലെ അതിവേഗ അര്‍ധ സെഞ്ചുറി നേടിയ ക്യാപ്റ്റന്‍ അബ്ദുള്‍ ബാസിദിന്റെ ബാറ്റിൽ നിന്നും 22 പന്തില്‍ നിന്നും 50 റണ്‍സാണ് പിറന്നത്.

ടോസ് നഷ്ടമായി ആദ്യം ബാറ്റിംഗിനിറങ്ങിയ കാലിക്കറ്റ് ഗ്ലോബ്സ്റ്റാറിന് തുടക്കത്തിൽ തന്നെ ഓപ്പണറും ക്യാപ്റ്റനുമായ രോഹന്‍ കുന്നുമ്മലിന്റെ വിക്കറ്റ് നഷ്ടമായിരുന്നു. റൺസൊന്നുമെടുക്കാതെ

രോഹൻ കൂടാരത്തിലെത്തിയതോടെ പതറിയ കാലിക്കറ്റിനെ സല്‍മാന്‍ നിസാര്‍- എം. അജ്നാസ് സഖ്യം ചേർന്ന് കരകയറ്റുകയായിരുന്നു. ഇവരുടെ കൂട്ടുകെട്ട് ടീം ടോട്ടൽ 75 വരെ എത്തിച്ചു. 48 പന്തില്‍ നിന്നും ആറു സിക്സറുകളും രണ്ട് ബൗണ്ടറിയും ഉള്‍പ്പെടെ 72 റണ്‍സാണ് സല്‍മാന്‍ അടിച്ചെടുത്തത്.

സൽമാന്റെ പക്വതയാർന്ന ഇന്നിങ്‌സാണ് കാലിക്കറ്റ് ഗ്ലോബ്സ്റ്റാറിനെ പൊരുതാവുന്ന സ്കോറിലെത്തിച്ചത്. 20 ഓവറില്‍ ആറു വിക്കറ്റ് നഷ്ടത്തില്‍ 144സായിരുന്നു കാലിക്കറ്റ് ഗ്ലോബ്സ്റ്റാറിന്റെ സമ്പാദ്യം.

145 റണ്‍സ് വിജയലക്ഷ്യവുമായി മറുപടി ബാറ്റിംഗിനിറങ്ങിയ ട്രിവാന്‍ഡ്രം റോയല്‍സിനും മികച്ച തുടക്കമല്ല ലഭിച്ചത്. ആദ്യ ഓവറിലെ മൂന്നാം പന്തില്‍ വിഷ്ണു രാജിനെ നഷ്ടമായി. തുടക്കത്തിൽ കണിശതയോടെയാണ് കാലിക്കറ്റ് ബോൾ ചെയ്തത് ഇതോടെ സ്കോറിന് നിരക്ക് ഉയർത്താൻ ട്രിവാന്‍ഡ്രം കഷ്ടപ്പെടുകയായിരുന്നു. റിയാസ് ബഷീര്‍- ഗോവിന്ദ് പൈ സംഖ്യത്തിന്റെ കൂട്ടുകെട്ട് ടീം സ്‌കോര്‍ മെല്ലെ ഉയർത്തി. അഞ്ചു ബൗണ്ടറി ഉള്‍പ്പെടെ 38 റണ്‍സ് റിയാസ് ബഷീറും ഗോവിന്ദ് പൈ 34 പന്തില്‍ 35 റണ്‍സ് നേടി.

ഗോവിന്ദ് പൈയുടെ വിക്കറ്റ് വീണതോടെ ക്രീസിലെത്തിയ ക്യാപ്റ്റന്‍ അബ്ദുള്‍ ബാസിത് സ്‌കോറിംഗ് വേഗത്തിലാക്കിയതോടെ ട്രിവാന്‍ഡ്രം വിജയ പ്രതീക്ഷ വീണ്ടെടുക്കുകയായിരുന്നു. തുടർന്ന് വിക്കറ്റ് നഷ്ടപ്പെടുത്താതെ ടീമിനെ 11 പന്തുകൾ ശേഷിക്കെ വിജയത്തിലേക്കെത്തിക്കുകയായിരുന്നു അബ്ദുള്‍ ബാസിദ്.

ട്രിവാന്‍ഡ്രം റോയല്‍സിന്റെ വിജയ ശില്പിയായ അബ്ദുള്‍ ബാസിതാണ് കളിയിലെ താരം. പോയ്ന്റ്സ് ടേബിളിൽ 4 മല്സരങ്ങളിൽ നിന്നും 2 ജയങ്ങളുമായി നാലാം സ്ഥാനത്താണ് ട്രിവാന്‍ഡ്രം റോയൽസ്. എന്നാൽ 3 മൽസരങ്ങൾ മാത്രം കളിച്ച കാലിക്കറ്റ് ഗ്ലോബ്സ്റ്റാറിനു അവസാന സ്ഥാനമാണ്. ഒരു ജയം മാത്രം നേടാനായ കാലിക്കറ്റിനു ബാക്കിയുള്ള മത്സരങ്ങൾ നിർണായകമാണ്.