- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'രണ്ട് മത്സരങ്ങളിലും പരാജയപ്പെട്ടു, ഗില്ലിന് വിശ്രമം നൽകണം, മറ്റ് കളിക്കാരെ പരീക്ഷിക്കാനുള്ള സമയമായി'; സഞ്ജുവിനെ ഓപ്പണറാക്കണമെന് മുഹമ്മദ് കൈഫ്
മുംബൈ: ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ടി20 പരമ്പരയിലെ മൂന്നാം മത്സരത്തിന് മുന്നോടിയായി ഇന്ത്യൻ ടീമിൽ മാറ്റങ്ങൾ വേണമെന്ന് മുൻ ഇന്ത്യൻ താരം മുഹമ്മദ് കൈഫ്. ഓപ്പണറായ ശുഭ്മാൻ ഗില്ലിന് പകരം സഞ്ജു സാംസണെ ടീമിലെടുക്കണമെന്നാണ് കൈഫിന്റെ പ്രധാന ആവശ്യം. അഞ്ച് മത്സരങ്ങളടങ്ങിയ പരമ്പരയിൽ ഇരുടീമുകളും നിലവിൽ 1-1ന് തുല്യത പാലിക്കുകയാണ്. ഗില്ലിന്റെ സമീപകാല പ്രകടനങ്ങൾ ചൂണ്ടിക്കാട്ടിയാണ് കൈഫ് ഈ നിർദ്ദേശം മുന്നോട്ടുവെച്ചത്.
കഴിഞ്ഞ രണ്ട് ടി20 മത്സരങ്ങളിലും ഗില്ലിന് രണ്ടക്കം കാണാൻ സാധിച്ചിരുന്നില്ല; ആദ്യ മത്സരത്തിൽ നാല് റൺസിനും രണ്ടാം മത്സരത്തിൽ റൺസെടുക്കാതെയും താരം പുറത്തായിരുന്നു. 'ഗിൽ പുറത്താകുന്ന രീതികൾ ശ്രദ്ധിക്കൂ. രണ്ടാം ടി20യിൽ സ്ലിപ്പിൽ ക്യാച്ച് നൽകിയാണ് അദ്ദേഹം പുറത്തായത്. ക്രീസിന് പുറത്തേക്കിറങ്ങി കളിക്കുമ്പോൾ അദ്ദേഹത്തിന് ടൈമിംഗ് തെറ്റുന്നുണ്ട്. അഭിഷേക് ശർമ്മയെ അനുകരിച്ച് ആക്രമിച്ച് കളിക്കാൻ ശ്രമിക്കുമ്പോഴാണ് അദ്ദേഹത്തിന് വിക്കറ്റ് നഷ്ടമാകുന്നത്,' കൈഫ് പറഞ്ഞു. ഗില്ലിന് വിശ്രമം നൽകി, കഴിവ് തെളിയിച്ചിട്ടുള്ള മറ്റ് കളിക്കാരെ പരീക്ഷിക്കാനുള്ള സമയമായെന്നും കൈഫ് കൂട്ടിച്ചേർത്തു.
സഞ്ജു സാംസണ് മതിയായ അവസരങ്ങൾ ലഭിക്കുന്നില്ലെന്നും കൈഫ് അഭിപ്രായപ്പെട്ടു. 'സഞ്ജു സാംസൺ ഒരു ടോപ് ക്ലാസ് പ്ലെയറാണ്. പക്ഷെ അദ്ദേഹത്തിന് ആവശ്യമായ അവസരങ്ങൾ ലഭിച്ചിട്ടില്ല. വൈസ് ക്യാപ്റ്റൻമാരെ പോലും മുമ്പ് ടീമിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ടീമിന്റെ താല്‍പ്പര്യം പരിഗണിച്ച് ഗില്ലിന് ഇടവേള നൽകി പകരം മറ്റൊരാളെ കൊണ്ടുവരണം. ഇരട്ടത്താപ്പുകൾ പാടില്ല,' കൈഫ് വ്യക്തമാക്കി. ഓപ്പണർ സ്ഥാനത്ത് മൂന്ന് സെഞ്ചുറികൾ നേടിയിട്ടുള്ള സഞ്ജു സാംസണെ ഗില്ലിന് പകരം കളിപ്പിക്കണമെന്ന ആവശ്യം വ്യാപകമായി ഉയർന്നിട്ടുണ്ട്.
പരമ്പരയിലെ ആദ്യ മത്സരത്തിൽ ഇന്ത്യ വമ്പൻ ജയം നേടിയെങ്കിലും, രണ്ടാം ടി20യിൽ പരാജയപ്പെട്ടിരുന്നു. നിർണായകമായ മൂന്നാം മത്സരത്തിൽ മാറ്റങ്ങൾ വേണമെന്ന ആവശ്യം ശക്തമാണെങ്കിലും, ടീം ഘടനയിൽ മാറ്റം വരുത്താൻ സാധ്യതയില്ലെന്നാണ് സൂചന.
മൂന്നാം ടി20ക്കുള്ള ഇന്ത്യയുടെ സാധ്യതാ ഇലവൻ:
സൂര്യകുമാർ യാദവ് (ക്യാപ്റ്റൻ), ശുഭ്മാൻ ഗിൽ, അഭിഷേക് ശർമ്മ, തിലക് വർമ്മ, ഹാർദിക് പാണ്ഡ്യ, ശിവം ദുബെ, അക്‌സർ പട്ടേൽ, ജിതേഷ് ശർമ, ജസ്പ്രീത് ബുമ്ര, വരുൺ ചക്രവർത്തി, കുൽദീപ് യാദവ്.




