- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നൂറ് കോടി രൂപയുടെ മാനനഷ്ടക്കേസ്; എം.എസ് ധോണി പത്ത് ലക്ഷം രൂപ കെട്ടിവയ്ക്കണം; ഉത്തരവിട്ട് മദ്രാസ് ഹൈക്കോടതി

ചെന്നൈ: നൂറ് കോടി രൂപയുടെ മാനനഷ്ടക്കേസുമായി ബന്ധപ്പെട്ട് കോടതിയിൽ സമർപ്പിച്ച സിഡിയിലെ വിവരങ്ങൾ വിവർത്തനം ചെയ്യുന്നതിനായി പത്ത് ലക്ഷം രൂപ കെട്ടിവയ്ക്കാൻ ക്രിക്കറ്റ് താരം മഹേന്ദ്ര സിംഗ് ധോണിയോട് മദ്രാസ് ഹൈക്കോടതി നിർദേശിച്ചു. 2026 മാർച്ച് 12-ന് മുൻപായി തുക ചീഫ് ജസ്റ്റിസ് റിലീഫ് ഫണ്ടിൽ നിക്ഷേപിക്കാനാണ് ജസ്റ്റിസ് ആർ എൻ മഞ്ജുള ഉത്തരവിട്ടിരിക്കുന്നത്.
2013ലെ ഇന്ത്യൻ പ്രീമിയർ ലീഗ് (ഐപിഎൽ) വാതുവയ്പ്പ് വിവാദത്തിൽ തന്റെ പേര് അനാവശ്യമായി വലിച്ചിഴച്ചുവെന്ന് ആരോപിച്ച് മുൻ ഐപിഎസ് ഓഫീസർ ജി സമ്പത്ത് കുമാർ, സീ മീഡിയ കോർപ്പറേഷൻ, മാദ്ധ്യമപ്രവർത്തകനായ സുധീർ ചൗധരി, ന്യൂസ് നേഷൻ നെറ്റ്‌വർക്ക് എന്നിവർക്കെതിരെ ധോണി 2014ലാണ് മാനനഷ്ടക്കേസ് ഫയൽ ചെയ്തത്. സിഡിയിലെ ഉള്ളടക്കം വിവർത്തനം ചെയ്യുന്നതിന് ഒരു ഇന്റർപ്രെറ്ററെയും ഒരു ടൈപ്പിസ്റ്റിനെയും മാത്രമായി നിയോഗിച്ചാൽ പോലും മൂന്ന് മുതൽ നാല് മാസം വരെ സമയമെടുക്കുമെന്ന് കോടതി ചൂണ്ടിക്കാട്ടി.
ഈ പ്രക്രിയയുടെ ചെലവുകൾ വാദി തന്നെ വഹിക്കണമെന്ന് കോടതി വ്യക്തമാക്കി. ഇന്റർപ്രെറ്റർ വിഭാഗം കണക്കാക്കിയതും 10 ലക്ഷം രൂപയുടെ ചെലവാണ്. കേസിൽ നിന്നൊഴിവാക്കണമെന്നാവശ്യപ്പെട്ട് കക്ഷികൾ നിരവധി അപേക്ഷകൾ സമർപ്പിച്ചതിനെത്തുടർന്ന് ഈ കേസിന്റെ വിചാരണ 12 വർഷത്തിലേറെയായി വൈകിയിരിക്കുകയാണ്.
കേസിലെ ഒരു കക്ഷിയായ മുൻ ഐപിഎസ് ഉദ്യോഗസ്ഥൻ ജി സമ്പത്ത് കുമാറിനെ 2023 ഡിസംബറിൽ ജസ്റ്റിസുമാരായ എസ്.എസ്. സുന്ദർ, സുന്ദർ മോഹൻ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ച് ക്രിമിനൽ കോടതിയലക്ഷ്യത്തിന് കുറ്റക്കാരനാണെന്ന് കണ്ടെത്തുകയും 15 ദിവസത്തെ തടവിന് ശിക്ഷിക്കുകയും ചെയ്തിരുന്നു. എന്നാൽ, 2024ൽ സുപ്രീം കോടതി ഈ ശിക്ഷ സ്റ്റേ ചെയ്യുകയുണ്ടായി. നിലവിൽ, മാനനഷ്ടക്കേസുമായി ബന്ധപ്പെട്ട നിയമനടപടികൾ തുടരുകയാണ്.


