- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'കായിക രംഗത്ത് രാഷ്ട്രീയത്തെ കലർത്തരുത്, അത് ക്രിക്കറ്റിന്റെ അന്തസിന് ചേർന്നതല്ല'; പാക്ക് കളിക്കാരെ പ്രകോപിപ്പിച്ചു; ബിസിസിഐയ്ക്കെതിരെ ആഞ്ഞടിച്ച് മൊഹ്സിൻ നഖ്‌വി
ദുബായ്: അണ്ടർ 19 ഏഷ്യാ കപ്പ് ഫൈനലിനിടെ ഇന്ത്യൻ താരങ്ങൾ പാക്ക് താരങ്ങളെ നിരന്തരം പ്രകോപിപ്പിച്ചുവെന്ന ആരോപണവുമായി പാക്കിസ്ഥാൻ ക്രിക്കറ്റ് ബോർഡ് (പിസിബി) ചെയർമാനും ഏഷ്യൻ ക്രിക്കറ്റ് കൗൺസിൽ (എസിസി) പ്രസിഡന്റുമായ മൊഹ്സിൻ നഖ്‌വി. ഇന്ത്യൻ താരങ്ങളുടെ പെരുമാറ്റത്തിനെതിരെ അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിലിന് (ഐസിസി) ഔദ്യോഗികമായി പരാതി നൽകുമെന്നാണ് സൂചന. ദുബായിൽ നടന്ന ആവേശകരമായ ഫൈനലിൽ പാക്കിസ്ഥാൻ ഇന്ത്യയെ 191 റൺസിന് പരാജയപ്പെടുത്തി കിരീടം ചൂടിയിരുന്നു.
ഏഷ്യാ കപ്പ് കിരീടം നേടിയ പാക്ക് ടീമിനായി പ്രധാനമന്ത്രി ഷെഹ്ബാസ് ഷരീഫ് ഒരുക്കിയ സ്വീകരണ ചടങ്ങിലാണ് നഖ്‌വി ബിസിസിഐയ്ക്കെതിരെ രംഗത്തെത്തിയത്. ഫൈനൽ മത്സരത്തിനിടെ ഇന്ത്യൻ താരങ്ങൾ പാക്കിസ്ഥാൻ താരങ്ങളെ വാക്കുകൾ കൊണ്ടും പ്രവർത്തികൾ കൊണ്ടും പ്രകോപിപ്പിച്ചു എന്നാണ് അദ്ദേഹത്തിന്റെ വാദം. കായിക രംഗത്ത് രാഷ്ട്രീയത്തെ കലർത്തരുതെന്ന് പറഞ്ഞ നഖ്‌വി, ഇത്തരം പെരുമാറ്റങ്ങൾ ക്രിക്കറ്റിന്റെ അന്തസിന് ചേർന്നതല്ലെന്ന് കുറ്റപ്പെടുത്തി. ഈ വിഷയം ഗൗരവമായി ഐസിസിയുടെ ശ്രദ്ധയിൽപ്പെടുത്തുമെന്ന് അദ്ദേഹം അറിയിച്ചു.
നേരത്തെ മുതിർന്ന താരങ്ങളുടെ ഏഷ്യാ കപ്പ് ഫൈനലിന് ശേഷം ട്രോഫി കൈമാറുന്നതുമായി ബന്ധപ്പെട്ടും നഖ്‌വിയും ബിസിസിഐയും തമ്മിൽ തർക്കമുണ്ടായിരുന്നു. അന്ന് നഖ്‌വിയിൽ നിന്ന് ട്രോഫി സ്വീകരിക്കാൻ ഇന്ത്യൻ താരങ്ങൾ വിസമ്മതിച്ചിരുന്നു. ഇത്തവണ അണ്ടർ 19 ഫൈനലിലും നഖ്‌വി പങ്കെടുത്ത വേദിയിൽ നിന്ന് മെഡൽ വാങ്ങാൻ ഇന്ത്യൻ താരങ്ങൾ തയ്യാറായിരുന്നില്ല. പാക്ക് ടീം മെന്ററായ സർഫറാസ് അഹമ്മദും ഇന്ത്യൻ താരങ്ങളുടെ പെരുമാറ്റം ശരിയല്ലെന്നും അത് ക്രിക്കറ്റ് സ്പിരിറ്റിന് വിരുദ്ധമാണെന്നും നേരത്തെ ആരോപിച്ചിരുന്നു.




