മുംബൈ: ഏകദിന ലോകകപ്പുകളുടെ ചരിത്രത്തിൽ അപൂർവ്വമായി നടക്കുന്ന ഒരു കാര്യമാണ് ഇന്നലെ മുംബൈ വാംഖഡെ സ്റ്റേഡിയത്തിൽ നടന്നത്. അത്രയ്ക്ക് സ്‌ഫോടനാത്മകമായ ഇന്നിങ്‌സായിരുന്നു ഓസീസ് താരം ഗ്ലെൻ മാക്‌സ്വെല്ലിന്റേത്. മ്ക്‌സിയുടെ ഇന്നിങ്‌സിനെ ക്രിക്കറ്റ് ലോകം പുകഴ്‌ത്തുകയാണ്. താൻ ഏകദിന മത്സരങ്ങളിൽ കണ്ട ഏറ്റവും മികച്ച ഇന്നിങ്‌സ് എന്നായിരുന്നു കമന്ററി ബോക്‌സിൽ നിന്നും റിക്കി പോണ്ടിങിന്റെ കമന്റ്. സമാന അഭിപ്രായമാണ് സോഷ്യൽ മീഡിയയിൽ മുഴുവൻ നിറഞ്ഞതും.

ഇതിഹാസ താരങ്ങളായ സച്ചിൻ അടക്കമുള്ളവർ മാക്‌സ് വെല്ലിന്റെ കളിയെ പുകഴ്‌ത്തി രംഗത്തുവന്നു. ഇന്ത്യൻ ക്രിക്കറ്റ് ഇതിഹാസം കപിൽദേവിന്റെ 175 റൺസ് എടുത്ത 1983ലെ ഇന്നിങ്‌സിനോട് ഉപമിച്ചു കൊണ്ടാണ് രവി ശാസ്ത്രി അടക്കമുള്ളവർ രംഗത്തുവന്നത്. ലോക ക്രിക്കറ്റിലെ ഏറ്റവും മികച്ച ഇന്നിങ്‌സുകളിൽ ഒന്നായിരുന്നു ഇത്.

അഫ്ഗാനെതിരെ മാക്സ്വെല്ലിന്റെ തകർപ്പൻ ഇന്നിങ്സോടെ ഓസ്ട്രേലിയ ലോകകപ്പ് സെമിയിൽ എത്തിയിരിക്കുകയാണ്. അഫ്ഗാനിസ്ഥാൻ ഉയർത്തിയ 291 റൺസ് പിന്തുടർന്ന ഓസീസ് ബാറ്റിങ് തകർച്ച നേരിട്ടപ്പോൾ ഒറ്റയാൾ പോരാട്ടമാണ് മാക്സ്വെൽ നടത്തിയത്. 128 പന്തിൽ 21 ഫോറും പത്ത് സിക്സും സഹിതം 201 റൺസാണ് താരം അടിച്ചെടുത്തത്. ഇതോടെ ഏകദിനത്തിൽ ഡബിൾ സെഞ്ച്വറി നേടുന്ന ആദ്യ ഓസ്‌ട്രേലിയൻ ബാറ്ററായി ഗ്ലെൻ മാക്‌സ്വെൽ.

തകർപ്പൻ ഇന്നിങ്സോടെ ക്രിക്കറ്റിലെ ഒരു പിടി റെക്കോർഡുകളും മാക്സ്വെൽ സ്വന്തം അക്കൗണ്ടിലേക്ക് ചേർത്തു. ഏകദിന ക്രിക്കറ്റിൽ ഡബിൾ സെഞ്ച്വറി നേടുന്ന ആദ്യ ഓസ്‌ട്രേലിയൻ ബാറ്ററായി മാക്സ്വെൽ മാറി. കൂടാതെ ഏകദിനത്തിൽ ഒരു ഓസ്‌ട്രേലിയൻ താരത്തിന്റെ മികച്ച സ്‌കോർ ഷെയ്ൻ വാട്‌സണിന്റെ(185) പേരിലായിരുന്നു. 2011 ൽ ബംഗ്ലാദേശിനെതിരെയായിരുന്നു ഇത്. ഈ റെക്കോർഡും മാക്‌സ് വെൽ സ്വന്തം പേരിലാക്കി.

ന്യൂസിലൻഡിന്റെ മാർട്ടിൻ ഗപ്ടിലിനും വെസ്റ്റിൻഡീസിന്റെ ക്രിസ് ഗെയ്‌ലിനും ശേഷം ലോകകപ്പിൽ ഇരട്ട സെഞ്ച്വറി നേടുന്ന മൂന്നാമത്തെ ബാറ്ററാണ് ഗ്ലെൻ മാക്‌സ് വെൽ. ഡബിൾ സെഞ്ച്വറി നേടുന്ന ഏകദിനത്തിലെ ഒമ്പതാമത്തെ ബാറ്ററും. രണ്ടാമത്തെ ബാറ്റിങ്ങിൽ ഒരു താരം നേടുന്ന ഏറ്റവും ഉയർന്ന സ്‌കോറാണ് മാക്സ്വെല്ലിന്റേത്. ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ പാക്കിസ്ഥാന്റെ ഫഖർ സമന്റെ 193 റൺസ് എന്ന റെക്കോർഡാണ് താരം മറികടന്നത്.

