- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
മുന്നിൽ നിന്ന് നയിച്ച് രോഹിത്; ഹിറ്റ്മാനൊപ്പം കൂട്ടുകെട്ട് ഒരുക്കി ഇഷാനും തിലക് വർമ്മയും; ഗോൾഡൻ ഡക്കായി സൂര്യ; ഫിനിഷിങ് ദൗത്യം ഏറ്റെടുത്ത് ഗ്രീനും ഡേവിഡും; അവസാന ഓവർ ത്രില്ലറിൽ മുംബൈയ്ക്ക് തകർപ്പൻ ജയം; ഡൽഹിയെ കീഴടക്കിയത് ആറ് വിക്കറ്റിന്
ന്യൂഡൽഹി: ഐപിഎല്ലിൽ അവസാന പന്ത് വരെ ജയപരാജയം മാറി മറിഞ്ഞ ത്രില്ലർ പോരാട്ടത്തിൽ ഡൽഹി ക്യാപിറ്റൽസിനെ ആറ് വിക്കറ്റിന് കീഴടക്കി സീസണിലെ ആദ്യ ജയം കുറിച്ച് മുംബൈ ഇന്ത്യൻസ്. മുന്നിൽ നിന്നു നയിച്ച രോഹിത് ശർമയുടെ അർധസെഞ്ചുറിയുടെയും തിലക് വർമ, ഇഷാൻ കിഷൻ എന്നിവരുടെ മിന്നുന്ന ബാറ്റിംഗിന്റെയും കരുത്തിൽ ഡൽഹി ഉയർത്തിയ 173 റൺസ് വിജയലക്ഷ്യം മുംബൈ 20 ഓവറിൽ നാല് വിക്കറ്റ് നഷ്ടത്തിൽ മറികടന്നു.
രോഹിത് 45 പന്തിൽ 65 റൺസെടുത്തപ്പോൾ തിലക് വർമ 29 പന്തിൽ 41 റൺസെടുത്തു. രോഹിത്തിനൊപ്പം ഇന്നിങ്സ് തുറന്ന ഇഷാൻ കിഷൻ 26 പന്തിൽ 31 റൺസെടുത്ത് പുറത്തായപ്പോൾ സൂര്യകുമാർ യാദവ് ഗോൾഡൻ ഡക്കായി. മൂന്ന് കളികളിൽ മുംബൈയുടെ ആദ്യ ജയവും ഡൽഹിയുടെ തുടർച്ചയായ നാലാം തോൽവിയുമാണിത്. സ്കോർ ഡൽഹി ക്യാപിറ്റൽസ് 19.4 ഓവറിൽ 172ന് ഓൾ ഔട്ട്, മുംബൈ ഇന്ത്യൻസ് 20 ഓവറിൽ 173-4.
ഡൽഹി ഉയർത്തിയ 173 റൺസ് വിജയലക്ഷ്യത്തിലേക്ക് തകർത്തടിച്ചാണ് മുംബൈ തുടങ്ങിയത്. പവർ പ്ലേയിൽ കിഷനും രോഹിത്തും ചേർന്ന് മുംബൈയെ 68 റൺസിലെത്തിച്ചു. പവർ പ്ലേ കഴിഞ്ഞപ്പോൾ രോഹിത് 17 പന്തിൽ 37 ഉം കിഷൻ 19 പന്തിൽ 30 റൺസും അടിച്ചിരുന്നു.പവർ പ്ലേക്ക് പിന്നാലെ എട്ടാം ഓവറിൽ കിഷൻ(26 പന്ത്ല 31) റണ്ണൗട്ടായതോടെ മുംബൈക്ക് ആദ്യ തിരിച്ചടിയേറ്റു.
29 പന്തിൽ അർധസെഞ്ചുറിയിലെത്തിയ രോഹിത് 24 ഇന്നിങ്സിനിടെ ഐപിഎല്ലിലെ ആദ്യ അർധസെഞ്ചുറി കുറിച്ചപ്പോൾ പന്ത്രണ്ടാം ഓവറിൽ മുംബൈ 100 കടന്നു. എന്നാൽ 13, 14, 15 ഓവറുകളിൽ രോഹിത്തും തിലക് വർമയും ചേർന്ന് 11 റൺസ് മാത്രം നേടിയതോടെ അവസാന അഞ്ചോവറിൽ മുംബൈയുടെ ലക്ഷ്യം 50 റൺസായി.
