സൂറത്ത്: 23 വയസ്സില്‍ താഴെയുള്ളവരുടെ സി കെ നായിഡു ട്രോഫി ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ രണ്ടാം ഇന്നിങ്സിൽ കേരളത്തിന് ബാറ്റിങ് തകർച്ച. രണ്ടാം ഇന്നിങ്‌സ് ബാറ്റിങ് ആരംഭിച്ച കേരളത്തിന് മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 64 റണ്‍സെടുത്തിട്ടുണ്ട്. നിലവിൽ കേരളത്തിന് 48റൺസ് ലീഡ് നേടിയിട്ടുണ്ട്. കേരളം നേടിയ 270 റണ്‍സെന്ന ഒന്നാം ഇന്നിങ്‌സ് സ്‌കോറിനെതിരെ ഗുജറാത്ത് 286 റണ്‍സെടുത്ത് 16 റണ്‍സിന്റെ ലീഡ് നേടിയിരുന്നു. കളി നിര്‍ത്തുമ്പോള്‍ 25 റണ്‍സോടെ എ കെ ആകര്‍ഷും മൂന്ന് റണ്‍സോടെ കാമില്‍ അബൂബക്കറുമാണ് ക്രീസില്‍.

മൂന്നാം ദിനം കളി പുനരാരംഭിക്കുമ്പോൾ 5 വിക്കറ്റിന് 134 റൺസ് എന്ന നിലയിലായിരുന്നു ഗുജറാത്ത്. പിന്നീട് കൃഷ് അമിത് ഗുപ്തയുടെയും രുദ്ര പ്രിതേഷ് പട്ടേലിന്റെയും മികച്ച പ്രകടനമാണ് ഗുജറാത്തിന് ലീഡ് നേടാൻ സഹായകമായത്. ഇരുവരും ചേർന്ന് 67 റൺസിന്റെ കൂട്ടുകെട്ടുണ്ടാക്കി. 75 റൺസെടുത്ത കൃഷ് അമിത് ഗുപ്തയെ വിജയ് വിശ്വനാഥ് പുറത്താക്കി.

പിന്നാലെ 28 റൺസ് എടുക്കുന്നതിനിടെ മറ്റൊരു വിക്കറ്റ് കൂടി നഷ്ടപ്പെട്ട് 7 വിക്കറ്റിന് 228 റൺസ് എന്ന നിലയിലായെങ്കിലും, രുദ്ര പ്രിതേഷ് പട്ടേൽ (56 റൺസ്) ഷെൻ പട്ടേലിനൊപ്പം (30 റൺസ്) ചേർന്ന് ടീമിനെ ലീഡിലേക്ക് നയിച്ചു. കേരളത്തിനായി അഭിജിത് പ്രവീൺ മൂന്നു വിക്കറ്റും പവൻ രാജ്, വിജയ് വിശ്വനാഥ്, കൈലാസ് ബി നായർ എന്നിവർ രണ്ടു വിക്കറ്റ് വീതവും നേടി. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ കേരളത്തിന് തുടക്കത്തിൽ തന്നെ രണ്ട് റൺസെടുത്ത ഒമർ അബൂബക്കറിന്റെ വിക്കറ്റ് നഷ്ടപ്പെട്ടു. വരുൺ നായനാർ 21 റൺസും രോഹൻ നായർ 11 റൺസുമെടുത്തു പുറത്തായി.