- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബിസിസിഐയുടെ പുതിയ പ്രസിഡന്റാവാന്‍ മുന്‍ ഇന്ത്യന്‍ ഫസ്റ്റ് ക്ലാസ് താരം മിഥുന്‍ മന്‍ഹാസ്; ബിസിസിഐയുടെ വാര്‍ഷിക പൊതുയോഗത്തിലാണ് പ്രസിഡന്റിനെ ഔദ്യോഗികമായി പ്രഖ്യാപിക്കുക
ന്യൂഡല്‍ഹി: മുന്‍ ഇന്ത്യന്‍ ഫസ്റ്റ് ക്ലാസ് താരം മിഥുന്‍ മന്‍ഹാസ് ബിസിസിഐയുടെ പുതിയ പ്രസിഡന്റാവാന്‍ സാധ്യത. ഡല്‍ഹിയിലെ ആഭ്യന്തരമന്ത്രി അമിത് ഷായുടെ വസതിയില്‍ ചേര്‍ന്ന യോഗത്തിലാണ് മിഥുനിന്റെ പേര് അന്തിമമായി ചര്‍ച്ചയായത്. ജമ്മു കശ്മീര്‍ ക്രിക്കറ്റ് അസോസിയേഷനാണ് (ജെകെസിഎ)മന്‍ഹാസിന്റെ പേരില്‍ നിര്‍ദേശം നല്‍കിയത്.
സെപ്റ്റംബര്‍ 28-ന് മുംബൈയില്‍ നടക്കുന്ന ബിസിസിഐയുടെ വാര്‍ഷിക പൊതുയോഗത്തിലാണ് പ്രസിഡന്റിനെ ഔദ്യോഗികമായി പ്രഖ്യാപിക്കുക. തെരഞ്ഞെടുപ്പില്‍ പോകാതെ ഏകകണ്‌ഠേന പുതിയ പ്രസിഡന്റിനെ കണ്ടെത്താനാണ് ബിസിസിഐയുടെ നീക്കം. മുന്‍ പ്രസിഡന്റ് സൗരവ് ഗാംഗുലിയും മുന്‍ താരം ഹര്‍ഭജന്‍ സിംഗും പരിഗണനയിലുണ്ടായിരുന്നെങ്കിലും അവസാനം മന്‍ഹാസിന്റെ പേരാണ് മുന്നിലെത്തിയത്.
18 വര്‍ഷത്തെ കരിയറില്‍ 157 ഫസ്റ്റ് ക്ലാസ് മത്സരങ്ങള്‍ കളിച്ചിട്ടുള്ള മന്‍ഹാസ് 2007-08ല്‍ ഡല്‍ഹിയെ രഞ്ജി ട്രോഫി കിരീടത്തിലേയ്ക്ക് നയിച്ചിരുന്നു. ഡല്‍ഹി ഡെയര്‍ഡെവിള്‍സ്, പുണെ വാരിയേഴ്സ്, ചെന്നൈ സൂപ്പര്‍ കിങ്‌സ് തുടങ്ങിയ ഐപിഎല്‍ ടീമുകളിലും കളിച്ചിട്ടുണ്ട്. എന്നാല്‍ ദേശീയ ടീമിലേക്കു പ്രവേശനം ലഭിച്ചിട്ടില്ല. പ്രസിഡന്റാകുകയാണെങ്കില്‍ അണ്‍ക്യാപ്ഡ് താരങ്ങളില്‍ നിന്ന് ആ സ്ഥാനത്തെത്തുന്ന ആദ്യ വ്യക്തിയായി മന്‍ഹാസ് മാറും.
പ്രസിഡന്റ് റോജര്‍ ബിന്നി പ്രായപരിധി കാരണം സ്ഥാനമൊഴിഞ്ഞതോടെയാണ് ഒഴിവുണ്ടായത്. നിലവില്‍ വൈസ് പ്രസിഡന്റ് രാജീവ് ശുക്ലയാണ് ആക്ടിങ് പ്രസിഡന്റായി ചുമതലയേറ്റിരിക്കുന്നത്. അതേസമയം, മുന്‍ ഇന്ത്യന്‍ പേസര്‍ ആര്‍.പി. സിങ് സെലക്ഷന്‍ കമ്മിറ്റിയിലേക്കു വരാനാണ് സാധ്യത. ബിസിസിഐ ഭരണസമിതിയില്‍ മറ്റ് വലിയ മാറ്റങ്ങള്‍ പ്രതീക്ഷിക്കുന്നില്ല. സെക്രട്ടറി ദേവജിത് സൈകിയ, ജോയിന്റ് സെക്രട്ടറി റോഹന്‍ ദേശായി, ട്രഷറര്‍ പ്രഭ്തേജ് സിങ് ഭാട്ടിയ എന്നിവര്‍ തുടരാനാണ് സാധ്യത. ഐപിഎല്‍ ചെയര്‍മാന്‍ അരുണ്‍ ധുമലിന് സ്ഥാനകാലാവധി പൂര്‍ത്തിയാകുന്നതിനാല്‍ പകരക്കാരനെ കണ്ടെത്തേണ്ടിവരും.
കായിക സംഘടനകളില്‍ വിവിധ മേഖലകളില്‍നിന്നുള്ള പ്രാതിനിധ്യം ഉറപ്പാക്കണമെന്ന നിലപാടിലാണ് കേന്ദ്ര സര്‍ക്കാര്‍. അതിന്റെ ഭാഗമായി മുന്‍ താരം മന്‍ഹാസിനെ തെരഞ്ഞെടുക്കുന്നതിന് ശക്തമായ പിന്തുണ ലഭിക്കുന്നതായി റിപ്പോര്‍ട്ട്.