മുകേഷ് കുമാർ എറിഞ്ഞ പതിനാറാം ഓവറിൽ ഒരു ബൗണ്ടറിയും രണ്ട് സിക്സും പറത്തി തിലക് വർമ മുംബൈയുടെ ജയം ആനായാസമാക്കുമെന്ന് കരുതിയെങ്കിലും അതേ ഓവറിൽ തിലക് വർമയെ വീഴ്ത്തിയ മുകേഷ് കുമാർ തൊട്ടടുത്ത പന്തിൽ സൂര്യകുമാർ യാദവിനെ ഗോൾഡന ഡക്കാക്കി ഇരട്ട പ്രഹരമേൽപ്പിച്ചതോടെ മുംബൈ സമ്മർദ്ദത്തിലായി. മുസ്തഫിസുർ റഹ്മാൻ എറിഞ്ഞ പതിനേഴാം ഓവറിൽ ബൗണ്ടറിയടിച്ച് തുടങ്ങിയ രോഹിത്തിന് പിന്നീട് മൂന്ന് പന്തുകളിൽ റൺസെടുക്കാനായില്ല.
അഞ്ചാം പന്തിൽ രോഹിത്തിനെ(45 പന്തിൽ 65) വിക്കറ്റിന് പിന്നിൽ പറന്നു പിടിച്ചതോടെ മുബൈ കടുത്ത സമ്മർദ്ദത്തിലായി. അവസാന രണ്ടോവറിൽ 20 റൺസായിരുന്നു മുംബൈക്ക് ജയിക്കാൻ വേണ്ടിയിരുന്നത്. മുസ്ഫിസുർ എറിഞ്ഞ പത്തൊമ്പതാം ഓവറിൽ രണ്ട് സിക്സ് അടക്കം 15 റൺസടിച്ച കാമറൂണ് ഗ്രീനും ടിം ഡേവിഡും മുംബൈയുടെ സമ്മർദ്ദം ഒഴിവാക്കി.
ആന്റിച്ച് നോർക്യ എറിഞ്ഞ അവസാന ഓവറിൽ അഞ്ച് റൺസ് മതിയായിരുന്നെങ്കിലും ആദ്യ പന്തിൽ സിംഗിളെടുത്ത ശേഷം പിന്നീട് മുംബൈക്ക് രണ്ട് പന്തിൽ റണ്ണെടുക്കാനാവാഞ്ഞതോടെ വീണ്ടും സമ്മർദ്ദമായി. അടുത്ത പന്തിൽ സിംഗിളെടുത്ത മുംബൈക്ക് അവസാന പന്തിൽ ജയത്തിലേക്ക് രണ്ട് റൺസായിരുന്നു വേണ്ടിയിരുന്നത്. അവസാന പന്തിൽ രണ്ട് റൺസ് ഓടിയെടുത്ത് മുംബൈ ആദ്യ ജയം സ്വന്തമാക്കി. 8 പന്തിൽ 17 റൺസെടുത്ത ഗ്രീനും 11 പന്തിൽ 13 റൺസെടുത്ത ടിം ഡേവിഡും പുറത്താകാതെ നിന്നു. ഡൽഹിയുടെ തുടർച്ചയായ നാലാം തോൽവിയാണിത്. മുംബൈ ജയിച്ചതോടെ സീസണിൽ ജയം നേടാത്ത ഒരേയൊരു ടീം ഡൽഹിയായി.
നേരത്തെ ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്ത ഡൽഹിക്കായി അർധസെഞ്ചുറി നേടിയ ക്യാപ്റ്റൻ ഡേവിഡ് വാർണർ ഒരിക്കൽ കൂടി തിളങ്ങിയെങ്കിലും ക്യാപ്റ്റന്റെ മുട്ടിക്കളി ഡൽഹിയെ 19.4 ഓവറിൽ 172ൽ ഒതുക്കി.ഓപ്പണറായി ഇറങ്ങി 43 പന്തിൽ അർധസഞ്ചുറി തികച്ച വാർണർ 47 പന്തിൽ 51 റൺസെടുത്ത് പത്തൊമ്പതാം ഓവറിൽ പുറത്തായപ്പോൾ ഏഴാമനായി ക്രീസിലിറങ്ങി 25 പന്തിൽ 54 റൺസടിച്ച അക്ഷർ പട്ടേലാണ് ഡൽഹിക്ക് മാന്യമായ സ്കോർ ഉറപ്പാക്കിയത്.
പൃഥ്വി ഷായും ഡൽഹിയുടെ മധ്യനിരയും വീണ്ടും നിരാശപ്പെടുത്തിയപ്പോൾ പതിമൂന്നാം ഓവറിൽ 98-5ലേക്ക് തകർന്ന ഡൽഹിയെ അവസാന ഓവറുകളിൽ തകർത്തടിച്ച അക്ഷർ ആണ് പൊരുതാവുന്ന സ്കോറിലെത്തിച്ചത്. 22 പന്തിൽ നാല് ഫോറും അഞ്ച് സിക്സും പറത്തിയാണ് അക്ഷർ അർധസെഞ്ചുറി തികച്ചത്.മുംബൈക്കായി പിയൂഷ് ചൗളയും ജേസൺ ബെഹൻഡോർഫും മൂന്ന് വിക്കറ്റ് വീതം വീഴ്ത്തി.
സ്പോർട്സ് ഡെസ്ക്