- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അന്ന് ട്രിപ്പിള്‍ സെഞ്ചുറി അടിച്ചിട്ടും ഇന്ത്യന്‍ ടീമില്‍ നിന്നും പുറത്തായി; ലിസ്റ്റ് എ ക്രിക്കറ്റില്‍ ലോക റെക്കോര്‍ഡിട്ട് കരുണ്‍ നായര്‍; അഞ്ച് മത്സരങ്ങളില്‍ പുറത്താകാതെ 500ലധികം റണ്‍സ്; ഓസ്ട്രേലിയയില്‍ സീനിയര്‍ താരങ്ങള്‍ പതറുമ്പോള്‍ കരിയറിലെ ഏറ്റവും മികച്ച ഫോമില്‍ മലയാളി താരം
ലിസ്റ്റ് എ ക്രിക്കറ്റില്‍ ലോക റെക്കോര്‍ഡിട്ട് കരുണ്‍ നായര്‍
അഹമ്മദാബാദ്: ലിസ്റ്റ് എ ക്രിക്കറ്റില്‍ പുറത്താകാതെ തുടര്‍ച്ചയായി ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയതിന്റെ പുതിയ ലോക റെക്കോര്‍ഡ് സ്ഥാപിച്ച് വിദര്‍ഭയുടെ മലയാളി ക്രിക്കറ്റര്‍ കരുണ്‍ നായര്‍. വിജയ് ഹസാരെ ട്രോഫില്‍ ഉത്തര്‍പ്രദേശിനെതിരായ മത്സരത്തിലാണ് വിദര്‍ഭയുടെ ക്യാപ്റ്റന്‍ കൂടിയായ കരുണിന്റെ നേട്ടം. ടൂര്‍ണമെന്റിലെ തുടര്‍ച്ചയായ മൂന്നാം സെഞ്ച്വറിയാണ് കരുണ്‍ കുറിച്ചിട്ടത്. താരം 112 റണ്‍സ് നേടി. അവസാന നാല് മത്സരങ്ങളില്‍ നിന്ന് ആദ്യമായിട്ടാണ് താരം പുറത്താകുന്നത്. മത്സരത്തില്‍ 70 റണ്‍സ് കടന്നപ്പോള്‍, ലിസ്റ്റ് എയില്‍ വിക്കറ്റ് നഷ്ടമാക്കാെത തുടര്‍ച്ചയായി 500 റണ്‍സെന്ന റെക്കോര്‍ഡ് സ്വന്തം പേരിലാക്കാന്‍ കരുണിന് സാധിച്ചിരുന്നു.
അഞ്ച് മത്സരങ്ങളിലായി ആര്‍ക്കും പുറത്താക്കാനാകാതെ അടിച്ചുകൂട്ടിയത് 542 റണ്‍സാണ്. അഞ്ചാം മത്സരത്തിലും തകര്‍ത്തടിച്ച് സെഞ്ചറി നേടിയതിനു ശേഷമായിരുന്നു കരുണിന്റെ പുറത്താകല്‍ എന്നു മാത്രം. ഇത്തവണ 101 പന്തില്‍ 11 ഫോറും രണ്ടു സിക്‌സും സഹിതം 112 റണ്‍സെടുത്ത കരുണ്‍ നായരെ, ഉത്തര്‍പ്രദേശ് താരം അടല്‍ ബിഹാരി റായിയാണ് പുറത്താക്കിയത്. ലിസ്റ്റ് എ ക്രിക്കറ്റില്‍ മുന്‍ ന്യൂസിലന്‍ഡ് താരം ജെയിംസ് ഫ്രാങ്ക്ലിന്‍ നേടിയ 527 റണ്‍സിന്റെ റെക്കോര്‍ഡ് കരുണ്‍ തകര്‍ത്തു. 2010ലായിരുന്ന ഫ്രാങ്ക്ലിന്റെ നേട്ടം.
