കറാച്ചി: പാക്കിസ്ഥാൻ ക്രിക്കറ്റ് ബോർഡ് (പിസിബി) അധ്യക്ഷസ്ഥാനത്ത് നിന്ന് മൊഹ്‌സിൻ നഖ്‌വി പുറത്തുപോകണമെന്ന് മുൻ പാകിസ്താൻ താരം ഷാഹിദ് അഫ്രീദി. പാക്കിസ്ഥാന്റെ ആഭ്യന്തര മന്ത്രി പദവി വഹിക്കുന്നതിനോടൊപ്പം ക്രിക്കറ്റ് ബോർഡ് അധ്യക്ഷൻ എന്ന നിലയിലുള്ള ഉത്തരവാദിത്തങ്ങൾ ഒരുമിച്ച് കൊണ്ടുപോകുന്നത് പ്രായോഗികമല്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. പ്രതിസന്ധി ഘട്ടങ്ങളിൽ കായികരംഗത്ത് പൂർണ്ണമായ ശ്രദ്ധ ആവശ്യമാണെന്നും അഫ്രീദി വ്യക്തമാക്കി.

പിസിബിയും ആഭ്യന്തര മന്ത്രാലയവും വ്യത്യസ്ത സംവിധാനങ്ങളാണെന്നും അവയെ വേർതിരിച്ചു കാണണമെന്നും അഫ്രീദി അഭിപ്രായപ്പെട്ടു. വിഷയത്തിൽ എത്രയും പെട്ടെന്ന് തീരുമാനമെടുക്കേണ്ടത് അത്യാവശ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പാക്കിസ്ഥാൻ ക്രിക്കറ്റ് നിലവിൽ പ്രത്യേക ശ്രദ്ധ ആവശ്യപ്പെടുന്ന ഘട്ടത്തിലാണെന്നും, നഖ്‌വിയുടെ ഉപദേശകർ അദ്ദേഹത്തെ ശരിയായ വഴിക്ക് നയിക്കുന്നില്ലെന്നും അഫ്രീദി പരിഹസിച്ചു. കളിയെക്കുറിച്ച് അറിവുള്ളവരെ ഉപദേശകരായി നിയമിക്കണമെന്നും അദ്ദേഹം നിർദ്ദേശിച്ചു.

ഏഷ്യാ കപ്പ് ക്രിക്കറ്റുമായി ബന്ധപ്പെട്ട് നഖ്‌വിക്കെതിരെ നിരവധി വിവാദങ്ങൾ ഉയർന്നു വന്നിരിക്കുന്ന സാഹചര്യത്തിലാണ് അഫ്രീദിയുടെ ഈ പ്രസ്താവന. നഖ്‌വിയുടെ ഒന്നിലധികം ചുമതലകളെ ഷാഹിദ് അഫ്രീദി മുൻപും വിമർശിച്ചിട്ടുണ്ട്. പിസിബി ചെയർമാൻ സ്ഥാനം ഒരു മുഴുവൻ സമയ ജോലിയായിരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു. സമീപകാലത്ത് ഏഷ്യാ കപ്പിൽ ഇന്ത്യയും പാകിസ്താനും തമ്മിൽ മൂന്നു തവണ ഏറ്റുമുട്ടി മൂന്നിലും ഇന്ത്യ വിജയിച്ചത് ഇരു ടീമുകൾക്കുമിടയിലെ അന്തരം വ്യക്തമാക്കുന്നതാണെന്നും അഫ്രീദി കൂട്ടിച്ചേർത്തു.