തിരുവനന്തപുരം: കേരള ക്രിക്കറ്റ് ടീം ഇനി അന്താരാഷ്ട്ര മൈതാനങ്ങളിലേക്കുള്ള പാതയില്‍ പുതിയൊരു പടി കുറിക്കുകയാണ്. ഒമാന്‍ ദേശീയ ടീമിനെതിരായ അഞ്ച് ഏകദിന പരിശീലന മത്സരങ്ങള്‍ക്കായി കേരളം ഒമാനിലേക്ക് പുറപ്പെടുന്നു. ഏപ്രില്‍ 20 മുതല്‍ 26 വരെ നീളുന്ന ടൂറില്‍, രഞ്ജി ട്രോഫിയിലെ പ്രകടനം കൊണ്ടു ശ്രദ്ധേയനായ വിക്കറ്റ് കീപ്പര്‍-ബാറ്റ്‌സ്മാന്‍ മുഹമ്മദ് അസ്ഹറുദ്ദീന്‍ കേരള ടീമിന് നേതൃത്വം നല്‍കും.

മത്സരങ്ങള്‍ക്ക് മുമ്പ്, ഏപ്രില്‍ 15 മുതല്‍ 18 വരെ തിരുവനന്തപുരം വേദിയായുള്ള പരിശീലന ക്യാമ്പില്‍ കളിക്കാര്‍ പങ്കെടുക്കും. തുടര്‍ന്ന് ഏപ്രില്‍ 19ന് ടീം ഒമാനിലേക്ക് പുറപ്പെടും. ഐപിഎല്ലിലെ തിരക്കുകള്‍ കാരണം രാജസ്ഥാന്‍ റോയല്‍സ് ക്യാപ്റ്റന്‍ സഞ്ജു സാംസണ്‍, വിഷ്ണു വിനോദ്, സച്ചിന്‍ ബേബി എന്നിവര്‍ ടീമില്‍ ഉണ്ടായിരിക്കില്ല.

കേരള ടീമിലെ അംഗങ്ങള്‍: ബാറ്റ്‌സ്മാന്‍മാര്‍: രോഹന്‍ എസ്. കുന്നുമ്മല്‍, അഹമ്മദ് ഇമ്രാന്‍, സല്‍മാന്‍ നിസാര്‍, ഷോണ്‍ റോജര്‍, ഗോവിന്ദ് ദേവ് ഡി. പൈ. മദ്ധ്യനിര: മുഹമ്മദ് അസറുദ്ദീന്‍, അഭിഷേക് പി. നായര്‍, അബ്ദുള്‍ ബാസിത്, അക്ഷയ് മനോഹര്‍. ഓള്‍റൗണ്ടര്‍മാര്‍: ഷറഫുദീന്‍ എന്‍.എം, നിധീഷ് എം.ഡി, ശ്രീഹരി എസ്. നായര്‍. ബൗളര്‍മാര്‍: ബേസില്‍ എന്‍.പി, ഏദന്‍ അപ്പിള്‍ ടോം, ബിജു നാരായണന്‍.എന്‍, മാനവ് കൃഷ്ണ. കോച്ചിങ് സ്റ്റാഫ്: ഹെഡ് കോച്ച് - അമയ് ഖുറേസിയ, അസിസ്റ്റന്റ് കോച്ച് - രജീഷ് രത്നകുമാര്‍.

ഈ പരമ്പരയിലൂടെ കേരളം താരങ്ങളുടെ അന്താരാഷ്ട്ര പരിചയം വര്‍ധിപ്പിക്കുകയും, ഭാവിയിലെ മല്‍സരങ്ങള്‍ക്കായുള്ള തയ്യാറെടുപ്പുകള്‍ ശക്തിപ്പെടുത്തുകയും ചെയ്യുന്നുവെന്ന് ടീം മാനേജ്മെന്റ് അറിയിച്ചു.