പട്‌ന: ഈ ഐപിഎല്ലിലെ താരമായ വൈഭവ് സൂര്യവംശിയെ നേരില്‍ കണ്ട് അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. പട്‌ന വിമാനത്താവളത്തില്‍ വച്ചാണ് 14-കാരനും കുടുംബവും പ്രധാനമന്ത്രിയെ നേരില്‍ കണ്ടത്. രാജസ്ഥാന്‍ റോയല്‍സിനായി ഐപിഎല്‍ അരങ്ങേറ്റം നടത്തിയ സൂര്യവംശി ടി20 ക്രിക്കറ്റില്‍ സെഞ്ച്വറി നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമായിരുന്നു. വൈഭിനൊപ്പമുള്ള ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച പ്രധാനമന്ത്രി അദ്ദേഹത്തിന്റെ ക്രിക്കറ്റിലെ കഴിവുകളെ പ്രകീര്‍ത്തിക്കുകയും ചെയ്തു.

പട്‌ന എയര്‍പോര്‍ട്ടില്‍ ക്രിക്കറ്റിലെ അത്ഭുത താരമായ വൈഭവ് സൂര്യവംശിയെയും അദ്ദേഹത്തിന്റെ കുടുംബത്തെയും കണ്ടു. ക്രിക്കറ്റിലെ അദ്ദേഹത്തിന്റെ കഴിവുകള്‍ രാജ്യം മുഴുവന്‍ ആരാധിക്കുകയും ഇഷ്ടപ്പെടുകയും ചെയ്യുന്നു. അദ്ദേഹത്തിന്റെ ഭാവി ഉദ്യമങ്ങള്‍ക്ക് എന്റെ അഭിന്ദനങ്ങള്‍- മോദി കുറിച്ചു.

1.1 കോടി രൂപയ്ക്ക് വൈഭവിനെ രാജസ്ഥാന്‍ സ്വന്തമാക്കുമ്പോള്‍ അദ്ദേഹത്തിന്റെ പ്രായം 13 വയസായിരുന്നു. ലക്‌നൗവിനെതിരെയായിരുന്നു അരങ്ങേറ്റം. ഏഴ് മത്സരങ്ങളില്‍ നിന്ന് 252 റണ്‍സാണ് യുവതാരം നേടിയത്. 206.55 ആണ് സ്‌ട്രൈക് റേറ്റ്, 36 ആണ് ശരാശരി.