പെര്‍ത്ത്: ബോര്‍ഡര്‍-ഗാവസ്‌കര്‍ ട്രോഫി ക്രിക്കറ്റ് ആദ്യ ടെസ്റ്റില്‍ ഇന്ത്യന്‍ ബാറ്റര്‍ കെ.എല്‍. രാഹുലിന്റെ വിവാദ പുറത്താകല്‍ കടുത്ത വിമര്‍ശനത്തിനാണ് ഇടയാക്കിയിരിക്കുന്നത്. തേര്‍ഡ് അംപയര്‍ക്ക് എതിരെ രൂക്ഷവിമര്‍ശനവുമായി മുന്‍ ഇന്ത്യന്‍ താരങ്ങള്‍ രംഗത്ത് വന്നുകഴിഞ്ഞു.

രാഹുല്‍ പുറത്താകുന്നതിനു മുന്‍പ് ഡിആര്‍എസ് എടുത്തപ്പോള്‍ തേര്‍ഡ് അംപയര്‍ മറ്റൊരു ആംഗിളില്‍നിന്നുള്ള ദൃശ്യങ്ങള്‍ ആവശ്യപ്പെട്ടിരുന്നെങ്കിലും അതു ലഭിച്ചില്ലെന്ന് മുന്‍ ഇന്ത്യന്‍ താരം വസീം ജാഫര്‍ പ്രതികരിച്ചു. വ്യക്തമല്ലെങ്കില്‍ ഔട്ട് നല്‍കരുതെന്നാണ് ഇര്‍ഫാന്‍ പഠാനും റോബിന്‍ ഉത്തപ്പയും പ്രതികരിച്ചത്.

''ഔട്ടാണോയെന്ന് ഉറപ്പില്ലാത്തതുകൊണ്ടാണ് തേര്‍ഡ് അംപയര്‍ മറ്റൊരു ഭാഗത്തുനിന്നുള്ള ദൃശ്യങ്ങള്‍ കൂടി ചോദിച്ചതെന്നു വ്യക്തമാണ്. ഉറപ്പില്ലെങ്കില്‍ പിന്നെന്തിനാണ് ഫീല്‍ഡ് അംപയറുടെ തീരുമാനം മാറ്റാന്‍ നില്‍ക്കുന്നത്.'' വസീം ജാഫര്‍ എക്‌സ് ഫ്‌ലാറ്റ്‌ഫോമില്‍ കുറിച്ചു.

പെര്‍ത്തില്‍ സാങ്കേതിക വിദ്യ കൃത്യമായി ഉപയോഗിച്ചില്ലെന്നും ശരിയായ പ്രോട്ടോക്കോള്‍ പാലിച്ചല്ല രാഹുലിന്റെ പുറത്താകല്‍ സംഭവിച്ചതെന്നും ജാഫര്‍ ആരോപിച്ചു. എല്ലാ വശങ്ങളും പരിശോധിക്കാതെ തേര്‍ഡ് അംപയര്‍ എങ്ങനെയാണ് ഒരു തീരുമാനത്തിലെത്തിയതെന്ന് റോബിന്‍ ഉത്തപ്പ പ്രതികരിച്ചു.

74 പന്തുകള്‍ നേരിട്ട രാഹുല്‍ 26 റണ്‍സെടുത്താണ് ആദ്യ ഇന്നിങ്‌സില്‍ മടങ്ങിയത്. മിച്ചല്‍ സ്റ്റാര്‍ക്കിന്റെ പന്തില്‍ വിക്കറ്റ് കീപ്പര്‍ അലക്‌സ് ക്യാരി ക്യാച്ചെടുത്തു രാഹുലിനെ പുറത്താക്കി. ഓസീസ് താരങ്ങള്‍ വിക്കറ്റിനായി അപ്പീല്‍ ചെയ്‌തെങ്കിലും ഫീല്‍ഡ് അംപയര്‍ ഔട്ട് നല്‍കിയിരുന്നില്ല. തുടര്‍ന്ന് ഓസ്‌ട്രേലിയ ഡിആര്‍എസിനു പോയാണു വിക്കറ്റ് നേടിയെടുത്തത്.

റീപ്ലേകളില്‍ പന്ത് ബാറ്റില്‍ ചെറുതായി ഉരസുന്നുണ്ടെന്നു വിലയിരുത്തിയ തേര്‍ഡ് അംപയര്‍ ഔട്ട് നല്‍കുകയായിരുന്നു. എന്നാല്‍ ഒരുപാടു നേരം ദൃശ്യങ്ങള്‍ പരിശോധിക്കാന്‍ അംപയര്‍ തയാറായതുമില്ല. രാഹുലിന്റെ ബാറ്റ് പാഡില്‍ തട്ടുന്നതാകാം സ്‌നീക്കോ മീറ്ററില്‍ തെളിഞ്ഞതെന്നാണു ആരാധകരുടെ വിമര്‍ശനം. സംശയത്തിന്റെ ആനുകൂല്യം രാഹുലിനു കിട്ടിയില്ലെന്നും ആരോപണമുയര്‍ന്നിരുന്നു.

