ന്യൂയോര്‍ക്ക്: അമേരിക്കയില്‍ ക്രിക്കറ്റിനെ പോപ്പുലറാക്കാന്‍ വേണ്ടി രൂപം കൊടുത്ത മേജര്‍ ക്രിക്കറ്റ് ലീഗില്‍ പുതിയ വിജയികള്‍. മേജര്‍ ലീഗ് ക്രിക്കറ്റില്‍ വിജയികളായത് മുംബൈ ഇന്ത്യന്‍സ് ഫ്രാഞ്ചൈസിയാണ്. വാഷിംഗ്ടണ്‍ ഫ്രീഡമിനെ അഞ്ച് റണ്‍സിന് തകര്‍ത്ത് എംഐ ന്യൂയോര്‍ക്കിന് മേജര്‍ ലീഗ് ക്രിക്കറ്റില്‍ കിരീടം.

ആദ്യം ബാറ്റ് ചെയ്ത എംഐ ന്യൂയോര്‍ക്ക് 20 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 180 റണ്‍സടിച്ചു. വാഷിംഗ്ടണ്‍ ഫ്രീഡമിന് 20 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 175 റണ്‍സെടുക്കാനെ കഴിഞ്ഞുള്ളൂ. റുഷില്‍ ഉഗ്രഗര്‍ എറിഞ്ഞ അവസാന ഓവറില്‍ വാഷിങ്ടണിന് വേണ്ടത് 12 റണ്‍സായിരുന്നു. എന്നാല്‍ ഗ്ലെന്‍ മാക്‌സ്വെല്ലും ഗ്ലെന്‍ ഫിലിപ്‌സുമായിരുന്നു ക്രീസിലുണ്ടായിരുന്നത്. ഏഴ് റണ്‍സ് മാത്രമാണ് ആ ഓവറില്‍ നേടാനായുള്ളൂ.

41 പന്തില്‍ 70 റണ്‍സടിച്ച രചിന്‍ രവീന്ദ്രയാണ് വാഷിംഗ്ടണ്‍ ടീമിന്റെ ടോപ് സ്‌കോറര്‍. നേരത്തെ ആദ്യം ബാറ്റ് ചെയ്ത എംഐ ന്യൂയോര്‍ക്ക് ക്വിന്റണ്‍ ഡി കോക്കിന്റെ വെട്ടിക്കെട്ട് അര്‍ധസെഞ്ച്വറിയുടെ കരുത്തിലാണ് മികച്ച സ്‌കോര്‍ കുറിച്ചത്. മേജര്‍ ലീഗ് ക്രിക്കറ്റില്‍ എംഐ ന്യൂയോര്‍ക്കിന്റെ രണ്ടാം കിരീടമാണിത്. 2023ലെ ആദ്യ സീസണിലും എംഐ ചാമ്പ്യന്‍മാരായിരുന്നു.