- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'പാകിസ്ഥാനെ പരാജയപ്പെടുത്തിയാൽ ഇന്ത്യ മികച്ച ടീമാവില്ല, ടെസ്റ്റ് ക്രിക്കറ്റിന് ശ്രദ്ധ നൽകണം'; ആഭ്യന്തര മത്സരങ്ങൾ കളിക്കാൻ തയ്യാറാവണം; ഇന്ത്യൻ ടീമിനെതിരെ രൂക്ഷ വിമര്‍ശനവുമായി മുഹമ്മദ് കൈഫ്
ലക്നൗ: ഓസ്ട്രേലിയക്കെതിരെ അവസാനിച്ച ബോർഡർ ഗാവസ്‌കർ പരമ്പരയിൽ നഷ്ടമായതോടെ വിരമർശനത്തിന്റെ മുൾമുനയിലാണ് ടീം ഇന്ത്യ. ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിനായി യോഗ്യത നേടുന്നതിനായി നിർണായകമായിരുന്നു ഓസ്ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പര. പരമ്പരയിലേറ്റ തോൽവി ഇന്ത്യക്ക് കനത്ത തിരിച്ചടിയാണ് നൽകിയത്. നിരവധി മുൻതാരങ്ങൾ ക്യാപ്റ്റൻ രോഹിത് ശർമ്മ അടക്കമുള്ള സീനിയർ കളിക്കാരെ വിമർശിച്ച് രംഗത്തെത്തിയിരുന്നു.
ഇപ്പോഴിതാ ഇന്ത്യൻ ടീമിനെതിരെ രൂക്ഷ വിമര്‍ശനവുമായി എത്തിയിരിക്കുകയാണ് മുന്‍ ഇന്ത്യൻ താരം മുഹമ്മദ് കൈഫ്. ഇന്ത്യ വൈറ്റ് ബോളില്‍ മാത്രം മികവ് കാട്ടുന്നവരാണെന്നും ചാമ്പ്യൻസ് ട്രോഫിയില്‍ പാകിസ്ഥാനെ തോല്‍പ്പിച്ചാല്‍ ഇപ്പോഴത്തെ തോല്‍വിയുടെ കാര്യമെല്ലാം എല്ലവാവരും മറക്കുമെന്നും കൈഫ് പറഞ്ഞു. എന്നാൽ പാകിസ്ഥാനെ തോൽപ്പിച്ചത് കൊണ്ട് മാത്രം ഇന്ത്യ മികച്ച ടീമാവില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ഫെബ്രുവരി 23ന് ചാമ്പ്യൻസ് ട്രോഫിയില്‍ പാകിസ്ഥാനെ പരാജയപ്പെടുത്തിയാൽ പിന്നെ എല്ലാവരും ഓസ്‌ട്രേലിയയോടേറ്റ തോല്‍വി മറക്കും. എന്നാല്‍ വൈറ്റ് ബോള്‍ ക്രിക്കറ്റില്‍ പാകിസ്ഥാനെ തോല്‍പിച്ചതുകൊണ്ട് മാത്രം നമ്മള്‍ മികച്ച ടീമാവില്ല. വൈറ്റ് ബോളില്‍ നമ്മള്‍ ചാമ്പ്യൻ ടീമാണെന്നൊക്കെ എല്ലാവരും പറയും. എന്നാല്‍ ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ജയിക്കാന്‍ ഇതൊന്നും പോര. അതിന് കരുത്തുറ്റ ടീം തന്നെ വേണം. പന്ത് കുത്തിത്തിരിയുന്ന പിച്ചുകളില്‍ എങ്ങനെ കളിക്കണമെന്നും ഓസ്ട്രേലിയയിലേതുപോലെ സീമിംഗ് പിച്ചുകളില്‍ എങ്ങനെ കളിക്കണമെന്നും നമ്മൾ ഇനിയും പഠിക്കേണ്ടിയിരിക്കുന്നു. നമ്മള്‍ വെറും വൈറ്റ് ബോള്‍ ക്രിക്കറ്റിൽ മാത്രം കരുത്തറാണെന്നതാണ് വസ്തുത.
ടെസ്റ്റ് ക്രിക്കറ്റില്‍ മറ്റു ടീമുകളെക്കാള്‍ ഏറെ പിന്നിലാണ് നമ്മള്‍. ഇനിയെങ്കിലും ടെസ്റ്റ് ക്രിക്കറ്റില്‍ ശ്രദ്ധിക്കാന്‍ നമ്മള്‍ തയാറാവണമെന്നും കൈഫ് പറഞ്ഞു. ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ജയിക്കണമെന്നുണ്ടെങ്കില്‍ ഇന്ത്യൻ താരങ്ങള്‍ ആഭ്യന്തര ക്രിക്കറ്റില്‍ കളിക്കാന്‍ തയാറാകണമെന്നും കൈഫ് എക്സില്‍ പോസ്റ്റ് ചെയ്ത വീഡിയോയില്‍ പറഞ്ഞു. ഓസ്ട്രേലിയക്കെതിരായ പരമ്പര തോല്‍വി ഒരു മുന്നറിയിപ്പായി ഇന്ത്യ കാണണം. ഇനിയെങ്കിലും ടെസ്റ്റ് ക്രിക്കറ്റിന് പ്രാധാന്യം നല്‍കാന്‍ നമുക്കാകണം. തോൽവി ഗംഭീറിന്റെ മാത്രം കുറ്റമല്ല, എല്ലാവരും ഉത്തരവാദിത്തം ഏറ്റെടുക്കണം. എല്ലാവര്‍ക്കും രഞ്ജി ട്രോഫിയില്‍ കളിക്കാന്‍ അവസരമുണ്ടെങ്കിലും അത് ഒഴിവാക്കുകയാണ് പതിവ്. രഞ്ജി ട്രോഫിയിലും കളിക്കാൻ തയാറല്ല, പരിശീലന മത്സരത്തിലും കളിക്കാന്‍ തയാറല്ല, പിന്നെ എങ്ങനെയാണ് ഇന്ത്യൻ താരങ്ങൾ മെച്ചപ്പെടുകയെന്നും കൈഫ് ചോദിച്ചു.