ദുബായ്: ഏകദിനത്തില്‍ ഏറ്റവും വേഗത്തില്‍ 200 വിക്കറ്റ് തികയ്ക്കുന്ന ഇന്ത്യന്‍ ബോളറായി ചരിത്രപുസ്തകത്തില്‍ തന്റെ പേര് രേഖപ്പെടുത്തി പേസര്‍ മുഹമ്മദ് ഷമി. ദുബായില്‍ ബംഗ്ലാദേശിനെതിരായ ഇന്ത്യയുടെ ഐസിസി ചാമ്പ്യന്‍സ് ട്രോഫി മത്സരത്തിലാണ് ഷമി ഈ നേട്ടം കൈവരിച്ചത്. അജിത് അഗാര്‍ക്കറുടെ പേരിലായിരുന്ന ദീര്‍ഘകാല റെക്കോര്‍ഡാണ് ഷമി മറികടന്നത്.

103 ഏകദിന ഇന്നിംഗ്‌സുകളില്‍ നിന്നാണ് ഷമി ഈ നാഴികക്കല്ല് നേടിയത്. 133 ഇന്നിംഗ്‌സുകളില്‍ നിന്നായിരുന്നു അഗാര്‍ക്കറുടെ ഈ നേട്ടം. 102 ഇന്നിംഗ്‌സുകളില്‍ ഈ നേട്ടം കൈവരിച്ച ഓസ്‌ട്രേലിയയുടെ മിച്ചല്‍ സ്റ്റാര്‍ക്കാണ് ഏകദിനത്തില്‍ ഏറ്റവും വേഗത്തില്‍ 200 വിക്കറ്റ് നാഴികക്കല്ല് താണ്ടിയ ബോളര്‍. എന്നാല്‍ 200 വിക്കറ്റ് നേടുന്നതിന് ആവശ്യമായ ഏറ്റവും കുറച്ച് പന്തുകളുടെ കാര്യത്തില്‍ സ്റ്റാര്‍ക്കിനെ ഷമി മറികടന്നു.

വെറും 5126 പന്തിലായിരുന്നു ഷമിയുടെ 200 വിക്കറ്റ് നേട്ടം. സ്റ്റാര്‍ക്കിനാകട്ടെ അതിന് 5240 പന്തുകള്‍ വേണ്ടി വന്നു. ഈ നേട്ടത്തോടെ, ഏകദിനത്തില്‍ 200 വിക്കറ്റ് തികയ്ക്കുന്ന എട്ടാമത്തെ ഇന്ത്യക്കാരനായും ഷമി മാറി. ബംഗ്ലാദേശിനെതിരായ മത്സരത്തില്‍ 10 ഓവറും ബോള്‍ ചെയ്ത ഷമി 53 റണ്‍സ് വിട്ടുകൊടുത്ത് അഞ്ച് വിക്കറ്റ് വീഴ്ത്തി. ഈ പ്രകടനത്തോടെ ഐസിസി ഇവന്റുകളില്‍ താന്‍ പൊളിയാണെന്ന് താരം ഒരിക്കല്‍ കൂടി തെളിയിച്ചു.

ഏകദിന ഐസിസി ഇവന്റില്‍ ഷമി ഇതുവരെ 19 ഇന്നിംഗ്സുകളില്‍നിന്നും 60 വിക്കറ്റ് നേടിയിട്ടുണ്ട്. 59 വിക്കറ്റുകളുള്ള സഹീര്‍ ഖാനെയാണ് ഷമി ഇവിടെ മറികടന്നത്. പരിക്കില്‍നിന്നും മുക്തനായി അടുത്തിടെയാണ് ഷമി കളത്തിലേക്ക് മടങ്ങിയെത്തിയത്. തുടക്കത്തില്‍ താളം കണ്ടെത്താന്‍ വിഷമിച്ച ഷമി ഫോമിലേക്ക് മടങ്ങിയെത്തിയത് ടൂര്‍ണമെന്റില്‍ ബുംറയുടെ അഭാവത്തില്‍ വലിയ പ്രതീക്ഷയാണ് ഇന്ത്യയ്ക്ക് സമ്മാനിച്ചിരിക്കുന്നത്.