ടീം ക്യാപ്റ്റന്‍ കൂടിയായ കരുണ്‍ നായരുടെ ഐതിഹാസിക ഫോമും പ്രകടനവും, ഗ്രൂപ്പ് ഡിയില്‍ വിദര്‍ഭയെ 20 പോയിന്റുമായി ഒന്നാം സ്ഥാനത്തു നിര്‍ത്തുന്നു. കര്‍ണാടക സ്വദേശിയായ കരുണ്‍ നായര്‍ കുറച്ചുകാലമായി ആഭ്യന്തര ക്രിക്കറ്റില്‍ വിദര്‍യ്ക്കായാണ് കളിക്കുന്നത്. ലിസ്റ്റ് എ ക്രിക്കറ്റില്‍ ഇതുവരെ ഏഴു സെഞ്ചറികള്‍ നേടിയിട്ടുള്ള കരുണിന്റെ നാലു സെഞ്ചറികളും പിറന്നത് ഈ എട്ടു ദിവസത്തിന്റെ ഇടവേളയിലാണ്.
ടൂര്‍ണമെന്റിലുടനീളം 33-കാരന്‍ തകര്‍പ്പന്‍ ഫോമിലാണ്. ജമ്മു കശ്മീരിനെതിരെ പുറത്താകാതെ 112 റണ്‍സാണ് കരുണ്‍ നേടിയത്. ഇതിന് പിന്നാലെയാണ് ഛത്തീസ്ഗഡിനെതിരെ പുറത്താകാതെ 44 റണ്‍സ് നേടി. പിന്നീട് സെഞ്ചുറികള്‍ തുടര്‍ച്ചയായി നേടി കരുണിന്റെ ഫോം പാരമ്യത്തിലെത്തി. അദ്ദേഹത്തിന്റെ സ്ഥിരതയാണ് 16 പോയിന്റുമായി ഗ്രൂപ്പ് ഇയില്‍ ഒന്നാം സ്ഥാനം നിലനിര്‍ത്താന്‍ വിദര്‍ഭയെ സഹായിച്ചത്. കരുണിന് ഇപ്പോള്‍ ഏഴ് ലിസ്റ്റ് എ സെഞ്ചുറികളുണ്ട്, അതില്‍ നാലെണ്ണം എട്ട് ദിവസത്തിനുള്ളിലാണ് നേടിയത്.
കരുണിന്റെ ഉയിര്‍ത്തെഴുന്നേല്‍പ്പ് കരിയറിലെ ഒരു നിര്‍ണായക സമയത്താണ്. രണ്ട് സീസണുകളിലായി ഐപിഎല്‍ ലേലത്തില്‍ ആരുമെടുക്കാതെ പോയതിന് ശേഷം, അടുത്തിടെ ഐപിഎല്‍ 2025 മെഗാ ലേലത്തില്‍ 50 ലക്ഷം രൂപയ്ക്ക് ഡല്‍ഹി ക്യാപിറ്റല്‍സ് അദ്ദേഹത്തെ സ്വന്തമാക്കി. ഇന്ത്യക്കായി 2016ല്‍ ഇംഗ്ലണ്ടിനെതിരായ ട്രിപ്പിള്‍ സെഞ്ചുറിയുടെ പേരിലാണ് കരുണ്‍ ഏറ്റവും കൂടുതല്‍ ഓര്‍മ്മിക്കപ്പെടുന്നത്. ഇപ്പോഴത്തെ പ്രകടനങ്ങള്‍ അദ്ദേഹത്തിന്റെ സാങ്കേതിക തികവിന്റെ തെളിവാണ്.
