- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'ഒരു ഓവറിലെ എല്ലാ പന്തുകളും സിക്സടിച്ചാൽ പോർഷെ കാർ സമ്മാനമായി നൽകും'; ഇംഗ്ലണ്ട് മത്സര ശേഷം 'എൻ്റെ പോർഷെ തരൂ'വെന്ന് യുവരാജ് പറഞ്ഞു; വെളിപ്പെടുത്തലുമായി മുൻ ഐപിഎൽ ചെയർമാൻ ലളിത് മോദി
ലണ്ടൻ: 2007 ലെ ട്വന്റി20 ലോകകപ്പിന് മുന്നോടിയായി ഒരു ഓവറിലെ എല്ലാ പന്തുകളും സിക്സടിക്കുന്ന ഇന്ത്യൻ താരത്തിന് പോർഷെ കാർ സമ്മാനമായി നൽകാമെന്ന് വാഗ്ദാനം ചെയ്തിരുന്നതായി ഇന്ത്യൻ പ്രീമിയർ ലീഗ് (ഐപിഎൽ) മുൻ ചെയർമാൻ ലളിത് മോദി. ഓസ്ട്രേലിയയുടെ മുൻ ക്രിക്കറ്റ് താരം മൈക്കിൾ ക്ലാർക്കുമായുള്ള 'ബിയോണ്ട് 23' പോഡ്കാസ്റ്റിലൂടെയാണ് അദ്ദേഹം ഇക്കാര്യം വെളിപ്പെടുത്തിയത്.
2007 ലോകകപ്പിൽ ഇംഗ്ലണ്ടിനെതിരെ സ്റ്റുവർട്ട് ബ്രോഡിനെതിരെ യുവരാജ് സിംഗ് ഒരു ഓവറിലെ ആറു പന്തുകളും സിക്സർ പറത്തി ചരിത്രം സൃഷ്ടിച്ചിരുന്നു. ഈ പ്രകടനത്തിന് പിന്നാലെ യുവരാജ് തന്നോട് പോർഷെ കാറിനെക്കുറിച്ച് ചോദിച്ചെന്നും, എന്നാൽ യുവരാജിൻ്റെ ബാറ്റു കണ്ടപ്പോൾ അത് തൻ്റെ സമ്മാനത്തേക്കാൾ വിലപ്പെട്ടതാണെന്ന് തനിക്ക് തോന്നിയെന്നും മോദി അനുസ്മരിച്ചു.
'2007 ലോകകപ്പിന് മുൻപാണ് ഞാൻ ഇന്ത്യൻ താരങ്ങളോട് ഈ വാഗ്ദാനം മുന്നോട്ട് വെച്ചത്. ഒരു ഓവറിലെ ആറു പന്തുകളും സിക്സടിച്ച് വിജയിക്കുന്ന താരത്തിന് ഞാൻ ഒരു പോർഷെ കാർ സമ്മാനിക്കുമെന്നായിരുന്നു വാഗ്ദാനം. ഇംഗ്ലണ്ടിനെതിരെ യുവരാജ് തുടർച്ചയായി സിക്സുകൾ നേടിയ ശേഷം എന്നെ നോക്കി ബാറ്റുയർത്തി ഓടി വരികയായിരുന്നു. 'എൻ്റെ പോർഷെ തരൂ' എന്നായിരുന്നു അന്ന് യുവരാജ് പറഞ്ഞത്. ഞാൻ ആ നിമിഷം യുവരാജിനോട് അദ്ദേഹത്തിൻ്റെ ബാറ്റു കൈമാറാൻ ആവശ്യപ്പെട്ടു,' ലളിത് മോദി കൂട്ടിച്ചേർത്തു.
2007 ട്വന്റി20 ലോകകപ്പ് കിരീടം ഇന്ത്യക്ക് നേടിക്കൊടുക്കുന്നതിൽ യുവരാജ് സിംഗിൻ്റെ പ്രകടനം നിർണായകമായിരുന്നു. ഇംഗ്ലണ്ടിനെതിരെ അദ്ദേഹം നേടിയ ഒരോവറിലെ ആറു സിക്സറുകൾ ട്വന്റി20 ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും വേഗതയേറിയ അർദ്ധ സെഞ്ച്വറിക്ക് വഴിയൊരുക്കി. വെറും 12 പന്തുകളിലാണ് യുവരാജ് അന്ന് അർദ്ധ സെഞ്ച്വറി പൂർത്തിയാക്കിയത്. ഫൈനലിൽ പാക്കിസ്ഥാനെ അഞ്ച് റൺസിന് പരാജയപ്പെടുത്തിയാണ് ഇന്ത്യ ലോകകപ്പ് കിരീടം സ്വന്തമാക്കിയത്.