- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മദ്യത്തിന് അടിമയാണെന്ന് പറഞ്ഞ് മാറ്റിനിർത്തി; ഒരു നല്ല പങ്കാളിയെ കണ്ടെത്താൻ വരെ ബുദ്ധിമുട്ടി; ഞാൻ ആകെ തളർന്നു പോയി; എല്ലാം തുറന്നുപറഞ്ഞ് മുൻ ഇന്ത്യൻ സ്പിന്നർ ലക്ഷ്മൺ

ഡൽഹി: മുൻ ഇന്ത്യൻ സ്പിന്നർ ലക്ഷ്മൺ ശിവരാമകൃഷ്ണൻ താൻ കൗമാരപ്രായത്തിൽ നേരിട്ട വ്യാജ പ്രചാരണങ്ങളെക്കുറിച്ചും, അതിനെത്തുടർന്നുണ്ടായ മാനസികാരോഗ്യ പ്രശ്നങ്ങളെക്കുറിച്ചും തുറന്നുപറഞ്ഞു. ലഹരിമരുന്നിനും മദ്യത്തിനും അടിമയാണെന്ന തരത്തിൽ പ്രചരിച്ച തെറ്റായ ആരോപണങ്ങൾ തന്റെ വ്യക്തിജീവിതത്തെയും വിവാഹ സാധ്യതകളെയും സാരമായി ബാധിച്ചുവെന്ന് ഒരു അഭിമുഖത്തിൽ അദ്ദേഹം വെളിപ്പെടുത്തി. ബിസിസിഐയുടെ കമന്ററി പാനലിൽ നിന്നുള്ള രാജിക്കും ഇന്ത്യൻ ഡ്രസ്സിങ് റൂമിലും ക്രിക്കറ്റ് രംഗത്തും താൻ നേരിട്ട അവഗണനയെയും വംശീയാധിക്ഷേപങ്ങളെയും കുറിച്ചുള്ള അദ്ദേഹത്തിന്റെ വെളിപ്പെടുത്തലുകൾക്ക് പിന്നാലെയാണ് പുതിയ തുറന്നുപറച്ചിൽ.
ഇന്ത്യൻ എക്സ്പ്രസിന് അനുവദിച്ച അഭിമുഖത്തിലാണ് ശിവരാമകൃഷ്ണൻ തന്റെ ദുരനുഭവങ്ങൾ പങ്കുവെച്ചത്. "ആളുകൾ മോശം കാര്യങ്ങൾ പ്രചരിപ്പിക്കാൻ ഇഷ്ടപ്പെടുന്നു. എന്റെ പര്യടനങ്ങൾ 16-നും 19 വയസിനും ഇടയിലായിരുന്നു. പ്രായപൂർത്തിയാകാത്ത എനിക്ക് ഒരു ഹോട്ടലിൽ എങ്ങനെ ആളുകൾ മദ്യം വിളമ്പും. എന്റെ ജീവിതത്തിൽ ഒരിക്കലും ഞാൻ മയക്കുമരുന്ന് ഉപയോഗിച്ചിട്ടില്ല. ജീവിതത്തിൽ പിന്നീട് ഞാൻ കുറച്ച് ബിയർ കുടിച്ചിട്ടുണ്ട്. അതില്ലെന്ന് പറയുന്നില്ല. പക്ഷേ ഒരു 19 വയസുകാരനെ മദ്യപാനിയെന്നും മയക്കുമരുന്നിന് അടിമയെന്നും വിളിക്കുന്നത് സങ്കൽപ്പിച്ചു നോക്കൂ," അദ്ദേഹം ചോദിച്ചു.
ഒരു അന്താരാഷ്ട്ര ക്രിക്കറ്റ് കളിക്കാരൻ എന്ന പദവി ഉണ്ടായിരുന്നിട്ടും വിവാഹം കഴിക്കാൻ ഒരു പങ്കാളിയെ കണ്ടെത്തുന്നത് ബുദ്ധിമുട്ടായിരുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഈ മോശം പ്രതിച്ഛായ കാരണം തന്റെ മാതാപിതാക്കൾ പത്രത്തിൽ നൽകിയ വിവാഹ പരസ്യത്തിന് രണ്ടാഴ്ച കഴിഞ്ഞിട്ടും ഒരു മറുപടി പോലും ലഭിച്ചില്ലെന്നും, ആരും മകളെ തനിക്ക് വിവാഹം കഴിച്ചു നൽകാൻ തയ്യാറായിരുന്നില്ലെന്നും അദ്ദേഹം വേദനയോടെ സ്മരിച്ചു.
കോവിഡ്-19 ലോക്ക്ഡൗൺ കാലത്ത് താൻ കടുത്ത വിഷാദത്തിലൂടെയാണ് കടന്നുപോയതെന്നും ലക്ഷ്മൺ ശിവരാമകൃഷ്ണൻ വെളിപ്പെടുത്തി. ഉറങ്ങാൻവേണ്ടി മദ്യത്തെ ആശ്രയിക്കേണ്ടി വന്നുവെന്നും, ആ സമയങ്ങളിൽ കണ്ണാടിയിൽ നോക്കാൻ പോലും ഭയപ്പെട്ടിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. യാത്രകൾക്കിടയിൽ വാഹനത്തിൽനിന്ന് പുറത്തേക്ക് ചാടാനുള്ള ചിന്തകൾ പോലും മനസിലേക്ക് വരുമായിരുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു.
പൊതുജീവിതത്തിൽ വ്യക്തികൾക്ക് നേരിടേണ്ടിവരുന്ന മാനസിക സംഘർഷങ്ങളെയും തെറ്റായ പ്രചാരണങ്ങൾ വരുത്തുന്ന ആഘാതങ്ങളെയും കുറിച്ച് മുൻ ഇന്ത്യൻ ക്രിക്കറ്റ് താരത്തിന്റെ വെളിപ്പെടുത്തലുകൾ പുതിയ ചർച്ചകൾക്ക് വഴിവെച്ചിരിക്കുകയാണ്.


