അഹമ്മദാബാദ്: വിജയ് ഹസാരെ ട്രോഫി അരങ്ങേറ്റ മത്സരത്തിൽ ലോക റെക്കോർഡ് നേട്ടവുമായി മലയാളി താരം വിഘ്നേഷ് പുത്തൂർ. ത്രിപുരയ്‌ക്കെതിരായ മത്സരത്തിൽ കേരളത്തിനുവേണ്ടി കളിച്ച വിഘ്നേഷ്, ഏകദിന മത്സരത്തിൽ ഒരു ഫീൽഡർ നേടുന്ന ഏറ്റവും കൂടുതൽ ക്യാച്ചുകൾ എന്ന റെക്കോർഡാണ് സ്വന്തമാക്കിയത്. ആറ് ക്യാച്ചുകളാണ് താരം ഇന്നലെ കൈപ്പിടിയിലൊതുക്കിയത്. ദക്ഷിണാഫ്രിക്കയുടെ ഇതിഹാസ ഫീൽഡർ ജോണ്ടി റോഡ്‌സിന്റെ 30 വർഷം പഴക്കമുള്ള റെക്കോർഡാണ് ഇതോടെ തിരുത്തപ്പെട്ടത്.

1993 നവംബർ 14-ന് വെസ്റ്റ് ഇൻഡീസിനെതിരായ മത്സരത്തിൽ അഞ്ച് ക്യാച്ചുകളെടുത്താണ് റോഡ്‌സ് റെക്കോർഡ് സ്ഥാപിച്ചത്. ഈ വർഷം മേയിൽ ഹാരി ബ്രൂക്കും, ജനുവരിയിൽ വിജയ് ഹസാരെ ട്രോഫിയിൽ മേഘാലയയുടെ അരിയൻ സാങ്മയും, ഓസ്‌ട്രേലിയൻ താരങ്ങളായ ബ്രാഡ് യംഗ്, പീറ്റർ ഹാൻഡ്‌സ്‌കോംബ് എന്നിവരും അഞ്ച് ക്യാച്ചുകൾ നേടി റോഡ്‌സിന്റെ റെക്കോർഡിനൊപ്പമെത്തിയിരുന്നു.

കേരളം 145 റൺസിന്റെ തകർപ്പൻ ജയം നേടിയ മത്സരത്തിൽ ബാറ്റിംഗിന് അവസരം ലഭിച്ചില്ലെങ്കിലും, ഫീൽഡിങ്ങിൽ വിഘ്നേഷ് തിളങ്ങി. പതിനൊന്നാം ഓവറിൽ സ്വന്തം ബൗളിംഗിൽ ത്രിപുര ഓപ്പണർ ഉദിയാൻ ബോസിനെ പുറത്താക്കിയാണ് റെക്കോർഡ് പ്രകടനത്തിന് വിഘ്നേഷ് തുടക്കമിട്ടത്. പിന്നീട് അഞ്ച് വിക്കറ്റെടുത്ത ബാബാ അപരാജിതിന്റെ ബൗളിംഗിൽ സ്വപ്‌നിൽ സിംഗ്, സൗരഭ് ദാസ്, അഭിജിത് സർക്കാർ, വിക്കി ഷാ എന്നിവരെയും താരം കൈക്കലാക്കി.

അങ്കിത് കുമാറിന്റെ ബൗളിംഗിൽ ശ്രിദ്ധം പോളിനെയും പുറത്താക്കിയതോടെയാണ് വിഘ്നേഷ് ലോക റെക്കോർഡ് സ്വന്തമാക്കിയത്. കഴിഞ്ഞ ഐ.പി.എല്ലിൽ മുംബൈ ഇന്ത്യൻസിന്റെ ഭാഗമായിരുന്ന വിഘ്നേഷിനെ, ഈ വർഷത്തെ താരലേലത്തിൽ 30 ലക്ഷം രൂപ അടിസ്ഥാന വിലയ്ക്ക് രാജസ്ഥാൻ റോയൽസ് ടീമിലെടുത്തിരുന്നു.