മുംബൈ: ഇന്ത്യൻ ടി20 ടീം നായകൻ സൂര്യകുമാർ യാദവിന്റെ നേതൃപാടവത്തിന് അർഹിച്ച അംഗീകാരം ലഭിക്കുന്നില്ലെന്ന് മുൻ ഇന്ത്യൻ ഓൾറൗണ്ടർ ഇർഫാൻ പത്താൻ അഭിപ്രായപ്പെട്ടു. അന്താരാഷ്ട്ര ടി20 മത്സരങ്ങളിൽ 84 ശതമാനം വിജയശരാശരിയുള്ള സൂര്യകുമാറിന്റെ ക്യാപ്റ്റൻസി ഇന്ത്യൻ ക്യാപ്റ്റൻമാരിൽ ഏറ്റവും ഉയർന്നതാണെന്നും, എന്നിട്ടും വേണ്ടത്ര ക്രെഡിറ്റ് ലഭിക്കുന്നില്ലെന്നും പത്താൻ ചൂണ്ടിക്കാട്ടി. ബൗളർമാരെ പിന്തുണയ്ക്കുന്നതിലും മത്സരത്തിൽ സജീവമായി ഇടപെടുന്നതിലും രോഹിത് ശർമയുടെ ശൈലിയുടെ നിഴൽ സൂര്യകുമാറിൽ കാണാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

എന്ത് കാരണത്താലാണെന്ന് അറിയില്ല, നമ്മൾ സൂര്യ എന്ന ക്യാപ്റ്റനെ വേണ്ട രീതിയിൽ ആഘോഷിക്കുന്നില്ലെന്ന് പത്താൻ പറഞ്ഞു. "അന്താരാഷ്ട്ര ടി20യിൽ 84 ശതമാനമാണ് അദ്ദേഹത്തിന്റെ വിജയ ശരാശരി. ഇത് ഇന്ത്യൻ ക്യാപ്റ്റൻമാരിൽ ഏറ്റവും ഉയർന്നതാണ്. എന്നിട്ടും എന്തുകൊണ്ടാണ് അദ്ദേഹത്തിന് ക്രെഡിറ്റ് നൽകാത്തത്," പത്താൻ ചോദിച്ചു.

സൂര്യകുമാറിനെ ഒരു 'ബൗളേഴ്‌സ് ലീഡർ' എന്ന് വിശേഷിപ്പിച്ച പത്താൻ, കൃത്യസമയത്ത് ശരിയായ തീരുമാനങ്ങൾ എടുക്കുന്ന അദ്ദേഹത്തിന്റെ ശൈലി രോഹിത് ശർമയെ ഓർമ്മിപ്പിക്കുന്നുവെന്നും വ്യക്തമാക്കി. കഴിഞ്ഞ ടി20 ലോകകപ്പിന് ശേഷമാണ് രോഹിത് ശർമയിൽ നിന്ന് സൂര്യകുമാർ ഇന്ത്യയുടെ ടി20 ടീമിന്റെ നായകസ്ഥാനം ഏറ്റെടുത്തത്. ഇത് അദ്ദേഹത്തിന് കീഴിൽ ഇന്ത്യ ഇറങ്ങുന്ന ആദ്യ ലോകകപ്പാണ്.

സമീപകാലത്ത് ബാറ്റിംഗിൽ അല്പം പിന്നിലായിരുന്ന സൂര്യകുമാർ, വരാനിരിക്കുന്ന ലോകകപ്പിന് തൊട്ടുമുമ്പ് ഫോമിലേക്ക് തിരിച്ചെത്തിയത് ഇന്ത്യയ്ക്ക് വലിയ ആശ്വാസമാണ്. ന്യൂസിലൻഡിനെതിരായ പരമ്പരയിൽ താരം തുടർച്ചയായി രണ്ട് അർദ്ധ സെഞ്ചുറികൾ നേടിയിരുന്നു. ഫെബ്രുവരി ഏഴിന് ആരംഭിക്കുന്ന ടി20 ലോകകപ്പിൽ ഇന്ത്യയെ നയിക്കുന്നത് സൂര്യകുമാറാണ്. ലോകകപ്പിന് മുന്നോടിയായുള്ള അവസാന ടി20 മത്സരത്തിൽ ഇന്ത്യ ഇന്ന് ന്യൂസിലൻഡിനെ നേരിടും. നിലവിൽ 3-1 ന് ഇന്ത്യ പരമ്പര സ്വന്തമാക്കിയിട്ടുണ്ട്.