തിരുവനന്തപുരം: അണ്ടർ 23 സി കെ നായിഡു ട്രോഫി ക്രിക്കറ്റ് മത്സരത്തിൽ ഗോവയ്‌ക്കെതിരെ കേരളം ആദ്യ ഇന്നിങ്‌സിൽ 255 റൺസിന് പുറത്ത്. തുമ്പ സെന്റ് സേവിയേഴ്‌സ് കോളേജിലെ കെസിഎ ഗ്രൗണ്ടിൽ നടക്കുന്ന മത്സരത്തിൽ, കേരളത്തിനായി സെഞ്ച്വറി നേടിയ ഷോൺ റോജറാണ് ബാറ്റിങ് നിരയിൽ തിളങ്ങിയത്. ആദ്യ ദിവസം കളി നിർത്തുമ്പോൾ, മറുപടി ബാറ്റിങ്ങിനിറങ്ങിയ ഗോവ വിക്കറ്റ് നഷ്ടപ്പെടാതെ 15 റൺസെടുത്തിട്ടുണ്ട്.

ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ കേരളത്തിന് വേണ്ടി ഓപ്പണർമാരായ അഭിഷേക് ജെ നായരും എസ്.എസ്. അക്ഷയും യഥാക്രമം 18-ഉം 11-ഉം റൺസെടുത്ത് മടങ്ങി. മൂന്നാം വിക്കറ്റിൽ ഒന്നിച്ച വരുൺ നായനാരും ഷോൺ റോജറും ചേർന്ന് 130 റൺസിന്റെ നിർണായക കൂട്ടുകെട്ട് പടുത്തുയർത്തി. കഴിഞ്ഞ മത്സരത്തിലെ മികച്ച ഫോം തുടർന്ന വരുൺ 64 റൺസെടുത്തു. എന്നാൽ, വരുണിന് ശേഷം ക്രീസിലെത്തിയ അഹ്മദ് ഇമ്രാൻ ആദ്യ പന്തിൽ തന്നെ പുറത്തായി. ആസിഫ് അലി ഒൻപത് റൺസും ക്യാപ്റ്റൻ അഭിജിത് പ്രവീൺ ആറ് റൺസും നേടി നിരാശപ്പെടുത്തി.

മറുവശത്ത് ഉറച്ചുനിന്ന ഷോൺ റോജർ 182 പന്തുകളിൽ നിന്ന് 14 ബൗണ്ടറികളും ഒരു സിക്‌സും സഹിതം 101 റൺസെടുത്ത് സെഞ്ച്വറി പൂർത്തിയാക്കി. തുടർന്നെത്തിയവരിൽ 27 റൺസെടുത്ത എ. ജിഷ്ണു മാത്രമാണ് അൽപ്പമെങ്കിലും പിടിച്ചുനിന്നത്. ഗോവയ്ക്ക് വേണ്ടി യഷ് കസവങ്കറും സമർത്ഥും നാല് വിക്കറ്റ് വീതം വീഴ്ത്തി മികച്ച പ്രകടനം കാഴ്ചവെച്ചു. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഗോവയുടെ വിരാജ് നായിക് 10 റൺസോടെയും ശാർദ്ദൂൽ സന്തോഷ് സേത്ത് നാല് റൺസോടെയും ക്രീസിലുണ്ട്.