ചരിത്ര നേട്ടത്തില്‍ മലയാളി താരം
ജമ്മു കശ്മീരിനെതിരായ ആദ്യ മത്സരത്തില്‍ വണ്‍ഡൗണായി ഇറങ്ങി സെഞ്ചറി നേടിയാണ് കരുണ്‍ നായര്‍ വിജയ് ഹസാരെ ട്രോഫിയില്‍ റണ്‍വേട്ടയ്ക്കു തുടക്കമിട്ടത്. 108 പന്തില്‍ നേടിയത് 17 ഫോറുകള്‍ സഹിതം 112 റണ്‍സ്. അടുത്ത മത്സരത്തില്‍ ഛത്തീസ്ഗഡിനെതിരെ നേടിയത് പുറത്താകാതെ 44 റണ്‍സ്. ഛത്തീസ്ഗഡ് ആദ്യം ബാറ്റു ചെയ്ത് വെറും 80 റണ്‍സിന് പുറത്തായതിനാല്‍, കരുണ്‍ 44 റണ്‍സ് നേടിയപ്പോഴേക്കും ടീം ജയിച്ചു.
മൂന്നാം മത്സരത്തില്‍ എതിരാളികളികളായെത്തിയ ചണ്ഡിഗഡ് ആദ്യം ബാറ്റു ചെയ്ത് 316 റണ്‍സ് വിജയലക്ഷ്യം ഉയര്‍ത്തിയതോടെ, കരുണിന്റെ അടുത്ത സെഞ്ചറിക്ക് അടിത്തറയായി. ഇത്തവണ 107 പന്തില്‍ 20 ഫോറും രണ്ടു സിക്‌സും സഹിതം കരുണ്‍ പുറത്താകാതെ നേടിയത് 163 റണ്‍സ്. സന്ദീപ് ശര്‍മ ഉള്‍പ്പെട്ട ചണ്ഡിഗഡിനെതിരെ, 2 ഓവര്‍ ബാക്കിനില്‍ക്കെ അവര്‍ ലക്ഷ്യത്തിലെത്തി.
നാലാം മത്സരത്തില്‍ കരുത്തരായ തമിഴ്‌നാടിനെതിരെയും കരുണ്‍ സെഞ്ചറിയുമായി തിളങ്ങി. ഇത്തവണ ആദ്യം ബാറ്റു ചെയ്ത തമിഴ്‌നാട് വിദര്‍ഭയ്ക്കു മുന്നില്‍ ഉയര്‍ത്തിയത് 257 റണ്‍സ് വിജയലക്ഷ്യം. മറുപടി ബാറ്റിങ്ങില്‍ കരുണ്‍ 103 പന്തില്‍ 14 ഫോറും ഒരു സിക്‌സും സഹിതം പുറത്താകാതെ 111 റണ്‍സെടുത്തതോടെ, 37 പന്തും ആറു വിക്കറ്റും ബാക്കിയാക്കി വിദര്‍ഭ വിജയത്തിലെത്തി.
ഇതിനു പിന്നാലെയാണ് ഇന്ന് ഉത്തര്‍പ്രദേശിനെതിരെ കരുണ്‍ നായര്‍ വീണ്ടും സെഞ്ചറിയുമായി തിളങ്ങിയത്. മത്സരത്തില്‍ ആദ്യം ബാറ്റു ചെയ്ത ഉത്തര്‍പ്രദേശ് നിശ്ചിത 50 ഓവറില്‍ എട്ടു വിക്കറ്റ് നഷ്ടത്തില്‍ നേടിയത് 307 റണ്‍സ്. 82 പന്തില്‍ അഞ്ച് ഫോറും ഏഴു സിക്‌സും സഹിതം 105 റണ്‍സെടുത്ത സമീര്‍ റിസ്വിയുടെ പ്രകടനമായിരുന്നു യുപി ഇന്നിങ്‌സിലെ ഹൈലൈറ്റ്. മറുപടി ബാറ്റിങ്ങില്‍ സെഞ്ചറി കുറിച്ച യഷ് റാത്തോഡിനൊപ്പം (140 പന്തില്‍ പുറത്താകാതെ 138), കരുണ്‍ നായര്‍ ഒരിക്കല്‍ക്കൂടി സെഞ്ചറിയുമായി തിളങ്ങി. ഇത്തവണ 101 പന്തില്‍ 11 ഫോറും രണ്ടു സിക്‌സും സഹിതമാണ് കരുണ്‍ 112 റണ്‍സെടുത്തത്. വിജയത്തിലേക്ക് 17 റണ്‍സ് മാത്രം വേണ്ട ഘട്ടത്തിലാണ് കരുണ്‍ പുറത്തായത്.
