ഗദ്ദാഫി: ന്യൂസിലാന്‍ഡ്, പാകിസ്താന്‍, സൗത്ത് ആഫ്രിക്ക എന്നീ രാജ്യങ്ങള്‍ തമ്മിലുള്ള ത്രിരാഷ്ട്ര പരമ്പരയില്‍ ന്യൂസിലാന്‍ഡിനെതിരെ സെഞ്ചുറി നേടി സൗത്ത് ആഫ്രിക്കന്‍ താരം മാത്യു ബ്രീറ്റ്‌സ്‌കെ. ഏകദിനത്തില്‍ സൗത്താഫ്രിക്കയോടൊപ്പമുഉള്ള ബ്രീറ്റ്‌സ്‌കെയുടെ അരങ്ങേറ്റ മത്സരം ആയിരുന്നു ഇത്. മത്സരത്തില്‍ 148 പന്തില്‍ 150 റണ്‍സ് ആണ് താരം അടിച്ചെടുത്തത്. 11 ഫോറുകളുടെയും അഞ്ച് കൂറ്റന്‍ സിക്‌സുകളുടെയും അകമ്പടിയോടുകൂടിയാണ് ബ്രീറ്റ്‌സ്‌കെ തന്റെ അരങ്ങേറ്റ മത്സരത്തില്‍ തന്നെ കളം നിറഞ്ഞ് കളിച്ചത്.

ഈ തകര്‍പ്പന്‍ സെഞ്ചുറിക്ക് പിന്നാലെ ഒരു ചരിത്ര നേട്ടമാണ് ബ്രീറ്റ്‌സ്‌കെ സ്വന്തമാക്കിയത്. ഏകദിനത്തില്‍ അരങ്ങേറ്റ മത്സരത്തില്‍ തന്നെ 150 റണ്‍സ് നേടുന്ന ചരിത്രത്തിലെ ആദ്യ താരമായി മാറാനാണ് ബ്രീറ്റ്‌സ്‌കെക്ക് സാധിച്ചത്. ഏകദിനത്തില്‍ അരങ്ങേറ്റ മത്സരത്തില്‍ തന്നെ ഒരു താരം നേടുന്ന ഏറ്റവും ഉയര്‍ന്ന റണ്‍സും ആണിത്. ഇതിനുമുമ്പ് ഈ നേട്ടം സ്വന്തമാക്കിയിരുന്നത് വെസ്റ്റ് ഇന്‍ഡീസ് താരം ഡെസ്‌മോണ്ട് ഹെയ്‌നസ് ആണ്. 1978ല്‍ ഓസ്‌ട്രേലിയക്കെതിരെയായിരുന്നു താരം ഈ നേട്ടം സ്വന്തമാക്കിയത്. നീണ്ട 47 വര്‍ഷത്തെ റെക്കോര്‍ഡ് ആണ് ന്യൂസിലാന്‍ഡിനെതിരെയുള്ള ഈ തകര്‍പ്പന്‍ സെഞ്ചുറിയോടെ സൗത്ത് ആഫ്രിക്കന്‍ താരം തകര്‍ത്തത്.

സൗത്ത് ആഫ്രിക്കയ്ക്ക് വേണ്ടി ടെസ്റ്റിലും ടി-20യിലും മാത്യൂ ഇതിനുമുമ്പ് കളിച്ചിട്ടുണ്ട്. റെഡ് ബോള്‍ ക്രിക്കറ്റില്‍ ഒരു മത്സരത്തിലും കുട്ടി ക്രിക്കറ്റില്‍ 10 മത്സരങ്ങളിലും ആയിരുന്നു താരം കളിച്ചത്. എന്നാല്‍ തന്റെ ആദ്യ ഏകദിന മത്സരത്തില്‍ തന്നെ ഇത്തരത്തിലൊരു ചരിത്രനേട്ടം സ്വന്തമാക്കിക്കൊണ്ട് ക്രിക്കറ്റ് ലോകത്തില്‍ ശ്രദ്ധ പിടിച്ചുപറ്റിയിരിക്കുകയാണ്. 2025 ഐപിഎല്ലില്‍ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് ആണ് താരത്തെ സ്വന്തമാക്കിയിരുന്നത്. മെഗാ ലേലത്തില്‍ 75 ലക്ഷം രൂപയ്ക്ക് ആയിരുന്നു ലഖ്നൗ സൗത്ത് ആഫ്രിക്കന്‍ താരത്തെ സ്വന്തമാക്കിയത്.