അഹമ്മദാബാദ്: വിജയ് ഹസാരെ ട്രോഫി ക്രിക്കറ്റിൽ മധ്യപ്രദേശിനെതിരായ മത്സരത്തിൽ കേരളത്തിന് 47 റൺസിന്റെ തോൽവി. 215 റൺസ് വിജയലക്ഷ്യം പിന്തുടർന്നിറങ്ങിയ കേരളം 40.2 ഓവറിൽ 167 റൺസിന് എല്ലാവരും പുറത്താവുകയായിരുന്നു. വാലറ്റത്ത് ഷറഫുദ്ദീൻ കാഴ്ചവെച്ച പോരാട്ടം പാഴായി. മൂന്ന് വിക്കറ്റെടുത്ത ശുഭം ശർമ്മയുടെയും രണ്ട് വിക്കറ്റ് വീതം വീഴ്ത്തിയ സരൻഷ് ജെയിൻ, ശിവാംഗ് കുമാർ എന്നിവരുടെയും മികച്ച പ്രകടനമാണ് മധ്യപ്രദേശിന് വിജയമൊരുക്കിയത്.

ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ മധ്യപ്രദേശ് നിശ്ചിത ഓവറിൽ 214 റൺസെടുത്തു. ഹിമാൻഷു മന്ത്രിയുടെ (105 പന്തിൽ 93) മികച്ച ഇന്നിംഗ്‌സാണ് മധ്യപ്രദേശിന് മാന്യമായ സ്കോർ സമ്മാനിച്ചത്. കേരളത്തിനായി അങ്കിത് ശർമ നാല് വിക്കറ്റും ബാബാ അപരാജിത് മൂന്ന് വിക്കറ്റും വീഴ്ത്തി മികച്ച പ്രകടനം കാഴ്ചവെച്ചു. മധ്യപ്രദേശിന് മോശമല്ലാത്ത തുടക്കമായിരുന്നു. ഒന്നാം വിക്കറ്റിൽ ഹർഷ് ഗാവ്‌ലി (22), യാഷ് ദുബെ (13) സഖ്യം 32 റൺസ് ചേർത്തെങ്കിലും, 10-ാം ഓവറിൽ യാഷ് ദുബെയെ പുറത്താക്കി അങ്കിത് ശർമ കേരളത്തിന് ബ്രേക്ക് ത്രൂ നൽകി.

215 റൺസ് വിജയലക്ഷ്യം പിന്തുടർന്നിറങ്ങിയ കേരളത്തിന് തുടക്കം മുതൽ പിഴച്ചു. രണ്ടാം ഓവറിൽ തന്നെ ഓപ്പണർ കൃഷ്ണ പ്രസാദിന്റെ (4) വിക്കറ്റ് നഷ്ടമായി. തുടര്‍ന്നെത്തിയ അങ്കിത് ശർമ (13) എട്ടാം ഓവറിലും ക്യാപ്റ്റൻ രോഹൻ കുന്നുമ്മൽ (19) പത്താം ഓവറിലും കൂടാരം കയറി. സരൻഷ് ജെയിനായിരുന്നു ഈ രണ്ട് വിക്കറ്റുകളും നേടിയത്. ബാബാ അപരാജിതിന് 24 പന്തിൽ 9 റൺസ് മാത്രമാണ് നേടാനായത്. കുമാർ കാർത്തികേയക്കായിരുന്നു വിക്കറ്റ്.

മുഹമ്മദ് അസറുദ്ദീൻ (15) - സൽമാൻ നിസാർ (30) സഖ്യം 27 റൺസ് കൂട്ടിച്ചേർത്ത് പ്രതീക്ഷ നൽകിയെങ്കിലും ശിവാംഗ് അസറുദ്ദീനെ പുറത്താക്കി. പിന്നാലെ സൽമാനും വിഷ്ണു വിനോദും (20) മടങ്ങിയതോടെ കേരളം തോൽവിയിലേക്ക് നീങ്ങുകയായിരുന്നു. പേസർമാരായ ഏദിൻ ആപ്പിൾ ടോം (2), നിധീഷ് (0) എന്നിവർക്ക് ബാറ്റ് കൊണ്ട് കാര്യമായ സംഭാവന നൽകാനായില്ല.

അവസാന വിക്കറ്റിൽ വിഘ്‌നേഷ് പുത്തൂരിനൊപ്പം ചേർന്ന് ഷറഫുദ്ദീൻ (29 പന്തിൽ 42) 49 റൺസ് കൂട്ടുകെട്ടുണ്ടാക്കി പൊരുതിയെങ്കിലും ടീമിനെ വിജയത്തിലെത്തിക്കാൻ സാധിച്ചില്ല. കേരളത്തിന്റെ ടോപ് സ്കോററായ ഷറഫുദ്ദീൻ 41-ാം ഓവറിൽ പുറത്തായതോടെ കേരളത്തിന്റെ പോരാട്ടം 167 റൺസിൽ അവസാനിച്ചു. വിഘ്‌നേഷ് നാല് റൺസുമായി പുറത്താവാതെ നിന്നു. കേരളത്തിനായി അങ്കിത് ശർമ നാല് വിക്കറ്റും ബാബാ അപരാജിത് മൂന്ന് വിക്കറ്റും വീഴ്ത്തി മികച്ച പ്രകടനം കാഴ്ചവെച്ചു.