അന്ന് ട്രിപ്പിള്‍ സെഞ്ചുറി നേടിയിട്ടും പുറത്തായി
കരിയറിലെ മൂന്നാം ടെസ്റ്റില്‍ തന്നെ ട്രിപ്പിള്‍ സെഞ്ചുറി നേടി സ്വപ്നതുല്യമായ തുടക്കം ലഭിച്ചിട്ടും ഇന്ത്യന്‍ ടീമില്‍ നിന്ന് പുറത്തായ മലയാളി താരം കരുണ്‍ നായര്‍ തിരിച്ചുവരവിന്റെ പാതയിലാണ്. വീരേന്ദര്‍ സെവാഗിനുശേഷം ഇന്ത്യക്കായി ടെസ്റ്റ് ക്രിക്കറ്റില്‍ ട്രിപ്പിള്‍ സെഞ്ചുറി നേടിയ ഒരേയൊരു താരമാണ് 32 കാരനായ കരുണ്‍ നായര്‍. 2016 ഇംഗ്ലണ്ടിനെതിരായ ടെസ്റ്റിലായിരുന്നു കരുണ്‍ നായര്‍ 381 പന്തില്‍ 303 റണ്‍സുമായി പുറത്താകാതെ നിന്നത്.
എന്നാല്‍ ട്രിപ്പിള്‍ അടിച്ചതിന് പിന്നാലെ നടന്ന ടെസ്റ്റില്‍ കരുണിന് ടീം കോംബിനേഷന്‍ കാരണം പ്ലേയിംഗ് ഇലവനില്‍ അവസരം ലഭിച്ചില്ല. പിന്നീട് മൂന്ന് ടെസ്റ്റുകളില്‍ കൂടി കരിയറില്‍ അവസരം ലഭിച്ചെങ്കില്‍ തിളങ്ങാനാവാഞ്ഞതോടെ ടീമില്‍ നിന്ന് പുറത്തായി. പിന്നീട് തിരിച്ചുവരവിന് ഒരു അവസരം സെലക്ടര്‍മാര്‍ നല്‍കിയതുമില്ല. ഐപിഎല്ലില്‍ 2022നുശേഷം ഒരു ടീമിലും ഇടമില്ലാതിരുന്ന കരുണ്‍ 2022ല്‍ സഞ്ജു സാംസണിന്റെ രാജസ്ഥാന്‍ റോയല്‍സിലായിരുന്നു അവസാനം കളിച്ചത്.
എന്നാല്‍ കഴിഞ്ഞ ആറ് ഐപിഎല്‍ സീസണുകളില്‍ ആകെ എട്ട് മത്സരങ്ങളില്‍ മാത്രമാണ് കരുണ്‍ നായര്‍ക്ക് കളിക്കാന്‍ അവസരം ലഭിച്ചത്. 2017ല്‍ അവസാന ടെസ്റ്റും 2022ല്‍ അവസാന ഐപിഎല്ലും കളിച്ച കരുണ്‍ 2022-2023 സീസണിലാണ് കര്‍ണാടക ടീമില്‍ പോലും അവസനാമായി ഇടം നേടിയത്. കഴിഞ്ഞ സീസണില്‍ രഞ്ജി ട്രോഫിയില്‍ വിദര്‍ഭയിലേക്ക് മാറിയ കരുണ്‍ 690 റണ്‍സ് നേടി തിളങ്ങിയിരുന്നു.