- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇന്ത്യക്കെതിരെ സ്വീകരിച്ചത് ശക്തമായ നിലപാട്; പാക്കിസ്ഥാൻ ക്രിക്കറ്റ് ബോർഡ് പ്രസിഡന്റ് മൊഹ്സിൻ നഖ്‌വിയെ സ്വർണ്ണ മെഡൽ നൽകി ആദരിക്കും; നീക്കം ട്രോഫി കൈമാറ്റ വിവാദങ്ങൾക്കിടെ
ദുബായ്: ഏഷ്യാ കപ്പ് ട്രോഫി കൈമാറ്റ വിവാദം കെട്ടടങ്ങും മുൻപേ പാക്കിസ്ഥാൻ ക്രിക്കറ്റ് ബോർഡ് (പിസിബി) പ്രസിഡന്റ് മൊഹ്സിൻ നഖ്‌വിയെ പ്രത്യേക സ്വർണ്ണ മെഡൽ നൽകി ആദരിക്കാൻ നീക്കം. ഞായറാഴ്ച ദുബായിൽ നടന്ന ഫൈനലിന് ശേഷം, ഇന്ത്യൻ ടീം നഖ്‌വിയിൽ നിന്ന് ട്രോഫി സ്വീകരിക്കാൻ വിസമ്മതിച്ചതിനെ തുടർന്ന്, അദ്ദേഹം ട്രോഫി ഹോട്ടലിലേക്ക് കൊണ്ട് പോവുകയായിരുന്നു.. ഇന്ത്യക്കെതിരായ ശക്തമായ നിലപാട് സ്വീകരിച്ചതിനാണ് പാക്കിസ്ഥാൻ അദ്ദേഹത്തെ ആദരിക്കുന്നത്.
'ഷഹീദ് സുൾഫിക്കർ അലി ഭൂട്ടോ എക്സലൻസ് ഗോൾഡ് മെഡൽ' ആണ് നഖ്‌വിക്ക് സമ്മാനിക്കുക. കറാച്ചി ബാസ്കറ്റ്ബോൾ അസോസിയേഷൻ പ്രസിഡന്റ് അഡ്വക്കേറ്റ് ഗുലാം അബ്ബാസ് ജമാലാണ് പുരസ്കാരം പ്രഖ്യാപിച്ചത്. ഇത് സംബന്ധിച്ച് ഒരു വലിയ ചടങ്ങിൽ വെച്ച് മെഡൽ സമ്മാനിക്കുമെന്നും, പാക്കിസ്ഥാൻ പീപ്പിൾസ് പാർട്ടി ചെയർമാൻ ബിലാവൽ ഭൂട്ടോ സർദാരി മുഖ്യാതിഥിയായിരിക്കുമെന്നും റിപ്പോർട്ടുകളുണ്ട്.
'ഇന്ത്യൻ ടീമിന് ദുബായിലെ ഏഷ്യൻ ക്രിക്കറ്റ് കൗൺസിൽ (എസിസി) ആസ്ഥാനത്ത് നിന്ന് ട്രോഫി കൊണ്ടുപോകാവുന്നതാണ്,' നഖ്‌വി പ്രസ്താവനയിൽ പറഞ്ഞു. ട്രോഫി കൈമാറ്റ ചടങ്ങിൽ താൻ ചെയ്തതിൽ എസിസി യോഗത്തിൽ ബിസിസിഐക്ക് മുന്നിൽ ഖേദം പ്രകടിപ്പിച്ചെന്ന വാർത്തകളും അദ്ദേഹം തള്ളി. 'ഞാൻ തെറ്റൊന്നും ചെയ്തിട്ടില്ല. ബിസിസിഐയോട് ഞാൻ ഒരിക്കലും ഖേദം പ്രകടിപ്പിച്ചിട്ടില്ല, ഇനി ഒരിക്കലും ചെയ്യില്ല,' അദ്ദേഹം കൂട്ടിച്ചേർത്തു.
ഏഷ്യാ കപ്പ് ഫൈനലിൽ പാക്കിസ്ഥാനെ 5 വിക്കറ്റിന് പരാജയപ്പെടുത്തിയാണ് ഇന്ത്യ കിരീടം നേടിയത്. എന്നാൽ, ട്രോഫി വിതരണ ചടങ്ങിൽ ഗ്രൗണ്ടിൽ നിന്നും നഖ്‌വി ട്രോഫിയുമായി വേദി വിട്ടത് വലിയ ചർച്ചകൾക്ക് വഴിവെച്ചിരുന്നു.