32 റണ്‍സെടുക്കുന്നതിനിടെത്തന്നെ ഇന്ത്യക്ക് മൂന്ന് വിക്കറ്റുകള്‍ നഷ്ടമായിരുന്നു. ആദ്യം പുറത്തായ രണ്ടുപേരും -യശസ്വി ജയ്സ്വാള്‍, ദേവ്ദത്ത് പടിക്കല്‍- പൂജ്യത്തിനാണ് മടങ്ങിയത്. എന്നാല്‍ ബാറ്റിങ് ദുഷ്‌കരമായ പിച്ചില്‍, ഒരറ്റത്ത് പൊരുതിക്കൊണ്ടിരിക്കുകയായിരുന്നു കെ.എല്‍. രാഹുല്‍. ഇതിനിടെ അമ്പയറുടെ തെറ്റായ തീരുമാനം രാഹുലിനെ പുറത്താക്കിയത്. അതിന്റെ നീരസം പ്രകടിപ്പിച്ചുകൊണ്ടാണ് രാഹുല്‍ ക്രീസ് വിട്ടതും.

ക്രിക്കറ്റില്‍ അത്ര പരിചിതമല്ലാത്ത വിധത്തിലാണ് പുറത്തായതെന്നതിനാല്‍ ഇത് ഡി.ആര്‍.എസ്. സംബന്ധിച്ച ചര്‍ച്ചയ്ക്കുകൂടി വഴിവെച്ചേക്കും. 74 പന്തില്‍ 26 റണ്‍സ് എന്ന നിലയില്‍നില്‍ക്കേയാണ് രാഹുലിനെത്തേടി സ്റ്റാര്‍ക്കിന്റെ ആ ലെങ്ത് ബോളെത്തുന്നത്. വിക്കറ്റ് കീപ്പര്‍ അലക്സ് കാരി അത് കൈയിലൊതുക്കിയിരുന്നു. ബാറ്റില്‍ തട്ടിയോ എന്ന സംശയത്തിലായിരുന്നു ഓസ്ട്രേലിയന്‍ താരങ്ങള്‍. എന്നാല്‍ ഓണ്‍ ഫീല്‍ഡ് അംപയര്‍ റിച്ചാര്‍ഡ് കെറ്റില്‍ബോറോ നോട്ട്ഔട്ട് എന്ന് വിധിച്ചു. പക്ഷേ, ഓസ്ട്രേലിയ ഉടന്‍തന്നെ ഡി.ആര്‍.എസ്. എടുത്തു.

റിവ്യൂ പരിശോധിച്ച തേഡ് അംപയര്‍ റിച്ചാര്‍ഡ് ഇല്ലിങ്വര്‍ത്ത് അത് ഔട്ടെന്ന് വിധിക്കുകയും ചെയ്തു. സ്നിക്കോമീറ്ററില്‍ സ്പൈക്ക് ഉണ്ടായിരുന്നു എന്നതായിരുന്നു ഔട്ട് കൊടുക്കാന്‍ കാരണം. അള്‍ട്രാ എഡ്ജില്‍ സ്പൈക്ക് കണ്ടതോടെ പന്ത് രാഹുലിന്റെ ബാറ്റില്‍ത്തട്ടിയെന്ന നിഗമനത്തിലെത്തിയാണ് അംപയര്‍ ഔട്ടുകൊടുത്തത്. പക്ഷേ, കെ.എല്‍. രാഹുലിന് ഉറപ്പായിരുന്നു, ഔട്ടല്ലെന്ന്. ഉടന്‍തന്നെ മറ്റൊരു ആംഗിളില്‍ പരിശോധിക്കാന്‍ ആവശ്യപ്പെട്ടെങ്കിലും നിരസിക്കപ്പെട്ടു. തുടര്‍ന്ന് ഡ്രസ്സിങ് റൂമിലേക്ക് നിരാശനായി മടങ്ങുകയല്ലാതെ രാഹുലിന് വേറെ നിവൃത്തിയുണ്ടായിരുന്നില്ല.

റീപ്ലേ കാഴ്ചകളില്‍ പന്തും ബാറ്റും തമ്മില്‍ വളരെ ചെറിയ ഒരു ഗ്യാപ്പ് കാണാം. ഇക്കാര്യം രാഹുല്‍ ഉണര്‍ത്തുകയും ചെയ്തതാണ്. എന്നിട്ടും എങ്ങനെയാണ് എഡ്ജ് വന്നതെന്നല്ലേ! പന്ത് ബാറ്റിനോട് ചേര്‍ന്നുനില്‍ക്കുമ്പോള്‍ത്തന്നെ ബാറ്റ് രാഹുലിന്റെ പാഡില്‍ തട്ടിയിരുന്നു. അതായിരിക്കണം സ്പൈക്ക് ഉണ്ടാവാന്‍ കാരണം. പന്ത് ബാറ്റിനോട് ചേര്‍ന്ന് പോയപ്പോള്‍ത്തന്നെ ബാറ്റ് പാഡിലുരസിയിരുന്നു എന്ന വിധത്തില്‍ ഒരു സംശയമോ അത്തരം ഒരു പരിശോധനയോ തേഡ് അമ്പയര്‍ നടത്താതിരുന്നത് രാഹുലിന് തിരിച്ചടിയായി.