അഫ്ഗാൻ ഉയർത്തിയ 292 റൺസ് വിജയലക്ഷ്യം തേടിയിറങ്ങിയ ആസ്‌ട്രേലിയയെ ഏഴ് വിക്കറ്റ് 91 റൺസ് എന്ന ദയനീയമായ നിലയിൽ നിന്ന് ക്യാപ്റ്റൻ പാറ്റ് കമ്മിൻസിനെ സാക്ഷി നിർത്തി ഗ്ലെൻ മാക്‌സ്വെൽ വിജയതീരണയിക്കുന്നത് ക്രിക്കറ്റ് ലോകം അത്ഭുതത്തോടെയാണ് കണ്ടുനിന്നത്. 128 പന്തിൽ നിന്ന് 21 ഫോറും 10 സിക്‌സറും ഉൾപ്പെടെ പുറത്താകാതെ 201 റൺസ് നേടിയ മാക്‌സ്വെൽ ഇന്നിങ്‌സ് ഏകദിന ചരിത്രത്തിലെ എക്കാലത്തെയും മികച്ച വ്യക്തിഗത ഇന്നിങ്‌സായിരുന്നു. അർധസെഞ്ച്വറി പിന്നിട്ടതോടെ കാലിലെ പേശീവലിവ് കടുത്തവെല്ലുവിളിയായി വന്നെങ്കിലും സെഞ്ച്വറിയും കടന്ന് ഗ്രൗണ്ടിൽ നിരവധി തവണ വീണും ഉരുണ്ടും അയാൾ ലക്ഷ്യത്തിലെത്തിച്ചു.

കാല് നിലത്തുറപ്പിക്കാൻ പോലും ആകാതെ ഒറ്റക്കാലിൽ നിന്ന് ഫൂട്ട് വർക്കുകളൊന്നുമില്ലാതെ സിക്‌സും ഫോറും മാത്രം നേടുന്ന ഇന്നിങ്‌സ് ചരിത്രത്തിൽ അനിതസാധാരണമായിരുന്നു. 1983ലെ ലോകകപ്പിൽ ഇന്ത്യൻ ഇതിഹാസം കപിൽദേവ് സിംബാബ്‌വെക്കെതിരെ നേടിയ 175 റൺസും 1984 ൽ വെസ്റ്റിൻഡീസ് ഇതിഹാസം വിവിയൻ റിച്ചാർഡ്‌സ് ഇംഗ്ലണ്ടിനെതിരെ നേടി 189 റൺസ് എന്നിവയോടൊപ്പമോ അതിന് മുകളിലോ ചേർത്തുവെക്കാവുന്ന ഇന്നിങ്‌സാണ് ഇന്നലെ വാങ്കഡെയിൽ പിറന്നത്.

ഏകദിനത്തിൽ ആറാം നമ്പർ ബാറ്ററുടെ ഏറ്റവും ഉയർന്ന വ്യക്തിഗത സ്‌കോറാണിത്. കപിൽ ദേവിന്റെ സിംബാബ്വെക്കെതിരെയുള്ള റെക്കോർഡും മാക്സ്വെൽ തകർത്തു. ലോകകപ്പിൽ ഏറ്റവും കൂടുതൽ സിക്‌സറുകൾ പറത്തിയ മൂന്നാമത്തെ താരമാണ് മാക്സ്വെൽ. മാക്സ്വെൽ (43) ക്രിസ് ഗെയ്ൽ (49), രോഹിത് ശർമ (45) എന്നിവരാണ് പട്ടികയിൽ. ഏകദിന ക്രിക്കറ്റിലെ എട്ടാം വിക്കറ്റിലെ ഏറ്റവും ഉയർന്ന കൂട്ടുകെട്ടാണ് മാക്സ്വെല്ലും പാറ്റ് കമ്മിൻസും ചേർന്ന് നേടിയ 202 റൺസിന്റെ കൂട്ടുകെട്ട്. 2006ൽ ആൻഡ്രൂ ജെയിംസ് ഹാളും ജസ്റ്റിൻ കെമ്പും ഇന്ത്യയ്ക്കെതിരെ നേടിയ 138* റൺസായിരുന്നു ഇതിനുമുമ്പ് ഏറ്റവും മികച്ചത്.